പത്തനംതിട്ട: റാന്നി സീറ്റ് കേരളാ കോൺഗ്രസി(എം)ന് നൽകിയതിനെതിരേ സിപിഎം മണ്ഡലം കമ്മറ്റി യോഗത്തിൽ പ്രതിഷേധം. 19 ലോക്കൽ സെക്രട്ടറിമാർ അടക്കം പങ്കെടുത്ത 45 പേരും ഒറ്റക്കെട്ടായി എതിർപ്പ് അറിയിച്ചു. രാജു ഏബ്രഹാം തുടർച്ചയായ അഞ്ചു തവണ വിജയിച്ച മണ്ഡലം, ജില്ലയിൽ എക്കാലവും സിപിഎമ്മിന്റെ ചുവപ്പു കോട്ട എന്നീ വിശേഷണങ്ങളുള്ള റാന്നി പ്രത്യേകിച്ച് യാതൊരു സ്വാധീനവുമില്ലാത്ത കേരളാ കോൺഗ്രസിന് നൽകിയതിൽ സിപിഎം പ്രവർത്തകർക്കിടയിൽ നിരാശയും എതിർപ്പും വ്യാപകമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

ഘടക കക്ഷിക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ മിക്കവർക്കും വൈമനസ്യമുണ്ട്. സംസ്ഥാന കമ്മറ്റിയംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, രാജു ഏബ്രഹാം എംഎൽഎ, ജില്ലാ കമ്മറ്റിയംഗങ്ങളായ പിഎസ് മോഹനൻ, കോമളം അനിരുദ്ധൻ, പിആർ പ്രസാദ് തുടങ്ങിയവരാണ് മേൽഘടകത്തിൽ നിന്ന് യോഗത്തിൽ പങ്കെടുത്തത്.

മണ്ഡലം കേരളാ കോൺഗ്രസിന് നൽകാനുണ്ടായ സാഹചര്യം ജില്ലാ സെക്രട്ടറി വിശദീകരിച്ചു. ജില്ലാ കമ്മറ്റിയോടോ ജില്ലാ സെക്രട്ടറിയേറ്റിനോടോ ആലോചിക്കാതെ സംസ്ഥാന കമ്മറ്റി നേരിട്ട് തീരുമാനിച്ചാണ് മണ്ഡലം കേരളാ കോൺഗ്രസിന് നൽകിയതെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. രാജു ഏബ്രഹാമിന് ഒരു തവണ കൂടി ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മറ്റിക്ക് ശിപാർശ ചെയ്തിരുന്നു. രാജുവിന് സീറ്റ് ഉറപ്പാണെന്നും കരുതിയിരുന്നു. അതിനിടെയാണ് രാജുവിന്റെ പേര് സംസ്ഥാന കമ്മറ്റി വെട്ടി നിരത്തിയത്. ഇതോടെ റാന്നി മണ്ഡലത്തിൽ പ്രതിഷേധം വ്യാപിച്ചു. പ്രവർത്തകരോട് സോഷ്യൽ മീഡിയയിൽ പ്രതിഷേധിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും, വെച്ചൂച്ചിറ ഉന്നത്താനി കോളനിയിൽ പാർട്ടി അനുഭാവികൾ രാജുവിന് സീറ്റ് നിഷേധിച്ചതിനെതിരേ പ്രകടനം നടത്തിയിരുന്നു.

സീറ്റ് വിട്ടു നൽകാനുണ്ടായ സാഹചര്യം വിശദീകരിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് മനസിലാക്കിയ നേതൃത്വം ഇന്ന് 19 ലോക്കൽ കമ്മറ്റികളും വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകി. സംസ്ഥാന കമ്മറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ്/കമ്മറ്റി അംഗങ്ങളും പങ്കെടുത്ത് സംസ്ഥാന കമ്മറ്റി തീരുമാനം യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യും. ഇതോടെ പ്രവർത്തകരുടെ എതിർപ്പ് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

സീറ്റ് വിട്ടു കിട്ടിയെങ്കിലും പറ്റിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാതെ വലയുകയാണ് കേരളാ കോൺഗ്രസ്(എം). ജില്ലാ പ്രസിഡന്റ് എൻഎം രാജുവിനെ സിപിഎം ജില്ലാ നേതൃത്വം അംഗീകരിക്കില്ല. കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാടിന്റെ പേരാണ് സാധ്യതാ ലിസ്റ്റിൽ മുൻപന്തിയിലുള്ളത്. മല്ലപ്പള്ളിയിൽ നിന്നുള്ള അഡ്വ മനോജ് മാത്യുവിന്റെ പേരും ഉയരുന്നുണ്ട്. ഇരുവരും ഓർത്തഡോക്സ് സമുദായാംഗങ്ങളാണ്.