- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം മൂന്ന് പതിറ്റാണ്ടുകളോളം അടക്കിവാണ ഏകാധിപതിക്ക് അടിതെറ്റി; ഏകാധിപതി റഷ്യയിലേക്ക് ഒളിച്ചോടിയപ്പോൾ കലാപം അടിച്ചൊതുക്കാൻ റഷ്യൻ സേന കസാഖ്സ്ഥാനിലേക്ക്; സുഹൃദ്രാജ്യത്തിലെ കലാപം പുട്ടിനേയും ആശങ്കയിലാഴ്ത്തുന്നു; കസാഖ്സ്ഥാനിലെ കലാപത്തിന്റെ വിശദാംശങ്ങൾ അറിയാം
ഏകാധിപത്യം എന്നത് പുലിയുടെ പുറത്ത് കയറി യാത്രചെയ്യുന്നത് പോലെയാണെന്ന് പറായാറുണ്ട്. അധികാരത്തിലിരിക്കുന്നിടത്തോളം എല്ലാവരെയും ഭയപ്പെടുത്തി ഒതുക്കിനിർത്താനാകും. എന്നാൽ, അധികാരമൊഴിഞ്ഞാൽ, പുലിയുടെ പുറത്തുനിന്നും ഇറങ്ങിയാൽ ഒരുപക്ഷെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കും. അവിടെയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. '' ഏകാധിപതികൾക്ക് മുന്നിൽ രണ്ട് വഴികൾ മാത്രമാണുള്ളത്. ഒന്നുകിൽ ശവപ്പെട്ടിയിൽ അടക്കം ചെയ്ത് അധികാരം വിട്ടൊഴിയുക, അല്ലെങ്കിൽ ജനകീയ വിപ്ലവത്തിനു മുൻപിൽ അടിയറവ് പറഞ്ഞ് തടവ് ശിക്ഷയോ വധശിക്ഷയോ ഏറ്റുവാങ്ങുക''
ഏകാധിപതികൾ അരങ്ങുവാണീരുന്ന ഇരുപതാം നൂറ്റാണ്ടിലെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏകധിപതികൾ ഒന്നൊന്നായി വീണപ്പോഴായിരുന്നു ചർച്ചിൽ ഈ പ്രസ്താവന നടത്തിയത്. എന്നാൽ, ഇവ കൂടാതെ മൂന്നാമത് ഒരു വഴി കൂടി ഏകാധിപതികൾക്ക് മുന്നിലുണ്ടെന്ന് തളിയിച്ചത് ഏറെക്കാലം കസാഖ്സ്ഥാനിലെ ഏകാധിപതിയായിരുന്ന മുൻ കമ്മ്യുണിസ്റ്റ് നേതാവ് നൂർസുല്ത്താൻ നാസർബയേവ് ആണ്.
നൂർ സുൽത്താൻ നാസർ ബയേവിനെതിരെ ജനരോഷം ഉയരുന്നു
1991-ൽ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചനാൾ മുതൽ മൂന്ന് പതിറ്റാണ്ടുകാലം ഏകാധിപതിയായി അരങ്ങുവാണ ഈ പഴയ സോവിയറ്റ് നേതാവ് 2019-ൽ സ്ഥാനമൊഴിഞ്ഞ് തന്റെ അടുത്ത അനുയായിയായ കാസ്സിം-ജൊർമാറ്റ് ടൊക്കെയേവിനെ തന്റെ പിൻഗാമിയായി നിയമിക്കുകയായിരുന്നു. അതിനുശേഷവും സുരക്ഷാ കൗൺസിലിന്റെ തലവനായി സ്വയം അവരോധിതനായ അദ്ദേഹം രാഷ്ട്രപിതാവ് എന്ന പദവിയും സ്വന്തമാക്കിവെച്ചു. മാത്രമല്ല, നിർണ്ണായക സ്വാധീനം ചെലുത്താവുന്ന രാഷ്ട്രീയ പോസ്റ്റിൽ സ്വന്തം മകളെ വാഴിക്കുക വഴി ഭാവിയിൽ ഏതെങ്കിലും വിധത്തിലുള്ള നിയമനടപടികൾ നേരിടേണ്ടി വരില്ല എന്നും ഉറപ്പിച്ചു.
