കോഴിക്കോട്: അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് ഇടയാക്കിയ ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമര സേനാനി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പനെ അവഗണിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ.

പിറന്ന നാടിനുവേണ്ടി സവർവസ്വവും സമർപ്പിച്ച ആ നിസ്വാർഥ സേവകന്, ഇത്രയും കാലമായിട്ടും സമുചിതമായ ഒരു സ്മാരകം ഉയർന്നുവന്നിട്ടില്ലെന്ന് പത്മനാഭൻ ചൂണ്ടിക്കാട്ടുന്നു. കേളപ്പൻ നയിച്ച ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സ്മാരകമായി ഉയർന്നുവന്നത് ശിഷ്യനായ എ.കെ.ജിയുടെ പ്രതിമയാണെന്നും, എ.കെ.ജി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ആ സ്മാരകം ഇടിച്ചു നിരത്തുമായിരുന്നെന്നും, മലയാളികളുടെ പ്രിയ കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന് 90 വയസ്സ് പുർത്തിയാവുന്ന ഈ സമയത്ത് പുറത്തിറക്കിയ നവതി പ്രത്യേക പതിപ്പിലാണ് രൂക്ഷ വിമർശനങ്ങളുള്ള ടി.പത്മനാഭന്റെ ലേഖനം ഉള്ളത്.

'കേളപ്പൻ ഹാജിയിൽനിന്ന് സംഘിയിലേക്ക്'

ടി പത്മനാഭൻ 'കേളപ്പൻ എന്ന അനുഭവം' എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. -'' അങ്ങാടിപ്പുറത്തെ തളിക്ഷേത്രം ഒരുകാലത്ത് ധാരാളം സ്വത്തുക്കളുള്ള ഒരു വലിയ ആരാധനാലയം ആയിരുന്നു. കാലാന്തരത്തിൽ സ്വത്തുക്കളെല്ലാം കൈയേറ്റങ്ങളാൽ അന്യാധീനപ്പെട്ടു. ക്ഷേത്രവും പതുക്കെ പതുക്കെ പൊളിഞ്ഞ് നാമാവശേഷമായി. ഒടുവിൽ പാതവക്കിൽ നിരാലംബമായ ഒരു ബിംബം മാത്രം അവശേഷിച്ചു. ഈ ഘട്ടത്തിലാണ് പ്രാദേശികരായ ഏതാനും ക്ഷേത്ര വിശ്വാസികൾ, 'തളി'യുടെ പുനുരദ്ധാരണത്തിനായി ഇറങ്ങിത്തിരിച്ചത്. തങ്ങളുടെ പരിശ്രമത്തിന് സഹായം അഭ്യർത്ഥിച്ച് വന്ന വിശ്വാസികളെ കേളപ്പൻ നിരാശനാക്കിയില്ല. തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണ ശ്രമങ്ങളുടെ നേതൃസ്ഥാനം, സ്വാഭവികമായും അദ്ദേഹം ഏറ്റെടുത്തു.

പിന്നീട് എന്തുണ്ടായി എന്ന് ഞാൻ വിസ്തരിച്ച് പറയുന്നില്ല. അന്നത്തെ ഭരണകൂടത്തിന്റെ മർദനമുറകൾ ഒരു വശത്ത്. ഒരു പ്രത്യേക മതവിഭാഗത്തിൽപെടുന്ന പ്രാദേശികവാസികളുടെ എതിർപ്പ് മറുവശത്ത്. 'നായ പാത്തിയ കല്ലിന്മ്മേൽ ചന്ദനം പൂശിയ കേളപ്പാ' എന്ന ആക്രോശങ്ങൾ എമ്പാടും....ബ്രിട്ടീഷ് ഭരണകാലത്ത് അറസ്റ്റും ജയിൽവാസവും മർദ്ദനവുമൊക്കെ കേളപ്പൻ എത്രയോ തവണ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, സ്വതന്ത്ര ഇന്ത്യയിൽ കേളപ്പന് നേരിടേണ്ടിവന്ന ആദ്യത്തെ അറസ്റ്റ് തളി സമരത്തോട് അനുബന്ധിച്ചായിരുന്നു. അറസ്റ്റ് ചെയ്തത് മന്ത്രി ഇമ്പിച്ചിബാവയുടെ പൊലീസ്. കാരണം സമാധനഭഞ്ജനം.

കേളപ്പനെതിരെ അന്ന് ഒട്ടെറ അപവാദ കഥകൾ ഉയരുകയുണ്ടായി. കേളപ്പൻ മുസ്ലിം വിരോധിയാണ്. കേളപ്പൻ സംഘിയാണ് എന്നൊക്കെ. മലപ്പുറം ജില്ലാ രൂപവത്ക്കരണത്തെ, ന്യായമെന്ന് തനിക്ക് തോന്നിയ കാരണത്താൽ എതിർത്ത കേളപ്പനെതിരെ ഉപയോഗിക്കാൻ ഈ അപവാദശരങ്ങൾ ഏറെക്കുറെ പര്യാപ്തമായിരുന്നു താനും. എന്നാൽ, ഈ അപവാദ കർത്താക്കൾ സൗകര്യപൂർവം മറന്ന ചില കാര്യങ്ങളുണ്ട്. അവയിൽ രണ്ടെണ്ണം കുറിക്കുന്നു.

