ന്യൂഡൽഹി: വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി രാജ്യത്തിനായി തുറന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദർശത്തിനു ശേഷമാണ് കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.

50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നതാണ്. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാർച്ചിൽ ശിലയിട്ട പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.

 

ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി, ഗംഗസ്സ്നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്. വൈകീട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വർവേദ് മഹാമന്ദിർ സന്ദർശിച്ചശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്കു മടങ്ങും.

ഉദ്ഘാടനത്തിന് മുൻപ് ക്ഷേത്രത്തിലെ പൂജാ ചടങ്ങിൽ പങ്കെടുത്ത മോദി, പിന്നീട് പദ്ധതി നിർമ്മാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്കുമേൽ പുഷ്പവൃഷ്ടി നടത്തി. അവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

രാവിലെ വാരാണസിയിൽ എത്തിയ പ്രധാനമന്ത്രിയെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിർക്കിയ ഘാട്ടിൽ എത്തിയ മോദി, ഡബിൾഡക്കർ ബോട്ടിൽ ലളിത ഘാട്ടിലേക്കു പോയി. ഇതിനുശേഷം ഗംഗയിൽ പുണ്യസ്‌നാനം ചെയ്തു. പുണ്യജലവുമായാണ് മോദി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയത്. യാത്രാമധ്യേ വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.

 

Special day for us all. Inauguration of Shri Kashi Vishwanath Dham. https://t.co/Kcih2dI0FG



ഇടുങ്ങിയ വഴിയിലൂടെ ക്ഷേത്രത്തിലേക്കുള്ള യാത്ര തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് കണ്ടെത്തി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തെത്തുടർന്നാണ് ഇടനാഴി പദ്ധതിക്കു രൂപംനൽകിയത്. ഭിന്നശേഷിക്കാർക്കും സുഗമമായി ഉപയോഗിക്കാൻ കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിർദ്ദേശം. ഈ നിർദ്ദേശങ്ങളെല്ലാം സമന്വയിക്കുന്നതാണ് ഇടനാഴി. പദ്ധതിക്കായി ക്ഷേത്രത്തിനു സമീപത്തെ മുന്നൂറോളം പേരിൽനിന്ന് സ്ഥലം ഏറ്റെടുത്തിരുന്നു. ചെറുകടകളടക്കം 1,400 വ്യാപാരസ്ഥാപനങ്ങൾ മാറ്റിസ്ഥാപിച്ചു.

ആദ്യഘട്ട നിർമ്മാണത്തിന് 339 കോടി രൂപയാണ് ചെലവായത്. ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളിൽനിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.



ഒരു മന്ദിർ ചൗക്ക്(കരകൗശല വസ്തുവിൽപനകേന്ദ്രങ്ങൾ, പ്രദർശന ഹാൾ, ക്ഷേത്ര ട്രസ്റ്റ് ഓഫിസ് എന്നിവ), സിറ്റി മ്യൂസിയം, കാശിയുടെ പുരാണം പറയുന്ന വാരാണസി വെർച്വൽ ഗ്യാലറി, ഓഡിറ്റോറിയം, ഭക്തജനങ്ങൾക്കും പുരോഹിതർക്കും വിശ്രമകേന്ദ്രങ്ങൾ, മോക്ഷം തേടിയെത്തുന്ന മുതിർന്നവർക്കായി മോക്ഷഭവനം, ഭക്തർക്കു വേണ്ട പൊതുസൗകര്യങ്ങൾ ഫുഡ്‌കോർട്ട്, ആധ്യാത്മിക ഗ്രന്ഥങ്ങളുള്ള ലൈബ്രറി, ടൂറിസ്റ്റ് സെന്റർ, ഗോദൗലിയ കവാടം എന്നിവയാണ് നിർമ്മിക്കുന്നത്. ജോലികൾ 70 ശതമാനത്തോളം തീർന്നു കഴിഞ്ഞു, ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് ഗംഗ.

