- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
14 ജില്ലാ പ്രസിഡന്റുമാരിൽ ജീവിച്ചിരിക്കുന്നത് 12 പേർ; അതിൽ പ്രവർത്തകരുള്ള കൊല്ലവും പത്തനംതിട്ടയും ഗണേശിനൊപ്പം; ചേച്ചിക്കൊപ്പമുള്ളത് അണികളില്ലാത്ത ജില്ലകളിലെ നേതൃത്വം! തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത് അംഗബലത്തിൽ കെട്ടിടം നേടാൻ; പത്തനാപുരത്തെ കരുത്തനെ പിണറായി കൈവിടില്ല; ഗണേശ് കുമാറിനൊപ്പം നിൽക്കാൻ സിപിഎം
കൊല്ലം: പത്തനാപുരത്തും കൊട്ടാരക്കരയിലും ജയിക്കാൻ കേരളാ കോൺഗ്രസ് ബിയിൽ നിന്ന് കെബി ഗണേശ് കുമാറിന് അല്ലാതെ ജയിക്കാൻ മറ്റൊരാൾക്ക് കഴിയില്ലെന്ന് രാഷ്ട്രീയ കേരളത്തിന് നന്നായി അറിയാം. പത്തനാപുരത്ത് ഗണേശ് അത്രത്തോളം ജനകീയനാണ്. ബാലകൃഷ്ണ പിള്ളയുടെ തട്ടകത്തിലും മകന് സ്വാധീനമുണ്ട്. അപ്പോഴും ഇവിടെ തുടർച്ചയായി ജയിക്കുന്നത് സിപിഎമ്മാണ്. അയിഷാ പോറ്റിയിലൂടെ പിള്ളയെ തോൽപ്പിച്ച് പിടിച്ചെടുത്ത കൊട്ടാരക്കര ധനമന്ത്രി ബാലഗോപാലിന്റെ സ്വന്തം മണ്ഡലം.
അതുകൊണ്ട് തന്നെ ആർ.ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷ മോഹൻദാസ് അധ്യക്ഷയായ കേരള കോൺഗ്രസിനെ (ബി) ഔദ്യോഗിക വിഭാഗമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമ്പോൾ അതിന് പിന്നിലെ ലക്ഷ്യം ചർച്ചകളിൽ എത്തുകയാണ്. ചെയർമാനായിരുന്ന ആർ.ബാലകൃഷ്ണപിള്ള മരിക്കുമ്പോൾ നിലവിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റിയിലെയും സെക്രട്ടേറിയറ്റിലെയും ഭൂരിപക്ഷം അംഗങ്ങളും ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും തങ്ങൾക്കൊപ്പമാണെന്ന് ഉഷ വിഭാഗം കമ്മിഷനു നൽകിയ കത്തിൽ അവകാശപ്പെട്ടു. ഇതിനു പിന്നിലും സ്വത്താണ് വിഷയം.
എല്ലാ ജില്ലകളിലും കേരളാ കോൺഗ്രസിന് കമ്മറ്റികളുണ്ടാകാം. ഇവിടെ നിന്നെല്ലാം നേതാക്കളും സംസ്ഥാന കമ്മറ്റി അംഗങ്ങളും ഉണ്ട്. എന്നാൽ കൊല്ലത്തും പത്തനംതിട്ടയിലും മാത്രമാണ് ഈ കേരളാ കോൺഗ്രസിന് അണികളും ശക്തിയുമുള്ളത്. ഈ രണ്ട് ജില്ലകളും ഗണേശിനൊപ്പമാണ്. ആരോരും പ്രവർത്തനത്തിനില്ലാത്ത ബാക്കി ജില്ലകളാണ് ഉഷയെ പിന്തുണയ്ക്കുന്നത്. 14 ജില്ലാ പ്രസിഡന്റുമാരിൽ 10 പേർ തങ്ങൾക്കൊപ്പമാണെന്ന് ഉഷ പറയുന്നു. രണ്ടു പേർ മരിച്ചു. രണ്ട് ജില്ലാ കമ്മറ്റികൾ ഗണേശിനൊപ്പം. അതുകൊല്ലവും പത്തനംതിട്ടയും. ഇതാണ് കേരളാ കോൺഗ്രസ് ബിയിലെ പളിർപ്പിലെ യാഥാർത്ഥ്യം.
