- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാതിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ് ,നീന്തൽക്കുളം, വിനോദപാർക്ക്, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവ തത്ക്കാലം തുറക്കില്ല; വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങിൽ 20 പേരും; വോട്ടെണ്ണലിന് ആഹ്ലാദപ്രകടനം ഒഴിവാക്കണം; പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുത്; വാരാന്ത്യ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവാഹച്ചടങ്ങിൽ 50പേർക്ക് മാത്രം പങ്കെടുക്കാം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങിൽ പരമാവധി 20പേർ. റമദാൻ ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളിൽ 50പേർ മാത്രം. ചെറിയപള്ളികളാണെങ്കിൽ എണ്ണം ചുരുക്കണം. കലക്ടർമാർ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം.
നമസ്‌കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയത്തിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് തൽക്കാലം ഒഴിവാക്കണം. മെയ് രണ്ടിനും അടുത്തദിവസവും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ ഇന്നു ചേർന്ന സർവകക്ഷിയോഗം ചർച്ച ചെയ്തു. ആഹ്‌ളാദ പ്രകടനം ഒഴിവാക്കണം എന്ന നിർദ്ദേശമാണ് യോഗത്തിൽ ഉയർന്നത്. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുത്. ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കും മാത്രമേ അവിടെ പ്രവേശനം ഉണ്ടാകൂ. രണ്ടുതവണ കോവിഡ് വാക്‌സിൻ എടുത്തവർക്കും ആർടിപിസിആർ എടുത്തവർക്കും മാത്രമേ പ്രവേശനമുള്ളൂ. ഉദ്യോഗസ്ഥർക്കും ഇത് ബാധകം.
സിനിമാതിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ് ,നീന്തൽക്കുളം, വിനോദപാർക്ക്, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം തല്ക്കാലം വേണ്ടെന്ന് വെക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നതാണ് സർവകക്ഷിയോഗത്തിന്റെ പൊതു അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. സർവകക്ഷിയോഗത്തിൽ എടുത്ത തീരുമാനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ യോഗങ്ങളും ഓൺലൈൻ വഴി മാത്രമേ നടത്താനാവൂ.സർക്കാർ ഓഫീസുകളിൽ അമ്പതുശതമാനം ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരായാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ,പൊലീസ് വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റു ഓഫീസുകളും നിർബന്ധമായും എല്ലാ ദിവസവും പ്രവർത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണം. ജനിതകമാറ്റം വന്നതും തീവ്രരോഗവ്യാപനശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങൾ പൂർണമായും അടച്ചിടേണ്ടി വന്നിട്ടുണ്ട്.
ആൾക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹിക,സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം. വാരാന്ത്യത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സർവീസുകൾ മാത്രമേ അന്ന് അനുവദിക്കൂ. സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