- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളം സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തത്; നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചർച്ചാവിഷയം; ഇതിൽ രാഷ്ട്രയമില്ല; ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമെന്ന കോടിയേരിയുടെ ആരോപണം തള്ളി മന്ത്രി ജി സുധാകരൻ; രാഷ്ട്രീയ കൊലപാതകം അല്ലെന്നും മുൻവൈരാഗ്യമെന്നും വ്യക്തമാക്കി പൊലീസും
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവർത്തകനമായി സിയാദിനെ കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകം ആക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു. സിദായിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് കായംകുളം സിഐ പ്രതികരിച്ചു. മുൻവൈരാഗ്യം മൂലമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കൊലപാതക വിവരം മറച്ചു വെച്ചതിനാലാണ് കോൺഗ്രസ് കൗൺസിലറെ അറസ്റ്റു ചെയ്തതെന്നും സിഐ വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിന് സിയാദിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കാലാശിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. ഇതോടെ വിഷയത്തിന് രാഷ്ട്രീയ മാനം നൽകാനുള്ള നീക്കവും പൊളിഞ്ഞു.
നേരത്തെ കായംകുളം സിയാദ് വധക്കേസുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ഈ ആരോപണം തള്ളി മന്ത്രി ജി സുധാകരനും രംഗത്തുവരികയുണ്ടായി. സംഭവം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷമല്ലെന്ന് മന്ത്രി പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകം ആണെന്ന് കോടിയേരി ആരോപിച്ചിരുന്നു. എന്നാൽ, കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തതെന്ന് മന്ത്രി പറഞ്ഞു. നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചർച്ചാവിഷയം. ഇത് രാഷ്ട്രീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യപ്രതി മുജീബിനെ സ്കൂട്ടറിൽ രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ് കൗൺസിലറിന് ജാമ്യം കിട്ടിയ സാഹചര്യം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പൊലീസിന് അക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് സമാധാനം പറയണമെന്നും സർക്കാർ പരിശോധിക്കണം. കേസിലെ മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാൻ സഹായിച്ചതിനും കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിനുമാണ് നിസാമിനെ അറസ്റ്റ് ചെയ്തത്. സിയാദ് വധക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഐപിസി സെക്ഷൻ 202 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നിസാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കൃത്യം നടത്തിയ ശേഷം നിസാം കേസിലെ മുഖ്യപ്രതി വെറ്റ മുജീബിനെ വീട്ടിലെത്താൻ സഹായിച്ചുവെന്നും , കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ കാവിൽ നിസാമിന് കായംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു നിസാമിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സിയാദിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കോടിയേരിക്ക് മറുപടിയുമായി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു രംഗത്ത് എത്തി. നിലവിൽ കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള വെറ്റ മുജീബും, വിട്ടോബ ഫൈസലുമാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇനിയും രണ്ടുപേരെ കൂടി പിടികൂടാൻ ഉണ്ട്.
സിയാദിനെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവിന് കോൺഗ്രസ് സഹായം നൽകുന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷനും ആവശ്യപ്പെട്ടിരുന്നു. മുഖ്യപ്രതിയെ സംഭവസ്ഥലത്ത് നിന്നും രക്ഷപെടുത്തി കൊണ്ടു പോയതും ഒളിവിൽ താമസിപ്പിക്കുന്നതിന് സഹായിച്ചതും നഗരസഭാ കൗൺസിലറും കോൺഗ്രസ് ഐ നേതാവുമായ കാവിൽ നിസാമാണ്. രക്തം പുരണ്ട ഷർട്ട് കഴുകി വൃത്തിയാക്കാൻ ശ്രമിച്ചത് വഴി തെളിവ് നശിപ്പിക്കാനാണ് നിസാം ശ്രമിച്ചതെന്നുമായിരുന്നു സിപിഎം ആരോപണം.
കായംകുളത്തെ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ സഹായിയായി പ്രവർത്തിക്കുന്നതും ഈ നേതാവാണ്. കാവിൽ നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതോടു കൂടി കോൺഗ്രസിന് പങ്കില്ലെന്ന കള്ള പ്രചാരം പൊളിഞ്ഞിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് അടക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഫോൺ കോളുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിയാൽ കൊലപാതകത്തിലും, വധശ്രമത്തിലും കോൺഗ്രസിനുള്ള ഗൂഢാലോചന വ്യക്തമാകും. ആക്രമ രാഷ്ട്രീയത്തിനെതിരെ വീമ്പ് പറയുകയും , കഞ്ചാവ് ഗുണ്ടാ മാഫിയാ സംഘത്തെ സഹായിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ യഥാർത്ഥ മുഖം ജനങ്ങൾ മനസിലാക്കി കഴിഞ്ഞിരിക്കുകയാണ്.
തെളിവ് നശിപ്പിക്കുകയും മുഖ്യ പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത കോൺഗ്രസ് നേതാവിനെ കൊലക്കേസിലും വധശ്രമക്കേസിലും പ്രതിയാക്കണം. കേസിലെ മുഖ്യപ്രതിയും കോൺഗ്രസ് സഹയാത്രികനുമായ ഗുണ്ടാ നേതാവിന്റെ കേന്ദ്രം ഹരിപ്പാടാണ് എന്നത് ശ്രദ്ധേയമാണെന്നും സിപിഎം ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