- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ കയ്യാങ്കളി കഴിഞ്ഞിട്ട് ആറ് വർഷം; എന്നിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും ഒന്നുമറിയില്ല! സഭാ കയ്യാങ്കളി കേസിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിവരം ശേഖരിക്കുന്നേയൂള്ളൂവെന്ന് മറുപടി; സുപ്രീംകോടതിയിലും കൈപൊള്ളിയതോടെ സഭയിൽ വാതുറക്കാൻ ഭയന്ന് പിണറായി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയാണ് സംസ്ഥാന സർക്കാരിന്. കേസ് പിൻവലിക്കാൻ സുപ്രീംകോടതിയിൽ പോയ സർക്കാരിന് ജസ്റ്റിസ് .ഡി.വൈ ചന്ദ്രചൂഢിന്റെ വായിൽ നിന്നും കണക്കിന് കിട്ടിയിരുന്നു. അതുകൂടാതെ കെഎം മാണി അഴിമതിക്കാരനായിരുന്നു എന്ന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനായ രഞ്ജിത് കുമാറിന്റെ പരാമർശവും സർക്കാരിനെ പ്രതിരോധത്തിലാക്കി. ഒടുവിൽ അടുത്ത ദിവസം അന്നത്തെ സർക്കാരിനെതിരായിരുന്നു പ്രതിഷേധം എന്ന് അദ്ദേഹത്തിന് തിരുത്തേണ്ടി വന്നു. ഈ സാഹചര്യത്തിൽ ആ കേസിനെ പറ്റി വായ തുറക്കാൻ പോലും മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോൾ പേടിയാണ്. ആ ഭയം ഊട്ടിഉറപ്പിക്കുന്നതായിരുന്നു ഇന്ന് നിയമസഭയിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയും.
നിയമസഭാ കയ്യാങ്കളി കേസിൽ കോൺഗ്രസ് എംഎൽഎമാരായ പിടി തോമസ്, അനവർ സാദത്ത്, സിആർ മഹേഷ് എന്നിവർ ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത അഞ്ച് ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി. ഇതു സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും വിവരം ശേഖരിച്ചുവരുന്നു എന്ന ഉത്തരം മാത്രമാണ് മുഖ്യമന്ത്രി സഭയിൽ നൽകിയത്.
1. 2015 മാർച്ച് 13 ന് നിയമസഭയിൽ നടന്ന അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ നിലവിലെ മന്ത്രിയും രണ്ട് മുന്മന്ത്രിമാരും രണ്ട് മുൻ സാമാജികന്മാരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിൽ നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റേയും നിയമോപദേശം തേടിയിരുന്നോ?
2. എങ്കിൽ പ്രസ്തുത കേസിൽ ലഭിച്ച നിയമോപദേശം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ?
3. പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നത് തടയാൻ നിയമനിർമ്മാണം നടത്തിയ സംഭയിലെ അംഗങ്ങൾ തന്നെ അത് ലംഘിക്കുന്നത് കുറ്റകരമാണെന്ന് കരുതുന്നുണ്ടോ? വ്യക്തമാക്കുക.
4. നിയമസഭയിൽ നടന്ന ഒരു ക്രിമിനൽ നടപടിയുടെ കേസ് എഴുതിത്ത്ത്തള്ളുന്നത് ഇത്തരം സംഭവങ്ങളെ പ്രോൽസാഹിപ്പിക്കുതിന് ഇടയാകുമെന്ന് വിലയിരുത്തുന്നുണ്ടോ?
5. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നവരെ സംരക്ഷിക്കുന്നതിനായി രാജ്യത്തെ പ്രമുഖരായ അഭിഭാഷകരെ കോടികൾ മുടക്കി കോടതിയിൽ ഹാജരാക്കുന്ന പ്രവണത സർക്കാരിന്റെ നയങ്ങൾക്ക് അനുസൃതമാണോയെന്ന് വ്യക്തമാക്കുമോ?
എന്നിങ്ങനെയാണ് ചോദ്യങ്ങൾ. ഇവയിൽ പലതും നയപരമായ ചോദ്യങ്ങളായതിനാൽ വിശദമായ പഠനങ്ങളില്ലാതെ തന്നെ മറുപടി നൽകാൻ കഴിയുന്നവയാണ്. നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഫയലിൽ നിന്നുതന്നെ അതുസംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കും എന്നിരിക്കെ ഇവയ്ക്കെല്ലാം സർക്കാർ ഇപ്പോഴും വിവരം ശേഖരിക്കുന്നതേ ഉള്ളു. ഇത്രയും സമയമെടുത്ത് വിവരം ശേഖരിക്കാനുള്ള ചോദ്യം ഇതിലേതാണെന്നാണ് മറുപടി കേട്ടവർക്കാർക്കും ഇതുവരെ മനസിലായിട്ടില്ല. നിയമസഭാ കയ്യാങ്കളി കേസിനെ കുറിച്ചും കെഎം മാണിയെ പറ്റിയും പരാമർശിച്ചാൽ വീണ്ടുമത് വിവാദമാകുമെന്ന ഭയമാണ് കൃത്യമായ മറുപടി നൽകുന്നതിൽ നിന്നും മുഖ്യമന്ത്രിയെ പിന്തിരിപ്പിച്ചതെന്ന് വ്യക്തമാണ്.
സുപ്രീകോടതിയിലെ അഡ്വ. രഞ്ജിത് കുമാറിന്റെ പരമാർശം ഉണ്ടാക്കിയ വിവാദത്തിൽ നിന്നും സിപിഎമ്മും സർക്കാരും കഷ്ടിച്ച് തല ഊരി വരുന്നതേ ഉള്ളു. മുന്നണിയിൽ വന്നിട്ട് അധികനാൾ ആയിട്ടില്ലാത്തതിനാൽ അതൊരു അഭിമാനപ്രശ്നമായി കാണാതെ ജോസ്പക്ഷം ഒഴിഞ്ഞുമാറിയതുകൊണ്ടാണ് അതൊരു വലിയ രാഷ്ട്രീയ വിവാദമായി ആളിപ്പടരാതിരുന്നത്. എന്നാൽപോലും ബജറ്റിൽ സ്മാരകം നിർമ്മിക്കുകയും കോടതിയിൽ തള്ളിപ്പറയുകയും ചെയ്യുന്ന സംസ്ഥാനസർക്കാരിന്റെ ഇരട്ടനിലപാട് പൊതുസമൂഹത്തിൽ ഏറെ ചർച്ചയായിരുന്നു.
അത് സിപിഎമ്മിനും കേരള കോൺഗ്രസ് ജോസ് പക്ഷത്തിനും ക്ഷീണമുണ്ടാക്കിയെന്ന വസ്തുത പിണറായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ തുടർയായി വിവാദമുണ്ടായാൽ അത് വലിയ പൊട്ടിത്തെറികൾക്ക് വഴി വയ്ക്കുമോ എന്ന ഭയം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുകൂടിയാണ് വ്യക്തമായ മറുപടി ഇല്ലാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. എന്തായാലും വിവരം ശേഖരിച്ചുകഴിഞ്ഞ് എന്തുമറുപടി സർക്കാർ നൽകുമെന്നാണ് പൊതുസമൂഹം കാത്തിരിക്കുന്നത്.