- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ചോദ്യം ചെയ്യും; ആത്മഹത്യാ കുറിപ്പുള്ളത് പത്തോളം ഉദ്യോഗസ്ഥരുടെ പേരുകൾ; ഫോൺ രേഖകൾ എല്ലാം പരിശോധിക്കും; ആനിയുടെ ജീവനെടുത്തവരെ പിടിക്കാനുറച്ച് അഞ്ചു തെങ്ങ് പൊലീസ്; കായിക്കരക്കാരുടെ കണ്ണീരിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ ഓഫീസിലെ ഉന്നതർ സംശയ നിഴലിലാകുമ്പോൾ
തിരുവനന്തപുരം: സഹ പ്രവർത്തകരുടെ കളിയാക്കലുകളും മാനസികമായ പീഡനങ്ങളെയും തുടർന്ന് ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓഫീസ് ജീവനക്കാരുടെ മൊബൈൽ നമ്പറുകൾ ശേഖരിക്കുകയും നാളെ ഇവരുടെ മൊഴിയെടുക്കുകയും ചെയ്യും.
അഞ്ചുതെങ്ങ് പൊലീസ് കഴിഞ്ഞദിവസം തിരുവനന്തപുരത്തെ ഓഫീസിലെത്തി കമ്മീഷ്ണറെ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെല്ലാം ഭീതിയിലാണ്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും നാളെ പൊലീസ് പരിശോധിക്കുമെന്നാണ് വിവരം. മൊഴിയെടുക്കുമ്പോൾ ദൃശ്യങ്ങൾ പകർത്തി എന്ന് നിഷേധിച്ചാൽ പൊലീസ് ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇതോടെ ജീവനക്കാരെല്ലാം തന്നെ ആശങ്കയിലാണ്.
ആനിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സി.എ(കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്) ഉദ്യോഗസ്ഥയെ പൊലീസ് പ്രത്യേകം ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ അനുമതി തേടും. ആത്മഹത്യാ കുറിപ്പിൽ ഇവരുടെ പേര് പ്രത്യേകം പരാമർശിച്ചിരിക്കുന്നതിനാലാണ് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. പത്തോളം മറ്റ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ കുറിപ്പിലുണ്ടെങ്കിലും പൊലീസ് വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
നാട്ടുകാരും ബന്ധുക്കളും ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ പഴുതടച്ചുള്ള അന്വേഷമം ആവശ്യപ്പെട്ടിരിക്കുന്നതിനാൽ പൊലീസ് കരുതലിൽ തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. ആനി ഓഫീസിൽ അനുഭവിച്ച പീഡനങ്ങൾ നഴ്സിങ് വിദ്യാർത്ഥിയായ മകൾ പാർവ്വതിക്ക് അറിയാം. ആനി എല്ലാ കാര്യങ്ങളും മകളുമായി പങ്കുവച്ചിട്ടുണ്ട്. അമ്മയുടെമരണത്തിൽ മാനസികമായി തകർന്നിരിക്കുന്നതിനാൽ പൊലീസ് ഇതുവരെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. പാർവ്വതി പറയുന്ന വിവരങ്ങൾ കൂടി കണക്കിലെടുത്താകും ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുക.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ആനിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് കാരണം ഓഫീസിലെ സി.എ (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്) ഉദ്യോഗസ്ഥയെന്ന് ആത്മഹത്യാ കുറിപ്പിൽ നിന്നും പൊലീസ് കണ്ടെത്തി. ഏറെ നാളായി ഇവർ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നും ആനി ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് ആദ്യം ബന്ധുക്കലെ കാണിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എന്നാൽ മകൾ പാർവ്വതിയുടെ നിർബന്ധത്തിനൊടുവിൽ പൊലീസ് കുറിപ്പിന്റെ ഫോട്ടോ പകർത്താൻ സമ്മതിക്കുകയായിരുന്നു. എന്നാൽ പിന്നീട് പൊലീസ് ഇതും ഡിലീറ്റ് ചെയ്യിപ്പിച്ചു.
ആത്മഹത്യാകുറിപ്പിൽ സൂചിപ്പിക്കുന്ന സി.എ ഉദ്യോഗസ്ഥ മുൻപ് ഡിസാസ്റ്റർ മാനേജ്മെന്റിലായിരുന്നു. ഇവിടെയും ഇവർക്കൊപ്പമാമായിരുന്നു ആനി ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നത്. അന്ന് ഇവരുടെ കമ്മലിന്റെ ആണി കാണാതായപ്പോൾ ആനിയോട് അത് കണ്ടെത്തി കൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആനി അതിന് തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവരും വാക്കു തർക്കമുണ്ടാവുകയും ആനിയുടെ കവിളിൽ സി.എ ഉദ്യോഗസ്ഥ അടിച്ചിരുന്നു. ഇടയ്ക്ക് വന്ന് ശരീരത്തിൽ നുള്ളി വേദനിപ്പിച്ച് ഫയൽ എടുത്തു കൊണ്ട് വരാൻ പറയുന്നത് പതിവായിരുന്നു. ഒരു ദിവസം നുള്ളിയപ്പോൾ നന്നായി വേദനിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥയോട് ദേഷ്യപ്പെട്ടിരുന്നു. പിന്നീട് അങ്ങോട്ട് വലിയ രീതിയിൽ മാനസിക പീഡനമായിരുന്നു.
അടുത്തിടെ ആനി ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസിലേക്ക് മാറ്റം കിട്ടി. കമ്മീഷ്ണറുടെ സി.എ ട്രാൻസ്ഫറായി പോയപ്പോൾ പകരം എത്തിയതും ഡിസാസ്റ്റർ മാനേജ്മെന്റിലെ സി.എ ഉദ്യോഗസ്ഥയായിരുന്നു. വീണ്ടും അവർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. ഫയൽ മനഃപൂർവ്വം കമ്മീഷ്ണറുടെ മുന്നിലെത്തിക്കാതെ ഇരിക്കുകയും കമ്മീഷ്ണർ ചോദിക്കുമ്പോൾ ആനിയുടെ കുഴപ്പം മൂലമാണെന്ന് സി.എ പറഞ്ഞ് വഴക്ക് കേൾപ്പിക്കുമായിരുന്നു. ഏതാനം ദിവസങ്ങൾക്ക് മുൻപ് കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് അൽപ്പനേരം ഓഫീസിൽ ഇരുന്ന് ഉറങ്ങിയിരുന്നു.
ഇത് സഹപ്രവർത്തകർ മൊബൈൽ ഫോണിൽ പകർത്തുകയും കളിയാക്കുകയും ചെയ്തു. ഓഫീസ് സമയത്ത് ഉറങ്ങിയതിന് സി.എ ആനിയെ വിളിച്ച് പരസ്യമായിശാസിച്ചിരുന്നു. കൂടാതെ ഇക്കാര്യം കമ്മീഷ്ണറുടെ മുന്നിലെത്തിച്ച് ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മാനസികമായി ആനി ഏറെ തളർന്നു. ഇക്കാര്യങ്ങളെല്ലാം ആനി എഴുതിയ ആത്മഹത്യാ കുറിപ്പിലേതാണ്.