ഇതിന് പിന്നിലും പിള്ളയുടെ വിൽപത്രത്തിലെ വാചകങ്ങൾ കാരണമാണ്. തിരുവനന്തപുരത്തേയും കൊട്ടാരക്കരയിലേയും പാർട്ടീ ഓഫീസുകൾ കേരളാ കോൺഗ്രസ്(ബി) നിലനിൽക്കുന്നിടത്തോളം കാലം അതേ നിലയിൽ തുടരണമെന്നും ഭരണ സംബന്ധമായ കാര്യങ്ങളിൽ കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന പാർട്ടീ ചെയർമാന്മാർ ഭരണസാരഥ്യം വഹിക്കണമെന്നും പറയുന്നു. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ലയിക്കുകയാണെങ്കിൽ ലയിക്കുന്ന പാർട്ടിക്കായിരിക്കും ഈ ഓഫീസുകളുടെ അവകാശം. ഏതെങ്കിലും തരത്തിൽ പാർട്ടി നിലനിൽക്കാതെയോ ലയിക്കാതെയോ വന്നാൽ പാർട്ടീ ഓഫീസുകൾ കേരളാ സർക്കാരിന് അവകാശപ്പെട്ടതാണെന്നും വിൽപ്പത്രത്തിൽ ബാലകൃഷ്ണപിള്ള പറയുന്നു. അതുകൊണ്ടു തന്നെ കേരളാ കോൺഗ്രസ് ബിയിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയാൽ അവിടെ നിന്നുണ്ടാകുന്ന തീരുമാനം നിർണ്ണായകമാകും.
അംഗങ്ങളുടെ കണക്കെടുക്കുമ്പോൾ സംസ്ഥാന സമിതിയിൽ ഉഷയ്ക്ക് പിന്തുണ ഉണ്ടാകും. അതുകൊണ്ട് തന്നെ കമ്മീഷൻ തീരുമാനം അനുകൂലമായാൽ ഈ സ്വത്തെല്ലാം ഉഷയ്ക്ക് കിട്ടും. പിള്ളയുടെ വിൽപത്രത്തിലൂടെ തനിക്കുണ്ടായ കുറവ് നികത്താനും കഴിയും. ഇതാണ് പാർട്ടിയിലെ വിമതരുടെ ലക്ഷ്യം. അതിന് അപ്പുറത്തേക്കുള്ള രാഷ്ട്രീയ നേട്ടമൊന്നും ഗണേശിന്റെ എതിരാളികൾക്ക് ഉണ്ടാകില്ല. കൊല്ലത്തും പത്തനംതിട്ടയിലും പാർട്ടിയിൽ കരുത്തു കാട്ടുന്ന ഗണേശിനെ ഇടതുപക്ഷവും കൈവടില്ല. അതുകൊണ്ടാണ് സ്വത്താണ് പ്രശ്‌നമെന്ന തിരിച്ചറിവിൽ സിപിഎമ്മും എത്തുന്നത്.
അതിനിടെ പാർട്ടിയുടെ സ്വത്തുക്കൾ കെ.ബി.ഗണേശ്‌കുമാറും ഭാര്യയും മറ്റും ചേർന്ന ട്രസ്റ്റിന്റെ പേരിലാക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഉഷ മോഹൻദാസ് പറഞ്ഞു. തിരുവനന്തപുരത്ത് രണ്ടിടത്തും കൊട്ടാരക്കരയിലും മറ്റും പാർട്ടിക്കു വസ്തുവും ഓഫിസ് കെട്ടിടങ്ങളുമുണ്ട്. ആർ.ബാലകൃഷ്ണപിള്ളയുടെ മരണത്തിനു ശേഷം ഒരിക്കൽപോലും സംസ്ഥാന നേതൃയോഗങ്ങൾ കൂടാതെ ഗണേശ്‌കുമാർ സ്വയം ചെയർമാനായി അവരോധിതനാകുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ തന്റെ നേതൃത്വത്തിലാണ്, ആർ.ബാലകൃഷ്ണപിള്ളയുടെ മരണശേഷം ആദ്യമായി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നതെന്നും ഉഷ മോഹൻദാസ് പറഞ്ഞു.
എൽഡിഎഫ് യോഗങ്ങളിലേക്ക് ഇനി മുതൽ ഉഷ മോഹൻദാസിനെയും വർക്കിങ് ചെയർമാൻ എം വിമാണിയെയുമാണു വിളിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിനു കത്തു നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തു മടങ്ങിയെത്തിയാലുടൻ നേരിട്ടു കണ്ടു വിവരങ്ങൾ ധരിപ്പിക്കുമെന്നും അവർ പറയുന്നു. എന്നാൽ ഗണേശിനെ കൈവിടേണ്ടതില്ലെന്ന നിലപാടിലാണ് പിണറായി വിജയൻ.
മറുനാടന് മലയാളി ബ്യൂറോ