- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തലയും മുല്ലപ്പള്ളിയും കാട്ടിയ മാതൃക വേണുഗോപാലും സ്വീകരിക്കണം; അസമിലും ബംഗാളിലും പുതുച്ചേരിയിലും പാർട്ടി തകർന്നതിന്റെ ഉത്തരവാദി സംഘടനാ ജനറൽ സെക്രട്ടറി; കേരളത്തിലെ തോൽവിക്ക് കാരണം സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ നടത്തിയ അതിമോഹം; കെസിയുടെ രാജിക്ക് രണ്ടും കൽപ്പിച്ച് എ-ഐ ഗ്രൂപ്പുകൾ
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് സമ്പൂർണ്ണമായും തോറ്റു. അതിന് വിലയായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മാറുന്നു. ഇതിനൊപ്പം അസമിലും പോണ്ടിച്ചേരിയിലും ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പു നടന്നു. ബംഗാളിൽ സംപൂജ്യരായി. അസമിൽ ഭരണത്തിൽ തിരിച്ചെത്താനായില്ല. പോണ്ടിച്ചേരിയിലും ബിജെപിയുടെ എൻഡിഎയ്ക്ക് മുന്നിൽ അടിപതറി. തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്റെ നേതൃമികവിൽ മുന്നണിയുടെ ഭാഗമായത് മാത്രമാണ് ആശ്വാസം. അതായത് ദേശീയ തലത്തിൽ സമ്പൂർണ്ണ തോൽവി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കഷ്ടകാലം ഇനിയും മാറുന്നില്ല. എന്നിട്ടും ഹൈക്കമാണ്ടിലെ താക്കോൽ സ്ഥാനങ്ങളിൽ ആളുകളെ മാറ്റുന്നില്ല. ഈ ആവശ്യം എഐസിസിയിൽ ഇനി കേരളത്തിലെ ഗ്രൂപ്പ് നേതാക്കളും സജീവമാക്കും.
കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയാണ് കെസി വേണുഗോപാൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ഒരുക്കാൻ വേണ്ടി മത്സരിക്കാതെ മാറി നിന്ന നേതാവ്. പക്ഷേ പാർട്ടി സമ്പൂർണ്ണമായും തോറ്റു. ഗുലാംനബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കൾ കലാപത്തിന് ഇറങ്ങുകയും ചെയ്തു. കെസി വേണുഗോപാലിനെ മാറ്റണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. അത് ഇപ്പോഴും നടപ്പായില്ല. അസമിലേയും ബംഗാളിലേയും പോണ്ടിച്ചേരിയിലും തോൽവികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനാ സെക്രട്ടറി രാജിവയ്ക്കണമെന്ന വികാരം ദേശീയ നേതാക്കളിൽ സജീവമാണ്. ഈ വിഷയം കേരളത്തിൽ നിന്ന് ഉയർത്തിക്കൊണ്ടു വരാനാകും ശ്രമിക്കുക. കെപിസിസി അധ്യക്ഷനെ നിയമിച്ചു കഴിഞ്ഞാൽ ഇക്കാര്യത്തിൽ ഗ്രൂപ്പ് മാനേജർമാർ ചർച്ചകൾ തുടങ്ങും.
ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുമെന്ന് കെസി വേണുഗോപാലിനും അറിയാം. അതുകൊണ്ട് തന്നെ ആ പദവി ഒഴിഞ്ഞ കേരളത്തിൽ കെപിസിസി അധ്യക്ഷനായി എത്തുകയും മനസ്സിലെ പദ്ധതികളിൽ ഒന്നാണ്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് കെ സുധാകരൻ കെപിസിസി പ്രസിഡന്റാകുന്നതിനെ രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ എതിർക്കാത്തത്. സുധാകരനെ എതിർത്താൽ സമവായത്തിന്റെ പേരിൽ കെസി വേണുഗോപാൽ കെപിസിസിയുടെ തലപ്പത്ത് എത്തും. അതുകൊണ്ടാണ് പരമാവധി കരുതൽ എടുക്കുന്നത്, കെപിസിസി അധ്യക്ഷനെ നിയമിച്ചാൽ കെസിയ്‌ക്കെതിരേയും നിലപാടു പ്രഖ്യാപനങ്ങൾ ഉണ്ടാകും. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും കെസിയുടെ ഇടപെടൽ ശക്തമായിരുന്നു. അതിനാൽ കേരളത്തിലെ തോൽവിയിലും കെസിക്ക് ധാർമ്മിക ഉത്തരവാദിത്തം ഉണ്ടെന്നാണ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും പക്ഷം.
ജയസാധ്യതയുള്ള പല മുതിർന്ന നേതാക്കളേയും കെസി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കി. യുവാക്കൾക്ക് അവസരവും നൽകി. എന്നാൽ ഇതെല്ലാം തീർത്തും പാളി. കെവി തോമസ്, പിജെ കുര്യൻ. പി സി ചാക്കോ, പാലോട് രവി, വർക്കല കഹാർ, എൻ ശക്തൻ തുടങ്ങി ജയസാധ്യതയുണ്ടായിരുന്ന പലരേയും കെസി വെട്ടിയൊതുക്കി. പകരം സീറ്റ് നൽകിയ യുവാക്കൾ എല്ലാം തോൽക്കുകയും ചെയ്തു. ഇങ്ങനെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെസി എടുത്ത തെറ്റായ തീരുമാനങ്ങൾ കേരളത്തിലെ വമ്പൻ തോൽവിക്കും കാരണമായി. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മാറിയതു പോലെ കെസിയും ഒഴിയണമെന്നതാണ് ഉയരുന്ന ആവശ്യം. കെസിയുടെ സംഘടനാ സെക്രട്ടറി പദം ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടികളേ നൽകിയിട്ടൂള്ളൂവെന്നതും ഇവർ ഉയർത്തും.
തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കോൺഗ്രസിലെ പോര് നീണ്ടുപോയാൽ നിയന്ത്രിക്കാൻ ഹൈക്കമാൻഡിനുപോലും കഴിയാത്ത സ്ഥിതി. കേന്ദ്രനേതൃത്വം ദുർബലമായതോടെ പാർട്ടി ചില നിക്ഷിപ്തതാത്പര്യക്കാരുടെ പിടിയിലായെന്നാണു സംസ്ഥാനത്തെ പ്രമുഖനേതാക്കളുടെ ആരോപണം. പാർട്ടിയിലെ ഗ്രൂപ്പിസം ഇല്ലാതാക്കാനെന്ന പേരിൽ ചിലർ സ്വന്തം ഗ്രൂപ്പുണ്ടാക്കാനാണു ശ്രമിക്കുന്നത്. അതു നിയന്ത്രിക്കാൻ ഹൈക്കമാൻഡിനും കരുത്തില്ല. എ.ഐ.സി.സിക്കു മുഴുവൻസമയ പ്രസിഡന്റിനെപ്പോലൂം നിയമിക്കാൻ കഴിയാതെ പാർട്ടി വലയുകയാണ്. ദേശീയനേതൃത്വം ശക്തമായാലേ കേരളത്തിലും കാര്യങ്ങൾ ശരിയാക്കാനാകൂ. പ്രതിപക്ഷനേതാവിനെ നിയമിച്ച രീതിയുടെ പേരിൽ ഇടഞ്ഞുനിൽക്കുന്ന എ, ഐ ഗ്രൂപ്പുകളെ കൂടുതൽ പ്രകോപിപ്പിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു ഗ്രൂപ്പ് വൃത്തങ്ങൾ പറയുന്നു. ഇതിന് പിന്നിൽ കെസി വേണുഗോപാലാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ പാർട്ടിയെ ശക്തിപ്പെടുത്താൻ കെസിയും ഇടപെടലുകൾ നിർത്തണമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം.
സോണിയാ ഗാന്ധിക്കു രമേശ് ചെന്നിത്തല അയച്ച കത്തിലേതെന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ ശരിയല്ലെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിന് പിന്നിലും കെസിയാണെന്ന് ഐ ഗ്രൂപ്പ് കണക്കു കൂട്ടുന്നു. സോണിയയ്ക്കു ചെന്നിത്തല കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, അതിലെ ഉള്ളടക്കം മാധ്യമങ്ങൾ പറയുന്നതല്ല. ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്നതാണു പരാജയകാരണമെന്ന തരത്തിലുള്ള പ്രചാരണം ഗൂഢലക്ഷ്യത്തോടെയാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും യോജിച്ചുനീങ്ങുന്നതു തടയാനുള്ള ശ്രമമാണിതെന്നു ചെന്നിത്തല പക്ഷം ആരോപിക്കുന്നു. ഇതിനു പിന്നിൽ ഡൽഹിയിൽനിന്നുള്ള ചിലരാണ്. കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രചാരണങ്ങൾക്കു പിന്നിലും ഇക്കൂട്ടരാണെന്നും അവർ വിശദീകരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുല്ലപ്പള്ളിയെ മാറ്റാൻ ആലോചനകൾ ഉണ്ടായിരുന്നെങ്കിലും സുധാകരന്റെ ബദ്ധശത്രുവായ കെ.സി. വേണുഗോപാൽ ഹൈക്കമാൻഡിൽ പിടിമുറുക്കി തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ഇപ്പോഴും കെ.സി. വേണുഗോപാലിന്റെ ഇടപെടലാണ് സുധാകരന് തടസം. സ്ഥാനാർത്ഥിനിർണയ ഘട്ടത്തിൽ സുധാകരൻ കെ.സിക്കെതിരേ പൊട്ടിത്തെറിച്ചിരുന്നു. ഹൈക്കമാൻഡ് എന്നു പറഞ്ഞാൽ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല, കെ.സി.വേണുഗോപാലാണെന്നായിരുന്നു വിമർശനം. വേണുഗോപാലിന് ചില താൽപര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കുറേ ആളുകളെ പട്ടികയിൽ കയറ്റി. വർക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി രാജിവയ്ക്കാത്തത് തെരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേൽക്കാൻ കാരണക്കാരനാകരുത് എന്നു കരുതിയാണെന്നും സുധാകരൻ തുറന്നടിച്ചിരുന്നു. സ്ഥാനാർത്ഥിപ്പട്ടിക വന്നശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടെന്നും സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു. ഇതൊക്കെ തന്നെയാണ് സംഭവിച്ചതും.
കണ്ണൂർ കോൺഗ്രസിൽ സുധാകരൻ തുടരുന്ന അപ്രമാദിത്വം കെപിസിസിക്കകത്തും ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് വേണുഗോപാലിനെ അനുകൂലിക്കുന്ന ഒരുവിഭാഗം സുധാകരനെതിരേ നീങ്ങുന്നത്. കണ്ണൂരിൽ പാർട്ടിയെ വളർത്താൻ കഴിയാത്ത സുധാകരന് സംസ്ഥാനത്ത് പാർട്ടിയെ എങ്ങനെ ചലിപ്പിക്കാനാകുമെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