1) മലബാർ കലാപകാലത്ത്, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയെ രക്ഷിക്കാൻ ജീവൻ പണയംവെച്ച് കേളപ്പൻ നടത്തിയ വീരോചിത പ്രയത്നങ്ങൾ. ഇത് കേളപ്പന്റെ ശത്രുക്കളായ ബ്രിട്ടീഷ് ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥർപോലും രേഖപ്പെടുത്തിയിട്ടുണ്ട്.

2) വാടാനപ്പള്ളിയിലെ മുസ്ലിംപള്ളിക്ക് മുന്നിലൂടെ ചന്ദനക്കുടമെഴുന്നെള്ളിച്ച് അവിടെ കലാപമുണ്ടാക്കാൻ ശ്രമിച്ച ഹിന്ദുമതഭ്രാന്തന്മാരെ തടഞ്ഞു നിർത്തുന്നതിൽ കേളപ്പൻ വഹിച്ച പങ്ക്.

ഒരുകാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്, വാടാനപ്പള്ളി സമരകാലത്ത് ഹിന്ദുമതഭ്രാന്തന്മാരിൽനിന്ന് കേളപ്പന് കിട്ടിയ പുതിയ ബിരുദം, 'കേളപ്പൻ ഹാജി' എന്നതായിരുന്നു. പക്ഷേ ഈ ആരോപണങ്ങളും അപവാദങ്ങളുമൊന്നും കേളപ്പനെ അൽപ്പം പോലും പ്രകോപിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം. തന്റെ മനസാക്ഷി കാണിച്ചുതന്ന വഴിയിലൂടെ- അത് ധർമ്മത്തിന്റെ വഴിയായിരുന്നു- അചഞ്ചലനായി അദ്ദേഹം മുന്നോട്ടു നടന്നു. ''- ടി പത്മനാഭൻ എഴുതി

കോരപ്പുഴ പാലത്തിന്റെ ശിൽപ്പി

അതുപോലെ തന്നെ കേരളത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പല വികസനകാര്യങ്ങളും കേളപ്പന് നടപ്പാക്കാൻ കഴിഞ്ഞെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ പ്രതിഛായ വർധിപ്പിക്കാൻ അത് ഉപയോഗിച്ചില്ലെന്നും ടി പത്മനാഭൻ ചൂണ്ടിക്കാട്ടുന്നു. ''ജനമധ്യത്തിൽ തന്റെ പ്രതിഛായ പൊലിപ്പിച്ചുകാട്ടാൻ കേളപ്പൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല. മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്ന കാലത്ത് അദ്ദേഹത്തിന് വളരെ എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിമായിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും അതിന് ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ കാലത്ത് പുറത്തുവന്ന എത്രയോ വിശേഷാൽ പ്രതികൾ തെളിവുകളാണ്.

1940ൽ കേളപ്പൻ മലബാർ ഡിസ്ട്രിക്ക് ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്താണ്, കോരപ്പുഴ പാലം നിർമ്മിച്ചത്. കോഴിക്കോടിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ, ഇങ്ങനെ ഒരു പാലം എലത്തൂരിന് സമീപം കോരപ്പുഴയിൽ അതാവശ്യമായിരുന്നു. ഡിസ്ട്രിക്ക് ബോർഡ് പ്രസിഡന്റ് ആയിരുന്ന കേളപ്പനാണ്, ജനങ്ങളുടെ ഈ ചിരകാല അഭിലാഷം സാധിച്ച് കൊടുത്തത്. എന്നും വൈകുന്നേരങ്ങളിൽ പാലത്തിന്റെ നിർമ്മാണ പുരോഗതി കാണാൻ കേളപ്പൻ അവിടെ ചെല്ലാറുണ്ടായിരുന്നു. പാലവും ഇരുകരകളിലെ അപ്രോച്ച് റോഡുമൊക്കെ പൂർത്തിയായപ്പോൾ, അതുവഴി ഭാരം കയറ്റിവന്ന വയസ്സനായ ഒരു കാളവണ്ടിക്കാരനെ കേളപ്പൻ പാലത്തിലൂടെ കടത്തിവിട്ടു. അതുവരെ ചങ്ങാടത്തിലൂടെ ആയിരുന്നു പുഴ കടക്കേണ്ടിയിരുന്നത്.

