- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേളകത്തെ രണ്ടാനച്ഛന്റെ ക്രൂരപീഡനം: ഇരയായ കുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും; വിദഗ്ധ പരിചരണം ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം; ആവശ്യമെങ്കിൽ കുഞ്ഞിന്റെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം
കണ്ണൂർ: കണ്ണൂർ കേളകത്ത് ആക്രമണത്തിന് ഇരയായ കുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കിൽ കുഞ്ഞിന്റെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.വിദഗ്ധചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി പറഞ്ഞു.
കുട്ടിയെ മർദിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിലായിരുന്നു. കുട്ടിയുടെ അമ്മ ചെങ്ങോം വെട്ടത്ത് രമ്യ (23), കാമുകൻ കൊട്ടിയൂർ പാലുകാച്ചിയിലെ പി.എസ്. രതീഷ്(38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരേ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മർദനമേറ്റതിനെ തുടർന്ന് കുട്ടിയുടെ മുഖത്ത് നീർക്കെട്ടുമുണ്ട്. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനു മർദനമേറ്റത്. പരിക്കേറ്റ കുഞ്ഞിനെ അമ്മൂമ്മ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ മർദനമേറ്റതായി കണ്ടെത്തി യതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് വിശദ പരിശോധനയ്ക്കായി കുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രതീഷിനെതിരേ കുഞ്ഞിനെ മർദിച്ചതിനും രമ്യയ്‌ക്കെതിരേ കുഞ്ഞിന് സംരക്ഷണം നൽകാത്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ വിവാഹിതയായിരുന്ന രമ്യ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇതിനിടെയാണ് വിവാഹിതനായ രതീഷുമായി പ്രണയത്തിലാകുന്നത്. മൂന്നാഴ്ച മുമ്പാണ് ഇരുവരും ചെങ്ങോത്ത് വാടകവീടെടുത്ത് താമസമാരംഭിച്ചത്. ആദ്യഭർത്താവിലുള്ളതാണ് കുട്ടി.
ഒന്നിച്ചുള്ള ജീവിതത്തിന് തടസമാകുന്നതിനാൽ കുട്ടിയെ രതീഷ് മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ രതീഷ് കൈകൊണ്ടും വടികൊണ്ടും അടിച്ചുപരി ക്കേൽപ്പിച്ചതായും മുമ്പും ഇയാൾ കുട്ടിയെ മർദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ കുട്ടിയെ കൂടാതെ രണ്ടു കുട്ടികൾ കൂടി രമ്യയ്ക്കുണ്ട്. അവർ അച്ഛനൊപ്പമാണ് കഴിയുന്നത്.
കുഞ്ഞിന്റെ അമ്മൂമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങൾ നടുക്കുന്നതാണ്. വീടിനുള്ളിൽ മൂത്രമൊഴിച്ചതിനാണ് ഒരുവയസുകാരിയെ രണ്ടാനച്ഛൻ വിറകു കൊള്ളികൊണ്ട് അടിച്ച് മാരകമായി പരുക്കേൽപ്പിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയത്. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചെന്നും ഇവർ പറയുന്നു. മരക്കഷ്ണം എടുത്തരാണ് രണ്ടാനച്ഛൻ രതീഷ് കുഞ്ഞിനെ അടിച്ചത്. അടിയുടെ ശക്തിയിൽ കുഞ്ഞിന്റെ തോളെല്ല് പൊട്ടിയെന്നും ഇവർ പറയുന്നു. കുഞ്ഞിനെ പലപ്പോഴും കിടത്തിയിരുന്ന് തറയിലായിരുന്നു എന്നുമാണ് അമ്മൂമ്മ പറയുന്നത്.
രണ്ട് ദിവസം ഫോണിൽ ബന്ധപ്പെട്ടിട്ടും കുഞ്ഞിന്റെ വിവരം ലഭിക്കാതെ വന്നപ്പോൾ മുത്തശ്ശി അന്വേഷിച്ചു ചെല്ലുകയായിരുന്നു. അപ്പോഴാണ് പരുക്കേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. പരുക്ക് ഗുരുതരമല്ലെന്നും കുഞ്ഞ് അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. കേസിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