രാജ്യത്തെ 19 ദശലക്ഷം ആളുകളും തന്നെ ബഹുമാനിക്കണമെന്ന് ശഠിക്കുകയും, തലസ്ഥാന നഗരത്തിനെ സ്വന്തം പേരിൽ നാമകരണം ചെയ്യുകയും ചെയ്ത ഈ ഏകാധിപതി ഇപ്പോൾ ജനരോഷം ഭയന്ന് റഷ്യയിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. രാജ്യത്ത് ഇപ്പോൾ ഭരണകൂടത്തിനെതിരെ നടക്കുന്ന വൻ വിപ്ലവത്തിന്റെ അന്തിമഫലത്തിൽ നിന്നും രക്ഷനേടാനായിട്ടാണ് അദ്ദേഹം പലായനം ചെയ്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കടൽക്കിഴവൻ അധികാരമൊഴിയണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ജനക്കൂട്ടം തലസ്ഥാന നഗരിയിൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ പ്രതിമയും തകർത്തു. ഇന്നത്തെ കസാഖ്സ്ഥാനിലെ യുവതലമുറ നസർബായേവിനെയല്ലാതെ മറ്റൊരു നേതാവിനേയും കണ്ടിട്ടില്ലെന്നത് ഓർക്കുമ്പോഴാണ് ജനരോഷത്തിന്റെ ശക്തി മനസ്സിലാകുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ, കാറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് വില വർദ്ധിപ്പിച്ചതോടെയായിരുന്നു കലാപത്തിന്റെ തുടക്കം.
പ്രതിശീർഷ വരുമാനം 7000 പൗണ്ടിൽ താഴെ മാത്രമുള്ള ഒരു രാജ്യത്ത് കാർ ഇന്ധനത്തിന്റെ വില ഇരട്ടിയായാണ് വർദ്ധിപ്പിച്ചത്. ഇതേ തുടർന്ന് ഷനാവോസെൻ എന്ന ചെറുപട്ടണത്തിൽ ഏതാനും ആളുകൾ ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു. ഇത് സാവധാനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടരാൻ തുടങ്ങി. അഴിമതിയും, അസമത്വവും, കുറഞ്ഞ വേതനവും, തൊഴിലില്ലായ്മയുമൊക്കെ നിറഞ്ഞു നിൽക്കുന്ന, അസംതൃപ്തരുടെ സമൂഹത്തിൽ വീണ ഒരു ചെറുതരിക്കനലായിരുന്നു ആ വിലവർദ്ധനവ്.
പരാന്ന ജീവികളായ ഒരുകൂട്ടം വരേണ്യർ, രജ്യത്തിന്റെ ധാതുസമ്പത്തുകൊള്ളയടിക്കുന്ന രാജ്യത്ത്, വലിയൊരു ഭൂരിഭാഗം കടുത്ത ദുരിതത്തിലായിരുന്നു. ഈ ദുരിതത്തിനിടയിലാണ് ജീവിതം അസഹ്യമാക്കിക്കൊണ്ട് കോവിഡ് എന്ന മഹാമാരിയും വന്നുചേർന്നത്. അധികാരത്തിന്റെ ശീതളഛായയിൽ സുഖവാസം നടത്തുന്ന വരേണ്യവർഗ്ഗം രാജ്യത്തെ സമ്പത്തെല്ലാം കൊള്ളയടിച്ച് വിദേശങ്ങളിൽ വൻ നിക്ഷേപങ്ങ്ൾ നടത്തുകയായിരുന്നു. നാസർബയേവിന്റെ മകളും ചെറുമകനും ലണ്ടനിൽ 80 മില്യൺ പൗണ്ടിന്റെ മൂന്ന് വസ്തുവകകൾ സ്വന്തമാക്കിയത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ആൻഡ്രൂ രാജകുമാരന്റെ ആദ്യകാല വസതിയായ സണ്ണിങ്ഹിൽ പാർക്ക് വിപണിവിലയിലും 15 മില്ല്യൺ പൗണ്ട് അധികം നൽകിയാണ് നാസർബയേവിന്റെ മരുമകൻ സ്വന്തമാക്കിയത്. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തി എന്നതിനെ കുറിച്ച് ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും അതിനെതിരായി ഹൈക്കോടതി വിധി വന്നതിനെ തുടർന്ന് അത് നിർത്തിവെയ്ക്കേണ്ടതായി വന്നു.
