- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്തിമ പട്ടിക തയ്യാറാക്കലിലും ചെന്നിത്തലയ്ക്കും ചാണ്ടിക്കും റോളില്ല; കെപിസിസി പുനഃസംഘടനയിൽ പൊട്ടിത്തെറിക്കാൻ ഗ്രൂപ്പ് മാനേജർമാർ; നേതാക്കളോട് സംസാരിച്ച് അന്തിമ തീരുമാനമെന്ന് ഹൈക്കമാണ്ട്; സുധാകരനും വിഡിയും നൽകിയത് ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടിക; അന്തിമ തീരുമാനം രാഹുൽ ഗാന്ധിക്ക്
ന്യൂഡൽഹി : കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടിക കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറുമ്പോൾ കോൺഗ്രസിൽ രൂപം കൊള്ളുന്നത് പൊട്ടിത്തെറിക്ക് സമാനമായ സാഹചര്യം. രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് പട്ടിക കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമായാ പി ടി തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ കെ സുധാകരനൊപ്പമുണ്ടായിരുന്നു.
സുധാകരനും പിടി തോമസിനും കൊടിക്കുന്നിലിനും സിദ്ദിഖിനും മാത്രമേ പട്ടികയിൽ ആരെല്ലാം ഉണ്ടെന്ന് അറിയാവൂ. കെസി വേണുഗോപാലും കാര്യങ്ങൾ മനസ്സിലാക്കുന്നു. ഇതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അമർഷത്തിലാണ്. പട്ടിക കൈമാറലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചവരോട് ഐ ഗ്രൂപ്പ് നേതൃത്വം പൊട്ടിത്തെറിക്കുകയാണ്. ഒന്നും ആരോടും സുധാകരൻ ചോദിച്ചിട്ടില്ലെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഏക പക്ഷീയമായി പട്ടിക കൈമാറിയതിന് പണി കൊടുക്കുമെന്നും അവർ പറയുന്നു. ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും പൂർണ്ണമായും അവഗണിച്ചുവെന്ന വികാരം തന്നെയാണ് രണ്ട് ഗ്രൂപ്പുകാരും പങ്കുവയ്ക്കുന്നത്.
ഇത് ഹൈക്കമാണ്ടും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കമാണ്ട് നേരിട്ട് ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും സംസാരിക്കും. അതിന് ശേഷമാകും പ്രഖ്യാപനം. ഗ്രൂപ്പ് തർക്കം പുതിയ തലത്തിലെത്തിക്കുന്ന തരത്തിൽ പ്രഖ്യാപനം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ അന്തിമ പ്രഖ്യാപനം ഇനിയും വൈകാനാണ് സാധ്യത. എത്രയും വേഗം പ്രഖ്യാപനം ഉണ്ടാകണമെന്ന അഭ്യർത്ഥന ഹൈക്കമാണ്ടിന് മുമ്പിൽ സുധാകരൻ വച്ചിട്ടുണ്ട്.
മിക്ക ജില്ലയിലും മൂന്നു പേർ വരെ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് വടംവലിയെ തുടർന്നാണ് ഡിസിസി പുനഃസംഘന വൈകിയത്. ഈ സാഹചര്യം തുടരാനാകില്ലെന്ന് സുധാകരൻ നിലപാട് എടുത്തു. അങ്ങനെയാണ് ഇന്ന് സാധ്യതാ പട്ടിക കൈമാറിയത്. ഇതിൽ നിന്നും യോജിച്ചവരെ രാഹുൽ ഗാന്ധി കണ്ടെത്തും. ഈ ഘട്ടത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിലപാടും നിർണ്ണായകമാകും.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവെപ്പുകൾ വേണ്ടെന്നാണ് കെ സുധാകരന്റെയും വി ഡി സതീശന്റെയും നിലപാട്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെ ഒഴിവാക്കി അവസാന വട്ട ചർച്ചയും പട്ടിക നൽകലും ഉണ്ടായത്. ഇത്തരത്തിൽ പുനഃസംഘടന നടത്തിയാൽ പാർട്ടിയിൽ വൻപൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്നതാണ് അഴിച്ചുപണി നീളാൻ ഇടയാക്കിയത്. ഇതു സംബന്ധിച്ച് കൂട്ട അടിക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ കോൺഗ്രസ് നേതാവ് മറുനാടനോടും പ്രതികരിച്ചത്.
എറണാകുളം ഉൾപ്പെടെ ഏതാനും ജില്ലകളിൽ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഒറ്റപ്പേരിലേക്ക് എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതാക്കൾ അന്തിമ ഘട്ട ചർച്ച നടത്തുമെന്നും സൂചനയുണ്ട്. സാമുദായിക പരിഗണനകൾ കൂടി കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിക്കാനാണ് സാധ്യത. പ്രകടനമികവ് അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പെന്നും യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
പട്ടികയിൽ ആർക്കും എതിർപ്പില്ലെന്നും, ഈ മാസം തന്നെ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. മത സാമുദായിക സമവാക്യം, വനിത-യുവജന പ്രാതിനിധ്യം തുടങ്ങിയവ ഉറപ്പാക്കലാണ് ഹൈക്കമാൻഡ് നേരിടുന്ന വെല്ലുവിളി.
മറുനാടന് മലയാളി ബ്യൂറോ