കാസർഗോഡ്: ഗ്രൂപ്പ് തിരിഞ്ഞ് പ്രവർത്തിക്കരുതെന്ന് നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെട്ടാലും കോൺഗ്രസ്സുകാർക്ക് അത് സാധ്യമല്ലെന്ന് കാസർഗോട്ടെ കോൺഗ്രസ്സുകാർ തെളിയിച്ചു. ഇത്തവണ ഒരു പടികൂടി കടന്ന് ഗ്രൂപ്പ് യോഗത്തിൽ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് പ്രഖ്യാപനവും നടത്തി. കാഞ്ഞങ്ങാട്ട് കഴിഞ്ഞ ദിവസം നടന്ന ഐ. ഗ്രൂപ്പ് യോഗത്തിലാണ് ഒരു ജില്ലാ നേതാവുതന്നെ അടുത്ത മുഖ്യമന്ത്രിയാരെന്ന് വ്യക്തമാക്കിയത്.

കെപിസിസി.ക്കും എ.ഐ.സി.സി.ക്കും മേലെ കാസർഗോഡ് ജില്ലയിലെ കോൺഗ്രസ്സിന്റെ ഡി.സി.സി. സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീടാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഒരു എംഎ‍ൽഎയെ പ്പോലും വിജയിപ്പിക്കാനാവാത്ത കാസർഗോട്ടെ കോൺഗ്രസ്സുകാർ ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് രഹസ്യ യോഗം ചേർന്നത്. കാഞ്ഞങ്ങാട് ബസ്സ് സ്റ്റാൻഡിന് സമീപത്തെ ഒരു സ്വകാര്യ കോളേജിലാണ് രഹസ്യമായി ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചത്. എന്നാൽ ഐ. ഗ്രൂപ്പിൽ തന്നെയുള്ള ചിലരെ യോഗത്തിൽ വിളിച്ചിരുന്നുമില്ല.

യോഗം വിളിച്ചതിന് പിന്നിലെ രഹസ്യ അജണ്ട എന്താണെന്ന് അറിയുന്നത് ഡി.സി.സി. സെക്രട്ടറി വിനോദ് കുമാറിന്റെ പ്രഖ്യാപനത്തോടെയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അടുത്ത കേരള മുഖ്യമന്ത്രിയാവുകയെന്നും അതിനാൽ അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരണമെന്നും വിനോദ് കുമാർ ഗ്രൂപ്പ് അംഗങ്ങളെ ഉത്‌ബോധിപ്പിക്കുകയായിരുന്നു. ഗ്രൂപ്പിന്റെ പ്രവർത്തനം ജില്ലയിൽ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമായിരുന്നു വിളിച്ചു ചേർക്കുന്നതെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്,.

എന്നാൽ അതിന് ഘടകവിരുദ്ധമായി രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡി.സി.സി. സെക്രട്ടറി വിനോദ് കുമാറിന്റെ പ്രസംഗം. ഇതിന് പിന്നിൽ മറ്റെന്തോ കളിയുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കളും പ്രവർത്തകരും സംശയിക്കുന്നു. ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാവുമെന്ന പ്രഖ്യാപിച്ചതിനെ അസ്വസ്തതയോടെയാണ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ കണ്ടത്. കാസർഗോഡ് പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാനും അതിനായി ഐ. വിഭാഗം യൂത്ത് കോൺഗ്രസ്സ് കാർക്ക് പരമാവധി മെമ്പർഷിപ്പ് നൽകാനുമായിരുന്നു യോഗത്തിന്റെ പ്രധാന ഉദ്ദേശം.

അടുത്ത് നടക്കാനിരിക്കുന്ന ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഐ. ഗ്രൂപ്പിന് മൂന്ന് സീറ്റുകൾ ആവശ്യപ്പെടാനുമായിരുന്നു യോഗത്തിന്റെ ഉദ്ദേശം. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ചെന്നിത്തലയെ ഹീറോയാക്കി ചിത്രീകരിക്കാനാണ് വിനോദ് കുമാർ ശ്രമിച്ചത്. കെ.പി.സി. സി. വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന കോൺഗ്രസ്സിന്റെ വടക്കൻ മേഖലാ ജാഥ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കവേയാണ് ഐ.വിഭാഗം കാഞ്ഞങ്ങാട്ട് യോഗം ചേർന്നത്.

കെപിസിസി. സെക്രട്ടറി കെ.നീലകണ്ഠൻ, മണ്ഡലം പ്രസിഡന്റ്് എം. കുഞ്ഞികൃഷ്ണൻ, മുൻ ഡി.സി.സി. ഭാരവാഹി വിനോദ് ആവിക്കര, മറ്റ് മുൻ ഭാരവാഹികൾ എന്നിവരാണ് യോഗത്തിലെ ക്ഷണിതാക്കൾ. ഐ. ഗ്രൂപ്പിലെ തന്നെ വി.ഗോപി, എച്ച് ഭാസ്‌ക്കർ, പ്രഭാകരൻ വാഴുന്നോറടി, എന്നിവരെ യോഗത്തിന് ക്ഷണിച്ചിരുന്നുമില്ല. ഈ സംഭവത്തോടെ ജില്ലയിലെ ഐ. ഗ്രൂപ്പിനകത്തും വിഭാഗീയത മറനീക്കി പുറത്ത് വരുമെന്നാണ് സൂചന.