ജനാധിപത്യ വിരുദ്ധ സമീപനവുമായി ടോകയേവ്
നാസർബയേവ് സ്ഥാനമൊഴിഞ്ഞപ്പോൾ അവരോധിതനായ പുതിയ പ്രസിഡണ്ട് കാസ്സിം-ജോർമാറ്റ് ആദ്യമാദ്യം സംസാരിച്ചിരുന്നത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചായിരുന്നു. എന്നാൽ, യഥാർത്ഥ അധികാരം അപ്പോഴും നാസർബയേവിന്റെയും പുത്രിയുടെയും കൈയിലായിരുന്നതിനാൽ അദ്ദേഹത്തിന് ഈ ദിശയിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. മാത്രമല്ല, നാസർബയേവിന്റെ ഭരണത്തിന്റെ തുടർച്ച മാത്രമായി മാറി ടാകയേവിന്റെ ഭരണവും.
ജനരോഷം ശക്തിപ്രാപിച്ചപ്പോൾ അത് അടിച്ചമർത്താൻ തന്നെയായിരുന്നു ടൊകയേവും തീരുമാനിച്ചത്. മാത്രമല്ല തന്റെ മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, അതുകൊണ്ടൊന്നും രാജ്യവ്യാപകമായി ശക്തിപ്രാപിക്കുന്ന പ്രതിഷേധത്തെ തടഞ്ഞു നിർത്താനായില്ല. തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് വിച്ചേദിക്കുകയും ചെയ്തുകൊണ്ടാണ് ടോകയേവ് പ്രക്ഷോഭത്തെ നേരിട്ടത്. മാത്രമല്ല, പ്രക്ഷോഭകരെ തീവ്രവാദികളെന്നും ദേശദ്രോഹികളെന്നും വിശേഷിപ്പിക്കുകയും അവരുടെ പുറകിൽ വിദേശ ശക്തികളുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്നു.
റഷ്യൻ സമാധാന സേനയുടെ വരവും കസാഖ്സ്ഥാനിലെ റഷ്യൻ താത്പര്യങ്ങളും
ഇതുകൊണ്ടൊന്നും ജനരോഷത്തെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ടോകോയേവ് റഷ്യയുടെ സഹായം തേടുകയായിരുന്നു. പഴയ ആറ് സോവിയറ്റ് റിപ്പബ്ലിക്കുകൾ ചേർന്ന് ഉണ്ടാക്കിയ കളക്ടീവ് സെക്യുരിറ്റി ട്രീറ്റി ഓർഗനൈസേഷൻ വഴിയായിരുന്നു ഈ സഹായം അഭ്യർത്ഥിച്ചത്. ഈ അപേക്ഷ പക്ഷെ റഷ്യക്ക് സ്വീകരിക്കാതിരിക്കാനാവില്ല. കാരണം കസാഖ്സ്ഥാനിലെ മണ്ണിൽ റഷ്യയ്ക്ക് ഏറെ താത്പര്യങ്ങളുണ്ട്.
