- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്നത്തെ ധനമന്ത്രി അഴിമതിക്കാരനായിരുന്നു; സഭയിൽ നടന്നത് അതിന് എതിരായ പ്രതിഷേധമെന്ന് പറഞ്ഞ സർക്കാർ അഭിഭാഷകൻ മാപ്പു പറയുമോ? മാണിയാണോ അധികാരമാണോ വലുതെന്ന ചർച്ച അണികളിലും സജീവം; കേരളാ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പിണറായിയുടെ ഇടപെടൽ
കോട്ടയം: അന്നത്തെ ധനകാര്യമന്ത്രി അഴിമതിക്കാരനായിരുന്നു. അതിന് എതിരായ പ്രതിഷേധമാണ് സഭയിൽ അരങ്ങേറിയത്-സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ വാദമായിരുന്നു ഇത്. എങ്ങനേയും നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ നടത്തിയ വിവാദ നീക്കം. കേസ് പിൻലവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപ്പീലിൽ സുപ്രീം കോടതിയിൽ നടന്ന വാദ പ്രതിവാദങ്ങൾ കേരള രാഷ്ട്രീയത്തിലും ചലനമുണ്ടാക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഈ നിലപാട് അറിയിച്ചത് സർക്കാർ അഭിഭാഷകനാണ്. ഇതേ സർക്കാരിന്റെ ഭാഗമാണ് ഇന്ന് മാണിയുടെ കേരളാ കോൺഗ്രസ്. കേരളാ കോൺഗ്രസ് എമ്മിന്റെ കൂടി പിന്തുണയിലാണ് ഇടതുപക്ഷം തുടർഭരണം ഉറപ്പാക്കിയത്. ആറു എംഎൽഎമാരാണ് അവർക്ക് സഭയിലുള്ളത്. റോഷി അഗസ്റ്റിൻ ജലസേചന മന്ത്രി. ഡോ ജയരാജ് ചീഫ് വിപ്പും. അങ്ങനെ സർക്കാരിനൊപ്പം നിൽക്കുന്ന കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ വെട്ടിലാക്കുന്നതായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദങ്ങൾ. ഇനി കേരളാ കോൺഗ്രസ് എന്തു തീരുമാനം എടുക്കുമെന്നതാണ് നിർണ്ണായകം.
മാണിയെ തെറ്റുകാരനല്ലെന്ന് പരസ്യമായി പറഞ്ഞാണ് കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിച്ചത്. അതൊരു കള്ളക്കേസാണെന്ന് പറഞ്ഞ സിപിഎം നേതാക്കൾ പോലുമുണ്ട്. ബാർ കോഴയ്ക്ക് പിന്നിൽ കോൺഗ്രസിലെ നേതാക്കളെന്ന് ആരോപിച്ചാണ് ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്ത് യുഡിഎഫിൽ നിന്ന് കൂടുമാറിയത്. മാണിയെ അഴിമതിക്കാരനാക്കുന്നത് സർക്കാർ അഭിഭാഷകനാണ്. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിന് ഇതിനെതിരെ രംഗത്തു വരാതിരിക്കാൻ കഴിയില്ല. ഇത് മുന്നണി മാറ്റത്തിനുള്ള സാഹചര്യമുണ്ടാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
മാണിയാണോ അധികാരമാണോ വലുതെന്ന ചോദ്യമാണ് ഇപ്പോൾ കേരളാ കോൺഗ്രസിന് മുന്നിൽ യുഡിഎഫ് ഉയർത്തുന്നത്. ഇതിനെ കരുതലോടെ നേരിടാനാണ് ജോസ് കെ മാണിയുടെ തീരുമാനം. ഇന്നത്തെ സ്റ്റിയറിങ് കമ്മറ്റി യോഗം നിർണ്ണായകമാകും. ണിയെ അഴിമതിയുമായി ബന്ധിപ്പിച്ചു സംശയനിഴലിലാക്കി സുപ്രീം കോടതിയിൽ സർക്കാർ നടത്തിയ പരാമർശത്തിൽ പ്രതിഷേധവുമായി കേരളാ കോൺഗ്രസ് (എം) രംഗത്തു വന്നിട്ടുണ്ട്.
കെ.എം. മാണിയെക്കുറിച്ചു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശത്തിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നതായി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. കുറ്റക്കാരനല്ലെന്നു രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ കെ.എം. മാണിയെക്കുറിച്ചു തികച്ചും നിരുത്തരവാദപരമായ പരാമർശം നടത്തിയ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണം. ഈ പരാമർശം പിൻവലിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. ഈ പരാമർശം തിരുത്തിയില്ലെങ്കിൽ കേരളാ കോൺഗ്രസിന് ഇടതു മുന്നണിയിൽ തുടരുക രാഷ്ട്രീയ വെല്ലുവിളിയുമാകും.
