- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാൻ 'അസൗകര്യമുണ്ട്'; ക്രൈംബ്രാഞ്ച് നോട്ടീസിന് മറുപടി നൽകി കാവ്യ മാധവൻ; ബുധനാഴ്ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യലിന് സമ്മതം അറിയിച്ചു; വിശദമായ ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘവും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ച് നടി ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നൽകി. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു.
ചോദ്യംചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാൻ കാവ്യക്ക് ക്രൈം ബ്രാഞ്ച് അവസരം നൽകിയിരുന്നു. സാക്ഷിയായ സ്ത്രീക്ക് നൽകിയ ആനുകൂല്യമാണിതെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ചെന്നൈയിലുള്ള കാവ്യാ മാധവൻ കഴിഞ്ഞദിവസമാണ് തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്ു. എന്നാൽ, ഇപ്പോഴും അവർ തിരികെ വന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മടങ്ങി വന്നാൽ ഉടൻ ചോദ്യംചെയ്യുക എന്നതു കൊണ്ടാണ് തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനായിരുന്നു കാവ്യക്ക് നോട്ടീസിലൂടെ നൽകിയ നിർദ്ദേശം.
നാളെ കാവ്യയെയും സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് പദ്ധതിയിട്ടിരുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂഢാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്.
ദിലിപിന്റെ ബന്ധു സുരജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകളാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരജ് പറയുന്നത്. ഇതോടെ, നടിയെ ആക്രമിച്ച കേസിൽ കാവ്യക്ക് ശബ്ദരേഖ കുരുക്കാകുമോയെന്ന ചോദ്യം ശക്തമാണ്. നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്്ച നടക്കുന്ന ചോദ്യം ചെയ്യൽ നിർണായകമാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
സുരജിന്റെ ശബ്ദരേഖയ്ക്ക് കാവ്യ നൽകുന്ന മറുപടി കേസിൽ അതീവ നിർണായകമാണ്. 2017ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിൽ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാവ്യയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാണ്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പ്രതികൾ എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോൾ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പൾസർ സുനിയായിരുന്നെന്നാണ് സൂചന. ഈ കാര്യങ്ങളിൽ കാവ്യ ചോദ്യം ചെയ്യലിൽ മറുപടി നൽകേണ്ടി വരും.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയിൽ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാർ നൽകിയ മൊഴിയിലുണ്ട്. വിഐപി ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോൾ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണ സംഘം കാവ്യയിൽ നിന്നും വ്യക്തത തേടും.
കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നൽകിയത്. പൾസർ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിന് വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