കാസർകോഡ്: ഇന്ന് ഉച്ചയോടെ കാസർകോഡ് മുസോടി കടപ്പുറത്ത് നിന്നും ഭീകരമായ ഒരു ദൃശ്യമാണ് ദൃശ്യമാധ്യമങ്ങൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പ്രചരിച്ചത്. മുസോടി കടപ്പുറത്തെ ഒരു രണ്ടുനില വീട് ആളുകൾ നോക്കിനിൽക്കെ കടലിലേക്ക് പതിക്കുന്നതായിരുന്നു ഈ ദൃശ്യം.

ഈ ദൃശ്യവും ഇതോടനുബന്ധിച്ച വാർത്തകളും പ്രചരിക്കുന്നതോടൊപ്പം തന്നെ അതിന് താഴെ വന്ന കമന്റുകൾ ഏറെയും ആ വീടിന്റെ ജനലുകളും വാതിലുകളുമെവിടെ എന്ന് അന്വേഷിച്ച് കൊണ്ടായിരുന്നു. മാത്രവുമല്ല പൊളിക്കാൻ വെച്ച വീട് കടലെടുത്തു എന്നും, ആൾതാമസമില്ലാത്ത വീടാണ് തകർന്നത് എന്നും കടലിന് നടുവിൽ വീടുവച്ചാൽ ഇങ്ങനെ സംഭവിക്കും എന്നുമെല്ലാമായിരുന്നു ആ വീടിനെ കുറിച്ചുള്ള വാർത്തകൾക്കും ദൃശ്യത്തിനും താഴെയായി വന്നിട്ടുള്ള കമന്റുകൾ.

എന്നാൽ കമന്റുകളെല്ലാം തന്നെ വാസ്തവം അറിയാതെ ഉള്ളതാണ് എന്നാണ്് അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. കാസർകോഡ് മുസോടി കടപ്പുറത്തെ മൂസ എന്ന വ്യക്തിയുടെ വീട് തകരുന്ന ദൃശ്യമായിരുന്നു അത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് മൂസയും കുടുംബവും ഇവിടെ നിന്നും താമസം മാറിയത്. മൂസയടക്കം ഏഴ് അംഗങ്ങളാണ് ഈ വീട്ടിൽ ഉണ്ടായിരുന്നത്. അവരെല്ലാം ഇപ്പോൾ ബന്ധുവീട്ടിലാണ്. പൊളിക്കാൻ വെച്ച വീടല്ലായിരുന്നു അത്. വർഷങ്ങളായി മൂസ കുടുംബസമേതം താമസിക്കുന്ന വീടായിരുന്നു അത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭത്തിൽ വീട് കടലെടുക്കുമെന്ന് ഉറപ്പായതോടെയാണ് മൂസയും കുടുംബവും അധികൃതരുടെ നിർദ്ദേശാനുസരണം ഇവിടെ നിന്നും താമസം മാറിയത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് വീട് കടലെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിൽ നാട്ടിലെ ചെറുപ്പക്കാരെല്ലാം കൂടിയാണ് വീട്ടിലെ അഴിച്ചെടുക്കാൻ പറ്റുന്ന എല്ലാ ഭാഗങ്ങളും അഴിച്ചെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വാതിലും ജനലുമടക്കം അഴിച്ചെടുക്കാൻ സാധിക്കുന്ന എല്ലാ ഭഗങ്ങളും ഇത്തരത്തിൽ മാറ്റിയിരുന്നു.

അതു കൊണ്ടാണ് തകർന്ന് വീഴുന്ന ദൃശ്യങ്ങളിൽ വീടിന്റെ വാതിലുകളും ജനലുകളും കാണാതിരുന്നത്. തകർന്നുവീഴുമെന്ന് ഉറപ്പുള്ള വീടുകളിൽ നിന്ന് ഇങ്ങനെ ചെയ്യാറുള്ളത് പതിവാണ്. ഇത്തരത്തിൽ അഴിച്ചെടുക്കുന്ന ഭാഗങ്ങൾ ഇനിയൊരു വീടുണ്ടാക്കുമ്പോൾ പുനരുപയോഗിക്കുകയും ചെയ്യും. കമന്റുകളിൽ പറയുന്നത് പോലെ കടലിന് നടുവിൽ കൊണ്ടുപോയി വീടുണ്ടാക്കിയവരല്ല മുസോടി കടപ്പുറത്ത് ഇന്ന് തകർന്നുവീണ വീടുകളിലുണ്ടായിരുന്നവർ.

വീഡിയോ ദൃശ്യത്തിലെ തകർന്ന് വീഴുന്ന വീട് നിർമ്മിക്കുമ്പോൾ കടലിൽ നിന്ന് 800 മീറ്റർ അകലെയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒരു കിലോമീറ്ററിലധികമാണ് കടൽ കരയിലേക്ക് കയറിയത്. ഇന്ന് തകർന്നു വീണ വീടിന് പുറകിൽ 100 മീറ്റർ ദൂരത്ത് ഒരു പള്ളിയുണ്ടായിരുന്നു. ആ പള്ളി നിലനിന്നിരുന്ന ഭാഗം ഇപ്പോൾ പൂർണ്ണമായും കടലാണ്.

മുസോടി കടപ്പുറത്ത് ഇന്ന് തകർന്ന വീടിന് സമീപത്തെ ഏത് നിമിഷവും കടലെടുത്തേക്കാവുന്ന മൂന്നോളം വീടുകളിൽ നിന്ന് ഓടുകളടക്കം പരമാവധി സംരക്ഷിക്കാൻ പറ്റുന്നവ വീട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് മാറ്റിവെക്കുന്നുണ്ട്. കമന്റുകളിൽ പറയുന്നത് പോലെ കടലിന് നടുവിൽ വീടുവെച്ചവരല്ല, കരം വീട് കടലെടുത്ത് പോയവരാണ് തങ്ങളെന്നുമാണ് മുസോടി കടപ്പുറത്തെ ജനങ്ങൾ പറയുന്നത്.

സഹായിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്തില്ലെങ്കിലും കിടപ്പാടം നഷ്ടപ്പെട്ട് കുടുംബത്തോടൊപ്പം വാടക വീട്ടിലും ബന്ധവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമെല്ലാം കഴിയുന്ന തങ്ങളെ പരിഹസിക്കരുതെന്നും മുസോടി കടപ്പുറത്തുള്ളവർ പറയുന്നു. കത്തുന്ന വീട്ടിൽ നിന്നും ഊരുന്ന കഴുക്കോൽ ലാഭമെന്ന തരത്തിൽ കട്ടിളയും ജനലും മാറ്റിയത് ലാഭക്കൊതി കൊണ്ടല്ല മറിച്ച് ഇനി മറ്റൊരു വീടുണ്ടാക്കുകയാണെങ്കിൽ പുനരുപയോഗിക്കാൻ കഴിയുന്നത് ഉപയോഗിക്കാമല്ലോ എന്ന ഗതികേട് കൊണ്ടാണെന്നും ദുരന്തത്തിനിരയായവർ പറയുന്നു.