ഇന്നലെ സുപ്രീകോടതിയിൽ സംഭവിച്ചത്
ബെഞ്ച്: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആർ. ഷാ.
രഞ്ജിത്ത് കുമാർ : ഭരണഘടനാ ബെഞ്ചിന്റെ രണ്ട് വിധികളുടെ ന്യൂനപക്ഷ അഭിപ്രായങ്ങൾ മാത്രം അടിസ്ഥാമാനമാക്കിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അതിനാൽ ഹൈക്കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചാൽ അത് ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്ക് എതിരാകും.
ജസ്റ്റിസ് ചന്ദ്രചൂഡ്: ബഡ്ജറ്റ് അവതരണം തടസ്സപ്പെടുത്തിയാണ് അവർ അക്രമം നടത്തിയത്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ഞങ്ങളുടെ അഭിപായം. മൈക്ക് വലിച്ച് എറിഞ്ഞ് സഭയിൽ അക്രമം നടത്തിയവർ വിചാരണ നേരിടണം.
രഞ്ജിത്ത് കുമാർ: ആ നടപടിക്ക് അവരെ ഏഴ് ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ജസ്റ്റിസ് എം.ആർ. ഷാ: കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ക്രിമിനൽ നടപടി ചട്ടത്തിലെ 131-ാം വകുപ്പ് പ്രകാരം ആ അധികാരം ഉള്ളത് പബ്ലിക് പ്രോസിക്യൂട്ടർക്ക് മാത്രമാണ്.
രഞ്ജിത്ത് കുമാർ: പബ്ലിക് പ്രോസിക്യൂട്ടറാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. അതാണ് ഹൈക്കോടതി റദ്ദാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടർക്ക് സർക്കാരിന്റെ ഉപദേശം സ്വീകരിക്കാം എന്ന വിധികളുണ്ട്. അത് ഇവിടെ ഹാജരാക്കാം.
ജസ്റ്റിസ് എം.ആർ. ഷാ: പരാതി ഉണ്ടെങ്കിൽ പ്രതികളാണ് കോടതിയെ സമീപിക്കേണ്ടത്.
രഞ്ജിത് കുമാർ: പ്രതികളും അപ്പീൽ നൽകിയിട്ടുണ്ട്. അവർക്ക് വേണ്ടി ജയ്ദീപ് ഗുപ്ത ആണ് ഹാജരാകുന്നത്.
ജസ്റ്റിസ് ചന്ദ്രചൂഡ് ജസ്റ്റിസ് എം.ആർ. ഷായോട്: അവർ പറയുന്ന വിധികൾ ഒക്കെ ഫയൽ ചെയ്യട്ടെ.
രഞ്ജിത്ത് കുമാർ: ഞങ്ങൾ ആ വിധികൾ ഒക്കെ ഫയൽ ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് ചന്ദ്രചൂഡ്: ഞങ്ങൾ ഈ ഹർജികൾ അടുത്ത ബുധനാഴ്ച പരിഗണിക്കാം. അതിന് മുൻപ് നിങ്ങൾക്ക് ആവശ്യമുള്ള രേഖകളൊക്കെ ഫയൽ ചെയ്യാം. ചൊവ്വാഴ്ച വൈകിട്ട് ഞങ്ങൾക്ക് അത് വായിക്കാൻ സമയം കിട്ടും. ഒരു കാര്യം വ്യക്തമാക്കാം, മൈക്ക് വലിച്ചെറിയുകയും നിയമസഭയിൽ അക്രമം നടത്തുകയും ചെയ്ത എംഎൽഎമാരുടെ നടപടി അംഗീകരിക്കാൻ ആകില്ല.
രഞ്ജിത് കുമാർ: സഭയിൽ അച്ചടക്ക ലംഘനത്തിന് നടപടി എടുക്കേണ്ടത് സഭ തന്നെയാണ്. സ്പീക്കർക്കാണ് അതിന് അധികാരം
ജസ്റ്റിസ് എം.ആർ. ഷാ: ജനങ്ങളുടെ പ്രതിനിധികൾ ആണ് ഈ എംഎൽഎമാർ. അവരുടെ സഭയിലെ പ്രവർത്തനം എന്ത് സന്ദേശം ആണ് നൽകുന്നത്?
ജസ്റ്റിസ് ചന്ദ്രചൂഡ്: നിയമ നിർമ്മാണ സഭകളിലെ ഏറ്റവും പ്രാധാന്യമുള്ള കടമകളിൽ ഒന്നാണ് ധന ബില്ല് പാസ്സാക്കാൽ. അതാണ് അക്രമത്തിലൂടെ തടയാൻ ശ്രമിച്ചത്. അതിനോട് യോജിക്കാൻ കഴിയില്ല. ധന ബില്ല് പാസാക്കുന്നത് തടസ്സപ്പെടുത്തിയ എംഎൽഎമാരെ സംരക്ഷിക്കുന്നതിൽ എന്ത് പൊതു താത്പര്യമാണ് ഉള്ളത്?
