പുനലൂർ: മറ്റൊരു സാമ്പത്തിക സ്ഥാപനം കൂടി ഇടപാടുകാരെ പറ്റിച്ചു മുങ്ങി. പുനലൂർ ആസ്ഥാനമായ കേച്ചേരി ചിട്ടിഫണ്ട് ഉടമകളാണ് ലക്ഷങ്ങളുടെ ആസ്തിയുമായി മുങ്ങിയിരിക്കുന്നത്. ഉടമ പുനലൂർ കാര്യറ ഹരിഭവനിൽ വേണുഗോപാൽ, ഭാര്യ ബിന്ദു, മകൻ വിഘ്നേഷ്, ഡ്രൈവർ മനോജ്, വേണുഗോപാലിന്റെ അസിസ്റ്റന്റ് സുധീഷ് എന്നിവരാണ് മെയ്‌ ഒന്നു മുതൽ വീടും പൂട്ടി സ്ഥലം വിട്ടിരിക്കുന്നത്.

ഉടമകൾ മുങ്ങിയെങ്കിലും ചിട്ടി ഓഫീസുകൾ തുറക്കുന്നുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ചിട്ടി വട്ടമെത്തിയിട്ടും പണം കിട്ടാതെ വന്ന നിരവധി പേർ പരാതിയുമായി പുനലൂർ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, ഇതു വരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. ചിട്ടിഫണ്ട് ഉടമകൾ മുങ്ങിയെന്ന വിവരം പൊലീസും രഹസ്യന്വേഷണ വിഭാഗവും സമ്മതിക്കുന്നുണ്ട്.

1300 കോടി രൂപയുടെ ബാധ്യതയാണ് വേണുഗോപാലിനുള്ളതെന്ന് പറയുന്നു. നിക്ഷേപകരിൽ നിന്നും ഡിപ്പോസിറ്റുകൾ സ്വീകരിക്കുകയും ധാരാളം പേരിൽ നിന്നും ചിട്ടികൾ ചേർത്ത് തുക സ്വരൂപിക്കുകയും ചെയ്തിരുന്നു. ഈ തുകകൾ പല രീതിയിൽ വഴി മാറ്റി ചെലവാക്കിയതാണ് കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാൻ കാരണമായത്. നിക്ഷേപകരും ചിട്ടിക്ക് ചേർന്നവരും സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന തുകകൾ പിൻവലിക്കാൻ ചെന്നപ്പോൾ നൽകിയില്ല. മാസങ്ങൾ നീണ്ട അവധി പറയുകയും ചെയ്തു. ഇതോടെയാണ് സ്ഥാപനം പൊട്ടിയെന്ന് നിക്ഷേപകർക്ക് മനസിലായത്. ധാരാളം നിക്ഷേപകർ ശാഖാ ഓഫീസുകൾക്ക് മുന്നിൽ എത്തിയിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി.

പുനലൂരിൽ തന്നെ പത്തോളം പരാതികൾ ചെന്നിട്ടുണ്ട്. എന്നാൽ, കേസെടുത്തിട്ടില്ല. കേസെടുക്കാൻ തങ്ങൾക്ക് നിർദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് പൊലീസ് ഭാഷ്യം. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 14 ബ്രാഞ്ചാണ് ഈ സ്ഥാപനത്തിനുള്ളത്. മിക്കവയും ദിവസങ്ങളായി തുറക്കുന്നില്ല. ചിട്ടി മുതലാളിയെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന സംശയം ബലപ്പെടുന്നു. പൊലീസിന് മേലും സമ്മർദം ഉണ്ടായെന്നാണ് സൂചന.