റഷ്യയുടെ മനുഷ്യനിയന്ത്രിത ബഹിരാകാശ മിഷനുകളുടെയെല്ലാം ബേസ് ആയ ബൈക്കൊനോർ കോസ്മോഡ്രോം സ്ഥിതിചെയ്യുന്നത് കസാഖ്സ്ഥാനിലാണ്. അതുമാത്രമല്ല, റഷ്യയ്ക്ക് പുറത്ത് ഏറ്റവുമധികം റഷ്യൻ വംശജർ ഉള്ള ഒരു മുൻ സോവിയറ്റ് റിപ്പബ്ലിക്ക് കൂടിയാണ് കസാഖ്സ്ഥാൻ. മറ്റു ചില റിപ്പബ്ലിക്കുകളിലെ ജനകീയ മുന്നേറ്റം തടയുവാൻ പുട്ടിൻ എടുത്തു കാട്ടിയത അവിടങ്ങളിലെ റഷ്യ വംശജരുടെ സുരക്ഷയായിരുന്നു എന്നതോർക്കണം.
കസാഖ്സ്ഥാനിൽ സമാധാനം സ്ഥാപിക്കുവാനാണ് റഷ്യൻ പാരാ ട്രൂപ്പേഴ്സ് എത്തിയത് എന്ന റഷ്യൻ വാദം അധികമാരും അംഗീകരിച്ചിട്ടില്ല. കാരണം, ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായി കസാഖ്സ്ഥാനിൽ അശാന്തി പടരുന്നത് ആ മേഖലയ്ക്ക് പുറത്തേക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രോഷാകുലരായ ഒരുകൂട്ടം ജനങ്ങൾ ഉൾക്കൊള്ളുന്ന കസാഖസ്ഥാൻ സ്ഥിതിചെയ്യുന്നത് തികച്ചും ഏകാധിപത്യ ഭരണകൂടങ്ങൾ നിലവിലുള്ള റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലാണെന്നുള്ളതാണ് പ്രധാന കാരണം. മാത്രമല്ല. ഇരു രാജ്യങ്ങൾക്കും കസാഖ്സ്ഥാനിൽ സ്വന്തം താത്പര്യങ്ങളൂമുണ്ട്.
ഇതിനെല്ലാം പുറമേ ലോകത്തിലെ തന്നെ ഏറ്റവുമധികം യുറേനിയം ഉദ്പാദിപ്പിക്കുന്ന രാജ്യമാണ് കസാഖ്സ്ഥാൻ. അതിനുപുറമേ കനത്ത എണ്ണ നിക്ഷേപവും പ്രകൃതിവാതക നിക്ഷേപവും ഇവിടെയുന്റ്. ചൈനയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തിന്റെ 5 ശതമാനം നൽകുന്നത് കസാഖ്സ്ഥാനാണ്.
പുട്ടിനെ നയിക്കുന്നത് ഭയമോ?
മേഖലയിൽ ആധിപത്യം സ്ഥാപിക്കുക എന്നതിനപ്പുറം സ്വന്തം സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമാണ് കസാഖ്സ്ഥാനിൽ ഇടപെടാൻ പുട്ടിനെ പ്രേരിപ്പിക്കുന്നത് എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സമാനമായ രീതിയിൽ റഷ്യയുടെ പിന്തുണയുള്ള ഭരണകൂടങ്ങൾക്കെതിരെ കലാപം നടന്ന ഉക്രെയിനും ജോർജിയയും ഇപ്പോൾ പാശ്ചാത്യ ചേരിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, അവർ നാറ്റോ സഖ്യത്തിലും യൂറോപ്യൻ യൂണിയനിലും അംഗത്വത്തിനായി അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.ഇതാണ് പുട്ടിനെ ഭീതിയിലാഴ്ത്തുന്നത്.