രഞ്ജിത് കുമാർ: അന്നത്തെ ധനകാര്യമന്ത്രി അഴിമതിക്കാരനായിരുന്നു. അതിന് എതിരായ പ്രതിഷേധമാണ് സഭയിൽ അരങ്ങേറിയത്.
ജസ്റ്റിസ് ചന്ദ്രചൂഡ്: ധനകാര്യമന്ത്രിയുടെ സ്വഭാവം എന്തായാലും നിങ്ങളുടെ നടപടി അംഗീകരിക്കാൻ കഴിയില്ല.
രഞ്ജിത് കുമാർ: പ്രതിഷേധിക്കാനുള്ള അവകാശം നിയമസഭാ അംഗങ്ങൾക്കും ഉണ്ട്
ജസ്റ്റിസ് എം.ആർ. ഷാ: കേരള നിയസഭയിൽ മാത്രമല്ല. ഇത്തരം സംഭവങ്ങൾ പാർലമെന്റിലും മറ്റ് സഭകളിലും വർദ്ധിച്ച് വരികയാണ്. ഇത് തടയേണ്ടതാണ്.
ജസ്റ്റിസ് ചന്ദ്രചൂഡ്: നിങ്ങൾക്ക് ഫയൽ ചെയ്യാനുള്ള രേഖകൾ ഫയൽ ചെയ്യൂ. അടുത്ത ബുധനാഴ്ച ഈ ഹർജികൾ പരിഗണിക്കാം.
രഞ്ജിത് കുമാർ: അടുത്ത ബുധനാഴ്ച ജസ്റ്റിസ് യു.യു. ലളിതിന് മുമ്പാകെ ഒരു കേസിൽ ഹാജരാകേണ്ടതുണ്ട്. അതിനാൽ ഈ അപ്പീലുകൾ ചൊവ്വാഴ്ചത്തേക്കോ വ്യാഴാഴ്ചത്തേക്ക് മാറ്റാമോ? അന്ന് ഈ കേസിൽ വിശദമായ അന്തിമവാദം കോടതിക്ക് കേൾക്കാം.
ജസ്റ്റിസ് ചന്ദ്രചൂഡ്: ഞങ്ങൾ ഈ അപ്പീലുകളിൽ നോട്ടീസ് അയച്ചിട്ടില്ല. അയക്കാൻ ആലോചിട്ടുമില്ല. അതുകൊണ്ട് അന്തിമവാദം കേൾക്കുന്നെന്ന് പറയുന്നത് ശരിയല്ല. ഏതായാലും 15-ാം തീയതി ഈ അപ്പീലുകൾ കേൾക്കാം.
മഹേഷ് ജെഠ്മലാനി (തടസ്സഹർജി നൽകിയ അജിത് കുമാറിന് വേണ്ടി): നോട്ടീസ് അയക്കാത്തതു കൊണ്ട് ഞാൻ വിശദമായി വാദിക്കുന്നില്ല. പക്ഷെ ഈ വിഷയത്തിൽ എനിക്കും കുറച്ച് അധികം കാര്യങ്ങൾ പറയാൻ ഉണ്ട്. കേസ് പിൻവലിക്കാനുള്ള നീക്കത്തിനോട് ഞങ്ങൾക്ക് എതിർപ്പ് ഉണ്ട്. കേസ് പിൻവലിക്കുന്നത് പൊതുതാത്പര്യം മുൻനിറുത്തിയല്ല.
ജയ്ദീപ് ഗുപ്ത: (ചിരിച്ച് കൊണ്ട്): മഹേഷ് ജെഠ്മലാനിക്ക് വിശദമായി വാദിക്കണം എങ്കിൽ നോട്ടീസ് സ്വീകരിക്കണം.
മഹേഷ് ജെഠ്മലാനി: പൊതു മുതൽ നശിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നിലപാട് ആണ് സ്വീകരിക്കേണ്ടത്. ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി എടുത്താലും ന്യൂനപക്ഷ വിധി എടുത്താലും അക്കാര്യത്തിൽ ഭിന്നാഭിപ്രായം ഇല്ല. പൊതുമുതൽ നശിപ്പിക്കവർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് എം.ആർ. ഷാ: ജെഠ്മലാനി, ഞങ്ങൾ ഇന്ന് വിശദമായി വാദം കേൾക്കുന്നില്ല. 15-ാം തീയതി കേൾക്കാം. അങ്ങയുടെ ഊർജ്ജം അന്നത്തേക്ക് ആയി മാറ്റി വെക്കൂ.
ജസ്റ്റിസ് ചന്ദ്രചൂഡ്: മിസ്റ്റർ ജെഠ്മലാനി, ഞങ്ങൾ അങ്ങയേയും 15-ാം തീയതി കേൾക്കാം.
കോടതി അടുത്ത കേസിലേക്ക് കടന്നു.
മറുനാടന് മലയാളി ബ്യൂറോ