- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് വിവാഹ ബസ് വീടിനു മുകളിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി; മരിച്ചവരിൽ രണ്ട് കുട്ടികളും; ബസ് അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ; അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തി; ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും ഫയർഫോഴ്സും പുറത്തെടുത്തത് ഏറെ പണിപ്പെട്ട്
കാഞ്ഞങ്ങാട്: കാസർകോട് പാണത്തൂരിൽ വിവാഹ ബസ് വീടിന് മുകളിൽ മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ഏഴിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കർണ്ണാടക ഈശ്വരമംഗലത്തു നിന്ന് വന്ന ബസാണ് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് മറിഞ്ഞത്. അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും.
മൃതദേഹങ്ങൾ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ മംഗലാപുരം, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദർശ് (14), ശശി എന്നിവരാണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ശശി മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 33 പേരെ ഇതുവരെ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയിലുള്ള 11 പേരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ബസ്സിൽ 50ലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ബസ് അപകടത്തിൽ പരിക്കേറ്റവർക്ക് കാസർകോട് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും മതിയായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകി. ഇതോടൊപ്പം ആംബുലൻസ് സേവനവും സജ്ജമാക്കിയിട്ടുണ്ട്.
വാഹനത്തിൽ 56 പേരുണ്ടായിരുന്നുവെന്നാണ് നിലവിൽ ലഭ്യമായ വിവരം. കർണാകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനായി വന്നവരാണ് അപകടത്തിൽ പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ അപകടം നടന്നയുടൻ തന്നെ ഓടിയെത്തുകയും പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രയിലെത്തിക്കുകയും ചെയ്തു.
ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാസർകോട് ജില്ലാ കളക്ടർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