ഒരുതരത്തിലുള്ള ഉദ്ഘാടന മഹാമഹവും അവിടെ നടന്നില്ല. ഒരുതരത്തിലുള്ള കൊട്ടും കുരവയുമുണ്ടായില്ല. പാലത്തിന്റെ രണ്ടറ്റങ്ങളിലും ഒരുതരത്തിലുള്ള ഫലകവും ആരുംപതിച്ചില്ല. പാലത്തിന് ഒരു പ്രത്യേക പേരും ഉണ്ടായിരുന്നില്ല''- ടി പത്മനാഭൻ ചൂണ്ടിക്കാട്ടി. '' സ്വാതന്ത്രപ്രാപ്തിക്കുശേഷം കേളപ്പന് ഒരു കേന്ദ്രമന്ത്രിയോ ഗവർണ്ണറോ ഒക്കെ ആകാമായിരുന്നു. പത്മ പുരസ്‌ക്കാരങ്ങൾ നേടാമായിരുന്നു. ഇനിനൊക്കെയുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്നും അധികാരത്തിന്റെ വഴികളിൽനിന്ന് മാറിനിന്നു. എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു. ജനസേവനമായിരുന്നു, പ്രത്യേകിച്ചും പാവപ്പെട്ടവരുടെയും, അധസ്ഥിതരുടെയും സേവനമായിരുന്നു, ആ മഹാപരുഷന്റെ മാർഗം.''- ടി പത്മനാഭൻ എഴുതി.

'ഇത് ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്'

പത്മനാഭൻ തുടർന്ന് ഇങ്ങനെ എഴുതുന്നു. ''കേളപ്പൻ കഥാവശേഷനായിട്ട് കാലമേറെയായി. ഇതുവരെ ആയിട്ടും പിറന്ന നാടിനുവേണ്ടി സവർവസ്വവും സമർപ്പിച്ച ആ നിസ്വാർഥ സേവകന് സമുചിതമായ ഒരു സ്മാരകം ഉയർന്നുവന്നിട്ടില്ല. അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാവുകയാണെങ്കിൽ അതിന് ഏറ്റവും ഉചിതമായ സ്ഥലം, ഗുരുവായൂരാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കാതിരിക്കില്ല. മഹത്തായ ക്ഷേത്രപ്രവേശന സമരത്താൽ അദ്ദേഹം ചരിത്രം സൃഷ്ടിച്ചത്, ഗുരുവായൂരാണെല്ലോ. ഈ അടുത്ത കാലത്ത് ഗുരുവായൂരമ്പലത്തിന്റെ കിഴക്കേനടയിൽ, സത്യാഗ്രഹസമരനായകന് ഒരു സ്മാരകം ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ അത് കേളപ്പനുള്ളതല്ല. സമരകാലം മുഴുവൻ കേളപ്പന്റെ സഹായിയും, പ്രിയ ശിഷ്യനുമായ എ.കെ.ജിയുടെ പേരിലാണ്!

കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് എ.കെ.ജി. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ആദ്യം ചെയ്യുക, ആ സ്മാരകം ഇടിച്ചു നിരത്തുകയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. കല്ലിലും ലോഹത്തിലും, തീർത്ത സ്മാരകങ്ങളില്ലെങ്കിലും, ജനഹൃദയങ്ങളിൽ കേളപ്പൻ എന്നും ജീവിക്കും. പക്ഷേ അതല്ലല്ലോ കാര്യം. ഗുരുവായൂരിലെ ഈ സത്യാഗ്രഹ സ്മാരകത്തിന് പിന്നിലെ ബുദ്ധി ആരുടേതാണെന്ന് അറിയില്ല. പക്ഷേ ഒരു കാര്യം ഞാൻ തറപ്പിച്ച് പറയുന്നു. ഇത് ചരിത്രത്തെ തമസ്‌ക്കരിക്കലാണ്. ചരിത്രത്തെവളച്ചൊടിക്കലാണ്. ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇതു ചെയ്തവർക്ക് കാലം മാപ്പുകൊടുക്കില്ല. ''- ഇങ്ങനെയാണ് ടി പത്മമനാഭൻ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

സംഘപരിവാർ കേളപ്പനെ ഹൈജാക്ക് ചെയ്യുന്നുവെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കിടയിൽ, പത്മാനഭനെപ്പോലുള്ള ഒരു മുതിർന്ന എഴുത്തുകാരന്റെ വിമർശനം രാഷ്ട്രീയ- സാംസ്കാരിക വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. അടുത്തകാലത്തുള്ള വിവിധ പ്രശ്നങ്ങളിൽ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന നിലപാടാണ് ടി. പത്മനാഭൻ എന്ന കണ്ണൂരുകാരുടെ പ്രിയപ്പെട്ട പപ്പേട്ടൻ സ്വീകരിക്കാറുണ്ടായിരുന്നത് എന്നതും ഈ ലേഖനത്തെ ചർച്ചയാക്കുന്നുണ്ട്.