- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരമൊഴിയും മുമ്പ് വീണ്ടും കടുംവെട്ടുമായി പിണറായി! കവടിയാറിലെ ടെന്നീസ് ക്ലബിന്റെ 11 കോടി പാട്ടക്കുടിശ്ശിക ഒരു കോടിയാക്കി കുറച്ചു; ചീഫ് സെക്രട്ടറിയുടെ നിർദേശത്തിൽ ഖജനാവിന് നഷ്ടം പത്ത് കോടി; യുഡിഎഫിന്റെ കടുംവെട്ട് പ്രചരിപ്പിച്ച് അധികാരത്തിലെത്തിയ പിണറായി അവസാന കാലത്ത് 'കൊടുംവെട്ട്' തുടരുന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ഹാങ്ഓവറിലാണ് ഇടതു സർക്കാർ. സ്വർണ്ണക്കടത്തു വിഷയത്തിൽ കടുത്ത പ്രതിസന്ധിയിലായ വേളയിൽ പോലും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചത് വലിയ നേട്ടമായി കാണുന്ന സർക്കാർ ഈ വിജയത്തിന്റെ മറവിൽ കാട്ടിക്കൂട്ടുന്നത് വലിയ അഴിമതിയാണ്. സംസ്ഥാന ഖജനാവിലേക്ക് കിട്ടേണ്ട കോടികൾ പോലും എഴുതി തള്ളുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പാട്ടക്കുടിശ്ശിക വരുത്തിയതിന് റവന്യൂ വകുപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ച തിരുവനന്തപുരം ടെന്നിസ് ക്ലബ്ബിനായി സർക്കാർ കടുത്ത തീരുമാനമാണ് കൈകൊണ്ടിരിക്കുന്നത്.
11 കോടി ഉണ്ടായിരുന്ന പാട്ടക്കുടിശ്ശിക ഒരു കോടിയാക്കി കുറയ്ക്കാനാണ് ഭരണതലത്തിൽ ഇടപെടൽ നടക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറി തന്നെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അന്തിമ തീരുമാനം നാളത്തെ മന്ത്രിസഭാ യോഗം കൈക്കൊള്ളും. ക്ലബിന്റെ പാട്ടക്കുടിശ്ശിക കുറച്ച യുഡിഎഫ് സർക്കാർ തീരുമാനം റദ്ദാക്കാൻ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിയോഗിച്ച എകെ ബാലൻ സമിതി ശുപാർശ ചെയ്തിരുന്നു. ഇത്തരം കടുംവെട്ടുകളൊന്നും അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ, ഈ നിലപാടിനെ സ്വയം വിഴുങ്ങുകയാണ് സർക്കാർ.
യുഡിഎഫ് സർക്കാറിന്റെ കടുംവെട്ട് തീരുമാനങ്ങൾ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ സ്ഥാനമൊഴിയാനിരിക്കെ കടുവെട്ടിനെയും കടത്തി മുന്നോട്ട്. തിരുവനന്തപുരം കവടിയാറിലെ ടെന്നീസ് ക്ലബിന് 4.27 ഏക്കർ ഭൂമി വർഷങ്ങൾക്ക് മുമ്പാണ് കുത്തകപ്പാട്ട വ്യവസ്ഥക്കു നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാനനാളുകളിൽ ക്ലബിന്റെ പാട്ട കുടിശ്ശിക ആറ് കോടി. അന്നെടുത്ത കടുംവെട്ട് തീരുമാനങ്ങളുടെ ഭാഗമായി കുടിശ്ശിക പകുതിയാക്കി നിശ്ചയിച്ചു. ഒപ്പം 30 വർഷത്തേക്ക് പാട്ടക്കാലാവധിയും നീട്ടി.
കടുംവെട്ട് തീരുമാനങ്ങൾ പരിശോധിക്കാൻ പിണറായി സർക്കാർ വന്നപ്പോൾ രൂപീകരിച്ച എകെ ബാലൻ സമിതി കുടിശ്ശിക കുറച്ച തീരുമാനം റദ്ദാക്കി. ക്ലബ് പ്രതിനിധികളുമായി ഹിയറിങ് നടത്താൻ റവന്യുസെക്രട്ടറിയെ ചുമതലപ്പെടുത്തി. ഹിയറിങ് നടന്നെങ്കിലും തീരുമാനമാനമായില്ല. പക്ഷെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ റവന്യുമന്ത്രി നിർദ്ദേശിച്ചു.
