കൊച്ചി: റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച കേരളത്തിലെ സർക്കാരിനെ മാറ്റാനുള്ള ശക്തിയാകണം അടുത്ത തിരഞ്ഞെടുപ്പെന്നാണ് കെമാൽ പാഷ പറയുന്നത്. അതിനു കെൽപ്പുള്ള സംഘമെന്ന നിലയിൽ യു.ഡി.എഫ്. രാഷ്ട്രീയത്തോട് ചേർന്നു സഞ്ചരിക്കും. ഇതാണ് കെമാൽ പാഷയുടെ പ്രഖ്യാപനം. എന്നാൽ ഇത് സമ്മിശ്രവികാരമാണ് പൊതു സമൂഹത്തിൽ എത്തുന്നത്. ട്രോളുകളും സജീവം. കോൺഗ്രസ് കെമാൽപാഷയ്ക്ക് സീറ്റ് നൽകുമെന്ന് തന്നെയാണ് സൂചന.

ഈ എല്ലിൻ കഷ്ണത്തിന് വേണ്ടിയായിരുന്നോ ഇങ്ങര് ഇത്രനാൾ കുരച്ചതെന്ന കളിയാക്കലാണ് സിപിഎം സൈബർ സഖാക്കൾ ചർച്ചയാക്കുന്നത്. കാള വാല് പൊക്കുമ്പോൾ തന്നെ മനസ്സിലായിരുന്നുവെന്ന കളിയാക്കലും ഉണ്ട്. അങ്ങനെ കെമാൽപാഷയെ കടന്നാക്രമിക്കുകയാണ് ഇടതു പക്ഷം. സർക്കാരിനെ വിമർശിച്ചത് പോലും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അവർ കരുതുന്നു. എന്നാൽ കെമാൽപാഷയെ പോലുള്ളവർ അടുക്കുന്നത് അഴിമതി ചർച്ച ചെയ്യാൻ സഹായകമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂരിൽ മത്സരിക്കണമെന്ന് യു.ഡി.എഫിലെ ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. താമസം എറണാകുളത്താണ്. ഇവിടെയുള്ള ഏതെങ്കിലും മണ്ഡലം കിട്ടിയാൽ ഞാൻ ഒരുപക്ഷേ, മത്സരിച്ചേക്കും-കെമാൽപാഷ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. സർക്കാരിന്റെ പല അഴിമതികളും പൊതുജനമധ്യത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് യു.ഡി.എഫാണ്. എനിക്കു ചേർന്നുനിൽക്കാവുന്ന പ്രസ്ഥാനമാണ് യു.ഡി.എഫ്. ജനപ്രതിനിധിയായാൽ അതിന്റെ ശമ്പളംപോലും എനിക്കു വേണ്ട. ഇപ്പോഴും പെൻഷൻ ലഭിക്കുന്നുണ്ട്. എനിക്കും കുടുംബത്തിനും ജീവിക്കാൻ അതുമതി-ഹൈക്കോടതിയിലെ മുൻ ജഡ്ജി പറയുന്നു.

അസഹിഷ്ണുതയാണ് ഈ സർക്കാരിന്റെ മുഖമുദ്ര. വിമർശനത്തെ നേരിടാൻ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും താത്പര്യമില്ല. പാലം തുറന്നുകൊടുക്കാൻ എന്തിനാണ് ഇത്ര വൈകിച്ചതെന്നു മുഖ്യമന്ത്രി പറയണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞത് സർക്കാരിന്റെ പാലം എന്നാണ്. സർക്കാർ എന്നു പറഞ്ഞാൽ ജനങ്ങളുടേതാണ്. ഇവരുടെയൊക്കെ ധാരണ എല്ലാം അവരുടേതാണെന്നാണ്-കെമാൽ പാഷ പറഞ്ഞു. പുനലൂരിൽ കെമാൽപാഷ മത്സരിച്ചാൽ നല്ല സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപിയേയും സിപിഎമ്മിനേയും ഒരു പോലെ വിമർശിക്കുന്ന വ്യക്തിത്വമാണ് കെമാൽപാഷ. നേരത്തേയും മുഖ്യമന്ത്രി പിണറായി വിജയനെ കെമാൽപാഷ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി വിമർശിച്ചത് മുൻ ജഡ്ജിയെ ഉദ്ദേശിച്ചായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് തിരിച്ചടിച്ച് ഹൈക്കോടതി മുൻ ജഡ്ജി പ്രതികരിക്കുകയും ചെയ്യുന്നു. ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാൽ പാഷ പ്രതികരിച്ചിരുന്നു. ഇതിന് സമാനമായി പലവിഷയത്തിലും പിണറായിയെ വിമർശിച്ചു.

കെമാൽപാഷയ്ക്കുണ്ടായിരുന്ന സുരക്ഷയും പിണറായി സർക്കാർ പിൻവലിച്ചു. അങ്ങനെ സർക്കാരിനെതിരെ പരസ്യമായി പലപ്പോഴും രംഗത്തു വന്ന വ്യക്തിത്വമാണ് കെമാൽപാഷ. കനകമലയിലെ രഹസ്യ യോഗത്തിൽ ഐസിസിന്റെ കണ്ണിലെ കരടായി മാറിയത് അന്ന് ഹൈക്കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റീസ് കെമാൽപാഷയും ജസ്റ്റീസ് കെടി ശങ്കരനും ആയിരുന്നു. മുസ്ലിം വ്യക്തി നിയമത്തെ വിമർശിച്ചതാണ് കെമാൽപാഷയെ ഐസിസിന്റെ ശത്രുപക്ഷത്ത് എത്തിച്ചത്.

ജസ്റ്റി്‌സ് ബി കെമാൽപാഷ നടത്തിയ മുസ്ലിം വ്യക്തി നിയമം സംബന്ധിച്ച പരാമർശം ഏറെ ചർച്ചയായിരുന്നു. മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളുടെ നേർക്ക് കടുത്ത വിവേചനമാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, വ്യക്തിനിയമത്തിൽ കൂടുതൽ പരിഗണന കിട്ടുന്നത് പുരുഷന്മാർക്കാണെന്നും ഇങ്ങനെയുള്ള പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്മാരാണെന്നും ആഞ്ഞടിച്ചു. ഖുർആനിൽ പറയുന്ന അവകാശങ്ങൾ പോലും സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞിരുന്നു. പുരുഷന്മാർക്ക് ഒരേ സമയം നാല് ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് നാല് ഭർത്താക്കന്മാരായിക്കൂടെ എന്ന് ജസ്റ്റിസ് കെമാൽപാഷ ചോദിച്ചു.

വിവാഹം കഴിച്ചെത്തുന്ന വീടിനുമേൽ പെൺകുട്ടിക്കുള്ള അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർവചനമില്ലാതെ ഗാർഹിക പീഡന നിരോധ നിയമത്തിന് പൂർണമായ ഫലപ്രാപ്തിയുണ്ടാകില്ല. ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷ നേടണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.