സദാസമയവും ചിതകളെരിയുന്ന മണികർണിക ഘാട്ടിൽ നിന്നും ജലാസൻ ഘാട്ട്, ലളിത ഘാട്ട് എന്നിവിടങ്ങളിൽ നിന്നും ഒരു നേർരേഖയിലെന്നോണം കാശി വിശ്വനാഥന്റെ ക്ഷേത്രം കാണാം. മണികർണിക, ലളിത ഘാട്ടുകളിൽ ഗംഗാ നദിയിലെ ക്രൂസ് സർവീസുകളിൽ വന്നിറങ്ങുന്നവർക്ക് ഇനി നേരേ ക്ഷേത്രത്തിലേക്കു കയറാവുന്ന വിധമാണ് ഇടനാഴി തയാറാക്കിയിരിക്കുന്നത്. 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം. നടക്കാൻ പ്രയാസമുള്ളവർക്ക് എസ്‌കലേറ്ററുകളും വീൽചെയറുകളുമുണ്ടാകും. ആധുനികതയും പൗരാണികതയും സമന്വയിക്കുന്ന ക്ഷേത്ര സമുച്ചയമാണ് കാശിധാം ഇടനാഴി നൽകുന്നത്. 5 ഹെക്ടർ സ്ഥലത്താണ് പദ്ധതി തയാറാവുന്നത്. മഹാറാണി അഹല്യാബായ് ഹോൽക്കറുടെ പ്രതിമയും ഇടനാഴിയിലുണ്ടാകും.



ഘാട്ടുകളിലേക്കുള്ള വഴികളും ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളും പൂർത്തീകരണ ഘട്ടത്തിലാണ്. ദശസ്വമേധ് ഘാട്ടിലേക്കുള്ള വഴിയിലെ കവാടത്തിൽ ആദിശങ്കരന്റെ പ്രതിമയാണുള്ളത്. കാശിയിലേക്കു വരാൻ 7 കടമ്പകൾ കടന്നെത്തണമെന്ന സങ്കൽപത്തിനനുസരിച്ച് 7 കൂറ്റൻ കവാടങ്ങളാണ് സമുച്ചയത്തിനുള്ളത്. ഓരോന്നിലും ഓരോ ദേവതകളുടെ രൂപങ്ങളുണ്ട്. ക്ഷേത്രസമുച്ചയത്തിന്റെ 70 ശതമാനം സ്ഥലവും നിർമ്മാണ പ്രവർത്തനങ്ങളില്ലാതെ തുറന്നു കിടക്കുന്ന സ്ഥലങ്ങളാണ്. 10,000 പേർക്ക് ധ്യാനത്തിനു സൗകര്യമുണ്ട്.

 

ക്ഷേത്രത്തിനു ചുറ്റുമായി 24 കെട്ടിടങ്ങളുണ്ട്. ചുമരുകളിൽ വേദശകലങ്ങളും ശ്ലോകങ്ങളും കൊത്തിവച്ചിരിക്കുന്നു. 300 ചതുരശ്ര മീറ്ററിലായിരുന്ന ക്ഷേത്രസമുച്ചയത്തെ മാത്രം 3000 ചതുരശ്രമീറ്ററിൽ വിശാലമാക്കി. സാധാരണ ദിവസങ്ങളിൽ 5000ലേറെയും വിശേഷ ദിവസങ്ങളിൽ ഒന്നുമുതൽ മൂന്നുലക്ഷത്തോളവും ഭക്തർ വാരാണസിയിലെത്തുന്നുണ്ടെന്നാണ് ജില്ലാ അധികൃതരുടെ കണക്ക്. ജോലികൾ പൂർത്തിയാകുമ്പോൾ വിശ്വനാഥ ക്ഷേത്രപരിസരത്തു മാത്രം 50,000 പേരെയും ക്ഷേത്ര കോംപ്ലക്‌സിൽ 75,000 പേരെയും ഉൾക്കൊള്ളാനാകും.

