തിരുവനന്തപുരം: കേരളാ നിയമസഭ ഇന്നേവരെ കണ്ടിൽ വെച്ച് ഏറ്റവും മികച്ച ബാച്ച് ഏതാണ്? 1970-77ലെ കന്നിക്കാരുടെ ബാച്ചാണ് ഇക്കൂട്ടത്തിൽ കിടിലോൽക്കിടലമായി കണക്കാക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് നിയമസഭയിലെത്തി പിൻബെഞ്ചിൽ ഇരുന്നവരാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ എത്തിയ മൂന്നുപേർ. അന്ന് തങ്ങൾ മുഖ്യമന്ത്രിമാർ ആകുമെന്ന് ഇവർ മനസ്സിൽ പോലും കരുതിയിരുന്നില്ല. ആ മൂന്ന് പേരുകൾ ഇങ്ങനെയാണ്. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പിണറായി വിജയൻ എന്നിവരാണ് ഇവർ. അക്കാലത്ത് ഏറ്റവും സീനിയറായി സഭയിൽ ഉണ്ടായിരുന്നത് കെ ആർ ഗൗരിയമ്മയും കെ എം മണിയും അടക്കമുള്ളവരായിരുന്നു.

ഭാവിയിൽ കേരളത്തിൽ 3 മുഖ്യമന്ത്രിമാരെയും 15 മന്ത്രിമാരെയും സൃഷ്ടിച്ച കിടിലൻ ബാച്ചായിരുന്നു 1970-77ലെ കന്നിക്കാരുടേത്. അന്ന് ആദ്യമായി സഭയിലെത്തിയവരിൽ എത്ര പേർ തന്റെ ജൂബിലി വേളയിൽ ഇപ്പോൾ സഭയിലുണ്ടെന്ന് ഉമ്മൻ ചാണ്ടി നോക്കിയാൽ 2 പേരെ കാണാം. മുഖ്യമന്ത്രി പിണറായി വിജയനെയും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെയും. 61 പേരായിരുന്നു 1970-77 നിയമസഭയിലെ കന്നിക്കാർ. പിണറായിക്കും ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും പുറമേ എം വി രാഘവൻ, എ.സി. ഷൺമുഖദാസ്, വക്കം പുരുഷോത്തമൻ, കെ. പങ്കജാക്ഷൻ, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മാർ.

യുവജന സംഘടനകൾക്കു നേതൃത്വം നൽകി സംസ്ഥാനമാകെ സമാരാവേശം പടർത്തിയിരുന്ന വലിയൊരു യുവനിര സഭയിൽ എത്തിയ തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. പ്രവൃത്തിയിലൂടെയും പ്രസംഗത്തിലൂടെയും സിപിഎം അണികൾക്ക് ആവേശമായിരുന്ന എം വി രാഘവൻ പിന്നീട് പാർട്ടിവിട്ടു യുഡിഎഫിലെത്തി ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗവുമായി. ഉമ്മൻ ചാണ്ടിക്കൊപ്പം ഏറ്റവും കൂടുതൽ തവണ നിയമസഭയിലെത്തിയ 1970 ബാച്ചുകാരൻ പി.ജെ. ജോസഫാണ്; 9 വട്ടം. എം വി രാഘവനും എ.സി. ഷൺമുഖദാസും 7 പ്രാവശ്യം സഭയിലെത്തി.

ആന്റണിയും പിണറായിയും വക്കം പുരുഷോത്തമനും കെ. പങ്കജാക്ഷനും യു.എ. ബീരാനും എ.വി. അബ്ദുറഹ്മാനും കെ. രാഘവനും 5 വട്ടമാണ് ഉമ്മൻ ചാണ്ടിക്കൊപ്പം സഭയിലെത്തിയത്. കന്നിജയത്തിനു ശേഷം 77 ൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ എ.കെ. ആന്റണി മാറിനിന്നെങ്കിലും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും മത്സരിച്ചു. ആ നിയമസഭാ കാലത്തു കരുണാകരനു പിന്നാലെ മുഖ്യമന്ത്രിയായി ആന്റണി ഉപതിരഞ്ഞെടുപ്പിലൂടെയും സഭയിലെത്തി.