തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ തവണ ബിജെപിക്ക് ജയിക്കാനായത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണെന്ന ആരോപണവുമായി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന വി.സുരേന്ദ്രൻ പിള്ള.

ഘടക കക്ഷികൾക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോൺഗ്രസിന്റെ രീതി. അവർ മത്സരിക്കുന്ന സീറ്റുകളിൽ അവർക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ.രാജഗോപാൽ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും ശ്രദ്ധിക്കണം. താൻ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവർത്തകരെ കുറ്റംപറയില്ല.

ചില നേതാക്കളാണ് കച്ചവടത്തിന് പിന്നിൽ. നിലവിൽ ത്രികോണ മത്സരം വന്നതോടെ എൽഡിഎഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിക്ക് സാധ്യതയേറിയെന്നും സുരേന്ദ്രൻ പിള്ള പ്രതികരിച്ചു.

'1984 മുതൽ യുഡിഎഫിന്റെ സമീപനം ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ ഒരു പ്രമുഖനായ നേതാവ് നേമത്ത് നാമനിർദ്ദേശം നൽകാൻ പറഞ്ഞപ്പോൾ മത്സിരക്കുന്നില്ലെന്നാണ് ഞാനാദ്യം പറഞ്ഞത്.

യുഡിഎഫിനെ എനിക്കറിയാവുന്നതുകൊണ്ടായിരുന്നു അത്. എന്നാലിപ്പോൾ യുഡിഎഫ് അവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ നിന്നത്. ചിലർക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയണ് യുഡിഎഫ് ചെയ്തത്' സുരേന്ദ്രൻ പിള്ള പറഞ്ഞു.