കൊച്ചി: എറണാകുളം സൗത്തിലെ റീഗേറ്റ് ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ചതിന് കാരണം ചികിൽസ കിട്ടാൻ വൈകിയത് തന്നെ എന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും. സുഹൃത്തുമൊത്ത് ഹോട്ടൽ മുറിയിലെത്തിയ പെൺകുട്ടി മരിച്ച സംഭവത്തിൽ അമിത രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സ്വകാര്യ ഭാഗത്തുണ്ടായ മുറിവിലൂടെ ശരീരത്തിലെ മൂന്നിലൊന്ന് രക്തവും നഷ്ടമായി. ഇതോടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന ഹൈപ്പോവോലെമിക് ഷോക്ക് എന്ന അവസ്ഥയിൽ പെൺകുട്ടിയെത്തി. ഇതാണ് മരണകാരണമായത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിശദമായ രാസപരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. അതിന് ശേഷമേ മുറിവ് ഉണ്ടാകാനുള്ള കാരണത്തിൽ വ്യക്തത വരൂ.

ഇക്കഴിഞ്ഞ 12നാണ് ആലപ്പുഴ ഏഴുപുന്ന സ്വദേശിനിയായ പെൺകുട്ടിയെ അമിത രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നും ആശുപത്രിയിലെത്തിച്ചത്. വൈകാതെ മരിക്കുകയും ചെയ്തു. സംഭവത്തിൽ വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുൽ എന്ന 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ഗോകുലിന്റെ നിർബന്ധപ്രകാരമാണ് ഇന്റർവ്യു എന്ന് കള്ളം പറഞ്ഞ് പെൺകുട്ടി കൊച്ചിയിലെത്തിയതും ഇരുവരും ചേർന്ന് ഹോട്ടലിൽ മുറിയെടുത്തതും. ഇവിടെ വച്ച് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി. രഹസ്യമായി റൂമെടുത്തതിനാലാണ് ആശുപത്രിയിൽ പോകാൻ ആദ്യം ഭയന്നതെന്ന് ഗോകുൽ മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചു.

സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പെൺകുട്ടികളെ പരിചയപ്പെട്ട് അവരെ ചതിയിൽ വീഴ്‌ത്തുന്ന സ്ഥിരം പ്രതിയാണ് ഗോകുൽ. എഴുപുന്ന സ്വദേശിയായ പെൺകുട്ടിയെ ഒരുമാസം മുമ്പാണ് പരിചയപ്പെടുന്നതും കെണിയിൽ വീഴ്‌ത്തിയത്. നേരത്തെ പോക്‌സോ കേസിൽ പ്രതിയായ ഗോകുൽ, ആ കേസിലെ ഇരയായ പെൺകുട്ടിയെ തന്നെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മദ്യപാനവും ഉപദ്രവവും സഹിക്കാനാകാതെ ആ പെൺകുട്ടി ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് ശേഷം പലരേയും ഇയാൾ ചതിച്ചു വീഴ്‌ത്തി. എറണാകുളത്തെ ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയിൽ നിന്ന് വലിയ അളവിൽ രക്തം വാർന്നു പോയിരുന്നു. കൃത്യസമയത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് കാവുങ്കൽ ഗോകുലിനെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചാർത്തിയത്.

കൊലപാതകക്കേസിൽ അറസ്റ്റിലായ ഗോകുൽ നേരത്തെ പോക്സോ കേസിലും പ്രതിയായിരുന്നു. ഞാറയ്ക്കൽ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്. പ്രായപൂർത്തി ആകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇയാൾ പിന്നീട് ആ പെൺകുട്ടിയെ വിവാഹം കഴിച്ചു. എന്നാൽ നാലു മാസം മാത്രം ആ ബന്ധം തുടർന്ന പ്രതി പെൺകുട്ടിയുമായി വഴക്കുണ്ടാക്കി പിരിഞ്ഞു. അതുകൊണ്ട് തന്നെ സ്ഥിരം കുറ്റവാളി പട്ടികയിലാണ് കാവുങ്കൽ ഗോകുലിനെ പൊലീസ് കാണുന്നത്. മരിച്ച യുവതിയുമായി ഗോകുലിന് ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയമാത്രമായിരുന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറിയാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. അടുപ്പം പ്രണയമായി മാറിയതോടെ കൊച്ചിയിൽ വരാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് യുവതി ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരിൽ കൊച്ചിയിലെത്തി യുവാവിനൊപ്പം മുറിയെടുത്തത്.

ഗോകുലിനെതിരെ ഐപിസി 304 പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്നാണ് പ്രതിയുടെ മൊഴി. പെൺകുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയിട്ടില്ല. ഹോട്ടലിൽ വച്ചായിരുന്നു രക്തസ്രാവം ഉണ്ടായത്. അതിന് ശേഷം ആശുപത്രിയിൽ എത്തിക്കാൻ ഒരു മണിക്കൂറിലേറെ വൈകിയിട്ടുണ്ട്. രണ്ടു വീടുകളിലും അറിയാതെ വന്നതിനാലായിരിക്കാം ആശുപത്രിയിൽ പോകുന്ന കാര്യത്തിൽ മടിച്ചത്. ഇക്കാര്യത്തിൽ മനപ്പൂർവമുണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിൽ കലാശിച്ചത്. പ്രതിയെ വെള്ളിയാഴ്ച റിമാൻഡ് ചെയ്തതു. നിലവിൽ പ്രത്യേകിച്ച് ജോലിയൊന്നും പ്രതിക്കില്ലെന്ന് പൊലീസ് പറയുന്നു.

എഴുപുന്ന സ്വദേശിനിയായ 19 കാരിയാണ് മരിച്ചത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ ഏതാനും പേർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ മരണ ദിവസം രാവിലെ 11 മണിയോടെ ഇരുവരും മുറിയെടുത്തു. ലോഡ്ജ് മുറിയിൽ വെച്ച് പെൺകുട്ടി ബോധരഹിതയായി. തുടർന്ന് യുവാവ് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതോടെ യുവാവ് മുങ്ങി. ലോഡ്ജിൽ കൊടുത്ത തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ പിന്നീട് യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.

അതിനിടെ മകകളുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 12-ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ബാങ്കിൽ ജോലിക്കുള്ള അഭിമുഖത്തിന് പോകുകയാണെന്നു പറഞ്ഞാണ് മകൾ വീട്ടിൽ നിന്നിറങ്ങിയത്. ഈ സാഹചര്യത്തിൽ അന്വേഷണം വേണം. ഫേസ്‌ബുക്കിലൂടെ ഇരുവരും തമ്മിലുണ്ടായ സൗഹൃദമാണ് എറണാകുളത്ത് കണ്ടുമുട്ടാനുള്ള സാഹചര്യം ഒരുക്കിയത്. കെട്ടിടനിർമ്മാണ തൊഴിലാളിയാണ് മരിച്ച പെൺകുട്ടിയുടെ അച്ഛൻ.