കൂടുതൽ അയൽക്കാർ പാശ്ചാത്യ ചേരിയിലേക്ക് പോകുന്നത് തടയേണ്ടത് പുട്ടിന്റെ ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ്, പ്രതിപക്ഷ നേതാക്കൾ വിജയിച്ച തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാട്ടി അധികാരത്തിൽ തുടരുന്ന ബെലാറസ് ഏകാധിപതിയെ പുട്ടിൻ സംരക്ഷിച്ചു നിർത്തുന്നത്. മാത്രമല്ല, എതിരാളികളെ ക്രൂരമായ വിധത്തിൽ അടിച്ചൊതുക്കുന്ന ലുക്കാൻഷെൻകോവിന്റെ നടപടികളെ റഷ്യ അനുകൂലിക്കുന്നുമുണ്ട്.
തന്റെ സ്ഥാനഭ്രംശത്തെ കുറിച്ച് പുട്ടിൻ ഏറെ ഭയപ്പെടുന്നു എന്നതിന് മറ്റൊരു ഉദാഹരണമാണ് റഷ്യയിലെ ഏറ്റവും പ്രമുഖമായ സിവിൽ റൈറ്റ്സ് ഗ്രൂപ്പായ മെമോറിയൽ അടച്ചുപൂട്ടിയ നടപടി. 2021 അവസാനിക്കുന്നതിന് തൊട്ടുമുൻപായിരുന്നു പുട്ടിൻ ഇത് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഉയർന്നു വന്ന ഈ ഗ്രൂപ്പ് പഴയ കമ്മ്യുണിസ്റ്റ് സർക്കാരുകളുടെ ക്രൂരതകൾ ലോകത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ കാര്യമായ പങ്ക് വഹിച്ചിരുന്നു. പിന്നീട് ഇവർ വർത്തമാനകാലത്തെ ഭരണകൂടത്തിന്റെ അഴിമതിയിലേക്കും അക്രമങ്ങളിലേക്കും തങ്ങളുടെ ശ്രദ്ധ തിരിച്ചപ്പോഴായിരുന്നു പുട്ടിൻ അത് അടച്ചുപൂട്ടിയത്.
കസാഖ്സ്ഥാനിലെ കലാപം റഷ്യയേയോ പുട്ടിനേയോ നേരിട്ട് ബാധിക്കുകയില്ല എന്നത് ഉറപ്പാണ്. തനിക്കെതിരെ പ്രതിഷേധമുയർത്തിയ നവാൽനിയേയും കൂട്ടരേയും അദ്ദേഹം അടിച്ചമർത്തിയ രീതി എല്ലാവർക്കും അറിയാവുന്നതാണ്. ശക്തമായ ഒരു പ്രതിരോധ സംവിധാനമുള്ള റഷ്യയിൽ ഒരു കലാപത്തിന് അടുത്തകാലത്തോന്നും സാധ്യതയുമില്ല. എന്നിരുന്നാലും ഉക്രെയിനിലും ജോർജിയയിലും സംഭവിച്ചതുപോലെ, കലാപാനന്തര സർക്കാർ രാജ്യത്തെ പാശ്ചാത്യ ചേരിയിലേക്ക് നയിച്ചാൽ അത് ദീർഘകാലാടിസ്ഥാനത്തിൽ പുട്ടിന് വിനയായി തീരും.
തന്റെ സാമ്രാജ്യത്തിന്റെ അതിർത്തിവരെ യൂറോപ്യൻ യൂണിയന്റെ അതിർത്തി നീണ്ടാൽ അത് തന്റെ സ്ഥാനത്തിന് അപകടമാണെന്നറിയാനുള്ള രാഷ്ട്രീയ ബുദ്ധിയൊക്കെ റഷ്യൻ ഏകാധിപതിക്കുണ്ട്. അതുതന്നെയാണ് നേരത്തേ ഉക്രെയിനിൽ ഇടപെട്ടതുപോലെ ഇപ്പോൾ കസാഖ്സ്ഥാനിലും ഇടപെടാൻ റഷ്യയെ പ്രേരിപ്പിക്കുന്നത്.
മറുനാടന് ഡെസ്ക്