- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അണിയറയിൽ ജലീലിന്റെ തിരക്കഥ; സ്വർണക്കടത്ത് കേസിൽ മുഖം വികൃതമായതിന് പി.കെ.ഫിറോസിനോട് പക; ഫണ്ട് വെട്ടിച്ച് തിന്നുജീവിക്കേണ്ട സാഹചര്യം ഞങ്ങൾക്കില്ല': കത്വ -ഉന്നാവ് സഹായ ഫണ്ട് വിവാദത്തിൽ വിശദീകരണവുമായി യൂത്ത് ലീഗ് നേതാക്കൾ; യുവജനയാത്രക്ക് വേണ്ടി ഫണ്ട് വകമാറ്റിയിട്ടില്ല; ആരോപണങ്ങൾ ശരിവച്ച മുഈനലി തങ്ങളും മലക്കം മറിഞ്ഞു
കോഴിക്കോട്: കത്വ ഉന്നാവ് കേസുകളിലെ നിയമസഹായത്തിന് വേണ്ടി നടത്തിയ പണപ്പിരിവ് സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി യൂത്ത് ലീഗ് നേതാക്കൾ. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ, ഫൈസൽബാബു, കഴിഞ്ഞ ദിവസങ്ങളിൽ ആരോപണങ്ങൾ ശരിയാണെന്ന തരത്തിൽ പ്രതികരിച്ച പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങൾ തുടങ്ങിയവരാണ് വിവാദങ്ങളിൽ വിശദീകരണവുമായി കോഴിക്കോട് വാർത്ത സമ്മേളനം നടത്തിയത്. ഫണ്ട് സംബന്ധിച്ച് യൂത്ത്ലീഗ് ദേശീയ സമിതി മുൻ അംഗമായ യൂസഫ് പടനിലം ഉയർത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് സികെ സുബൈർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. പികെ ഫിറോസ് നേതൃത്വം നൽകിയ യുവജന യാത്രക്ക് വേണ്ടി ഫണ്ട് വകമാറ്റിയിട്ടില്ലെന്നും ആരോപണത്തിന് പിന്നിൽ ആസൂത്രിതനീക്കമുണ്ടെന്നും സികെ സുബൈർ പറഞ്ഞു.
സുതാര്യമായ ഫണ്ട് കൈമാറ്റത്തെ തെറ്റായി വ്യാഖ്യാനിച്ചതാണ്. 39,33,697 രൂപ മാത്രമാണ് കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിൽ ഇതുമായി ബന്ധപ്പെട്ട് വന്നത്. ഇതിൽ 24,60,000 രൂപ ചെലവായിട്ടുണ്ട്. ബാക്കി 14,73,697 രൂപ അക്കൗണ്ടിൽ തന്നെയുണ്ട്. ആരോപണങ്ങൾക്ക് പിന്നിൽ കെടി ജലീലിന്റെ തിരക്കഥയാണ്. സ്വർണ്ണക്കടത്ത് കേസിലും മറ്റും പെട്ട് തന്റെ മുഖം വികൃതമായതിലെ പകയാണ് കെടി ജലീലിന് പികെ.ഫിറോസിനോടുള്ളത്.സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നാണ് മന്ത്രി കെ.ടി ജലീൽ പറയുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണം തെറ്റെന്ന് തെളിഞ്ഞാൽ കെ.ടി ജലീൽ മാപ്പ് പറയുമോയെന്നും സി.കെ സുബൈർ ചോദിച്ചു.
കത്വവയിലെ കുടുംബത്തിന് തുക കൈമാറിയിട്ടുണ്ട്. ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ലെന്നേയുള്ളൂ. കേസിൽ വിധ വന്നെങ്കിലും തുടർ നടപടികൾ ഇപ്പോഴും നടക്കുന്നുണ്ട്. തുടർനടപടികൾക്ക് വേണ്ടി ഇപ്പോഴും പണം വിനിയോഗിക്കുന്നുണ്ട്.യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെതിരായ ആരോപണത്തിന് മറ്റുചില താത്പര്യങ്ങളാണ്. ഫണ്ട് സംബന്ധിച്ച ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഒരു കോടി രൂപ പിരിച്ചു എന്നാണ് ആരോപണം ഉന്നയിച്ച വ്യക്തി പറഞ്ഞിരിക്കുന്നത്. അത് തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കും. ഇതൊന്നും തിന്ന് ജീവിക്കേണ്ട സാഹചര്യം തങ്ങൾക്കില്ല. കത്വയിൽ മാത്രമല്ല, ആൾക്കൂട്ടക്കൊലയുടെ ഇരകളായ ജുനൈദ്, തബ്രിസ് അൻസാരി, ഖാസിം തുടങ്ങിയവരുടെ വിഷയങ്ങളിലും യൂത്ത് ലീഗ് ഇടപെട്ടിട്ടുണ്ടെന്നും സികെ സുബൈർ പറഞ്ഞു.
കഴിഞ്ഞ ദിവസം യൂസഫ് പടനിലം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന തരത്തിൽ പ്രതികരിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് തങ്ങളും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കമ്മിറ്റി കണക്കുകൾ വ്യക്തമാക്കിയെന്നും അതിൽ തൻ സംതൃപ്തനാണെന്നും മുഈനലി തങ്ങൾ പറഞ്ഞു. കണക്കുകൾ ബോംബെ കമ്മിറ്റിക്ക് മുമ്പിൽ നേരത്തെ അവതരിപ്പിച്ചതാണ്. ആ കമ്മിറ്റിയിൽ ഞാൻ പങ്കെടുത്തിട്ടില്ല, അതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും മുഈനലി തങ്ങൾ പറഞ്ഞു.