ആദ്യവെട്ട് മുൻചീഫ് സെക്രട്ടറി ടോം ജോസ് വക. 27-4-2020നായിരുന്നു കൈക്കൊണ്ടത്. പൊതുതാല്പര്യമുള്ള കായികപരിശീലനം നൽകുന്ന സ്ഥാപനമായതിനാൽ ഇളവ് വേണമെന്ന് ഫയലിൽ എഴുതി. എന്നാൽ ടെന്നീസ് ക്ലബിൽ സൗജന്യം പരിശീലനം ഇല്ലെന്ന് കാണിച്ച് ഭൂമി ഏറ്റെടുക്കാൻ റവന്യുസെക്രട്ടറി വീണ്ടും ആവശ്യപ്പെട്ടു. ടോം ജോസ് മാറി വിശ്വാസ് മേത്ത വന്നപ്പോഴും നിലപാട് ക്ലബിന് അനുകൂലമായിരുന്നു. ഒറ്റയടിക്ക് 11 കോടിയുടെ കുടിശ്ശിക ഒരു കോടിയാക്കി കുറച്ചു. തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ഫയലിൽ എഴുതി. റവന്യു സെക്രട്ടറി ഉറച്ചുനിന്നപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് ഫയൽ കായികവകുപ്പിന് കൈമാറി.
പൊതുജനങ്ങൾക്കെല്ലാം ഈ ക്ലബ്ബിൽ ഇഷ്ടം പോലെ സൗജന്യനിരക്കിൽ ടെന്നീസ് കളിക്കാമെന്ന് കരുതിയാൽ തെറ്റി. വൻതുക അംഗത്വഫീസ് നൽകാത്തവർക്ക് സ്ഥാനം ഗേറ്റിന് വെളിയിൽ. അങ്ങിനെയുള്ള ക്ലബിനാണ് പൊതുജനതാല്പര്യം പറഞ്ഞുള്ള കൈ സഹായം. അതും മുൻ സർക്കാറിന്റെ തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാറിന്റെ വാരിക്കോരിയുള്ള ഇളവ്.
കഴിഞ്ഞ ദിവസം സർക്കാർ റിലയൻസിന്റെ പാട്ടുക്കുടിശ്ശിക എഴുതി തള്ളിയ വാർത്തയും പുറത്തുവരികയുണ്ടായി. അനിൽ അംബാനിയുടെ റിലയൻസിന്റെ ഉപകമ്പനിക്ക് വേണ്ടി കോടികളുടെ ഇളവു ചെയ്തു കൊടുത്തു എന്ന വാർത്തയായിരുന്നു പുറത്തുവന്നത്. വ്യവസായ വകുപ്പിന് കീഴിലെ കമ്പനിയാണ് പാട്ടത്തിന് കൊടുത്ത ഭൂമിയുടെ പേരിൽ സർക്കാറിന് ലഭിക്കേണ്ടി 6.32 കോടിയുടെ എഴുതി തള്ളിയത്. വ്യവസായ വകുപ്പിനു കീഴിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിന്റെ (ടിസിസിഎൽ) ഭൂമി സ്വകാര്യ കമ്പനിക്കു പാട്ടത്തിനു നൽകിയ വകയിൽ സർക്കാരിനു ലഭിക്കേണ്ടിയിരുന്ന തുകയാണ് ഇത്. ഡിസംബറിൽ നടന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനിയായ ബിഎസ്ഇഎസ് കേരള പവർ ലിമിറ്റഡിനാണ് (ബികെപിഎൽ), ടിസിസിഎൽ 20 ഏക്കർ ഭൂമി പാട്ടത്തിനു നൽകിയത്. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ, 2017 നവംബർ 13 ന് ചേർന്ന യോഗത്തിലായിരുന്നു റിലയൻസിന് അനുകൂലമായ തീരുമാനം. അതായത് സർക്കാർ തലത്തിൽ അറിഞ്ഞു കൊണ്ടെടുത്തു തീരുമാനമാണ് ഇതെന്ന് വ്യക്തം.
മറുനാടന് മലയാളി ബ്യൂറോ