ചരിത്രത്തിലെ കാശി
കാലാതീതമാണ് കാശി നഗരമെന്നാണ് ശിവപുരാണം പറയുന്നത്. കാലാന്തരത്തിൽ പല ആക്രമണങ്ങൾക്കും വിധേയമായിരുന്നു കാശിയും വിശ്വനാഥക്ഷേത്ര പരിസരവും. ക്ഷേത്രത്തിലെ ശിവലിംഗം മുൻപ് 5 ഇടങ്ങളിൽ പ്രതിഷ്ഠിച്ച ശേഷമാണ് ഇവിടെയെത്തിയതെന്നു കരുതുന്നവരുണ്ട്. 10ാം നൂറ്റാണ്ടിൽ വൈദേശികാക്രമണങ്ങളിൽ ക്ഷേത്രത്തിനു കേടുപാടു സംഭവിച്ചു. 17ാം നൂറ്റാണ്ടിൽ ക്ഷേത്രത്തോടു ചേർന്ന് ജ്ഞാൻവ്യാപി പള്ളിക്ക് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തറക്കല്ലിട്ടു. ഇപ്പോഴത്തെ ഗോപുരങ്ങൾ മറാഠാ രാജ്ഞി അഹല്യാബായ് ഹോൽക്കർ 1780ൽ നിർമ്മിച്ചതാണ്. 1839ൽ മഹാരാജ രഞ്ജീത് സിങ് നൽകിയ സ്വർണത്താൽ ഗോപുരങ്ങൾ പൊതിഞ്ഞു. 920 കിലോ സ്വർണമാണ് ഇതിനുപയോഗിച്ചതെന്നു പറയുന്നു.

പുതിയ കാശി
ഇപ്പോൾ കാലത്തിനനുസരിച്ച് ക്ഷേത്രത്തെയും പരിസരങ്ങളെയും വീണ്ടെടുക്കുകയാണ് യുപി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്ന്. ആധുനികതയ്ക്കനുസരിച്ചു മാറ്റങ്ങൾ വരുത്തുമ്പോഴും പൗരാണികതയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെയാണ് 'കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി' പദ്ധതി നടപ്പാക്കുന്നത്.

ലോകത്തിന് അനന്തമായ പ്രകാശം പരത്തുന്നയിടമെന്നു കൂടി കാശിക്ക് അർഥമുണ്ട്. അത് അന്വർഥമാക്കുന്ന വിധത്തിലാണ് കാശിയെ മാറ്റിയെടുക്കുന്നത്. ഇടനാഴിയിൽ സ്‌കൈ ബീം ലൈറ്റ് സംവിധാനമേർപ്പെടുത്തുന്നുണ്ട്. കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് ആ പ്രകാശം കാണാം.

നടപ്പാതകളും പാതയോരങ്ങളും സമീപത്തെ കെട്ടിടങ്ങളുമെല്ലാം ഒരേ നിറമണിഞ്ഞിരിക്കുന്നു. കെട്ടിടങ്ങൾക്കെല്ലാം പിങ്ക് കലർന്ന നിറമടിക്കുന്നത് വാരാണസി നഗരസഭ തന്നെയാണ്. പല കെട്ടിടങ്ങളും പുതുക്കിപ്പണിതു. നഗരത്തിലെ പൊലിസ് കമ്മിഷണർ ഓഫിസിനു പോലും പൗരാണിക പ്രൗഢിയാണ്. ഗോദൗലിയ ചൗക്കിൽനിന്നു ക്ഷേത്രത്തിലേക്കും ഘാട്ടുകളിലേക്കും പോകുന്ന വഴികളിലെല്ലാം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഗലികൾ വീതിയേറിയ റോഡുകളായിരിക്കുന്നു. കാസ്റ്റ് അയണിൽ എൽഇഡി വിളക്കുകൾ വെളിച്ചം വിതറുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനം നടത്തിയ ഭാഗങ്ങൾ പൊതുജനങ്ങൾക്കു തുറന്നു കൊടുക്കും. രണ്ടാംഘട്ടമായി ഗംഗാതീരത്തെ കടവുകൾ വികസിപ്പിക്കുന്ന പദ്ധതിയുണ്ട്. അത് അടുത്ത മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്നാണ് കരുതുന്നത്. ഉദ്ഘാടന ശേഷം ഒരുമാസത്തോളം നീളുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നഗരം മുഴുവൻ ദീപാലങ്കാരം നടത്തിയിട്ടുണ്ട്. കാലങ്ങളെ ചേർത്തു വയ്ക്കുകയാണ് കാലാതീതമായ നഗരം.