തിരുവനന്തപുരം: ലോക്ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി. ഒന്നാം ഘട്ടത്തിലെ അനുഭവങ്ങൾ കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

അവശ്യസാധന കിറ്റുകൾ 2021 ജൂണിലും തുടർന്ന് വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കും. 823.23 കോടി രൂപയാണ് വിതരണം പെൻഷൻ ആയി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും. സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോർഡുകളെ സർക്കാർ സഹായിക്കും.
ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നൽകും.

സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗൻവാടി ജീവനക്കാർ ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാർക്ക് ലോക്ഡൗൺ കാലത്തെ ശമ്പളം മുടങ്ങാതെ നൽകും.

കുടുംബശ്രീയുടെ 19,500 എഡിഎസുകൾക്ക് ഒരു ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ 'സഹായ ഹസ്തം വായ്പാ പദ്ധതി'യിലെ ഈ വർഷത്തെ പലിശ സബ്‌സിഡി 93 കോടി രൂപ മുൻകൂറായി നൽകും.
കുടുംബശ്രീയുടെ റീസർജന്റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വർഷത്തെ പലിശ സബ്‌സിഡി 76 കോടി രൂപ അയൽക്കൂട്ടങ്ങൾക്ക് മുൻകൂറായി അനുവദിക്കും.കുടുംബശ്രീ നൽകിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങൾ നൽകിയ വായ്പകൾക്കു കൂടി ഇത് ബാധകമാകും. വസ്തു നികുതി, ടൂറിസം നികുതി, ലൈസൻസ് പുതുക്കൽ തുടങ്ങിയവയ്ക്കുള്ള സമയം ദീർഘിപ്പിക്കും.

മുൻപ് വിശദമാക്കിയതു പോലെ, ലോക്ഡൗണിന്റെ ഗുണഫലം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ ഇനിയും അൽപദിവസങ്ങൾ കൂടികഴിയേണ്ടതുണ്ട്. ഈ മെയ് മാസം കേരളത്തെ സംബന്ധിച്ച് വളരെ നിർണായകമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കോവിഡ് രണ്ടാം തരംഗം നേരത്തെ ആരംഭിക്കുകയും വലിയ തോതിൽ നാശം വിതയ്ക്കുകയും ചെയ്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും രോഗവ്യാപനം അൽപം കുറയുന്നതായോ, അല്ലെങ്കിൽ വർദ്ധിക്കാതെ ഒരേ നിലയിൽ തുടരുന്നതായോ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. അതൊരു ശുഭകരമായ സൂചനയാണ്.

നിലവിൽ രോഗവ്യാപനം വലിയ തോതിൽ കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കേരളമുൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ. മെയ് മാസത്തിനു ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ കാണുന്നതിനു സമാനമായ സാഹചര്യം ഇവിടെയും ഉണ്ടായേക്കാം. അതുകൊണ്ട്, രോഗവ്യാപനം അതിശക്തമാകുന്ന മെയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ നമുക്ക് മരണങ്ങൾ കുറച്ചുനിർത്താൻ സാധിക്കും.

മഴ ശക്തമാവുകയാണെങ്കിൽ കോവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടി കണക്കിലെടുക്കണം. മഴ കൂടുന്ന ഘട്ടത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് മുകളിൽ ഇപ്പോൾ തന്നെയുള്ള സമ്മർദ്ദം കൂടുതൽ ശക്തമാകുന്നു എന്നതൊരു പ്രശ്‌നമാണ്. അതുപോലെത്തന്നെ മഴക്കാലരോഗങ്ങൾ കൂടെ ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ കാര്യങ്ങൾ പ്രയാസകരമാകും. അതുകൊണ്ട്, മഴക്കാല പൂർവ ശൂചീകരണം കൂടുതൽ വേഗത്തിലും മികവിലും പൂർത്തിയാക്കേണ്ടതുണ്ട്. വീടുകൾക്ക് ചുറ്റുമുള്ള ഇടങ്ങളിൽ കൊതുകുകൾക്ക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം പാടെ ഇല്ലാതാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഓരോ വീട്ടുകാരും പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം. ഈ വരുന്ന ഞായറാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കും. ജനങ്ങളുടെ പൂർണ സഹകരണം ആ ദിവസം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.

കോവിഡ് ബ്രിഗേഡ് പാക്കേജിന്റെ ഭാഗമായി എൻഎച്ച്എം സ്റ്റാഫുകൾക്കുള്ള ഇൻസെന്റീവിനും റിസ്‌ക് അലവൻസിനുമായി ആരോഗ്യ വകുപ്പ് 77.42 കോടി രൂപ അനുവദിച്ചു. ഡിസംബർ 2020 മുതൽ ഏപ്രിൽ 2021 വരെയുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇൻസെന്റീവിനും റിസ്‌ക് അലവൻസിനുമായി 22.68 കോടി രൂപയും 45.32 കോടി രൂപയും അനുവദിച്ചിരുന്നു. അതിന് പുറമേയാണ് ഈ തുക അനുവദിച്ചത്.

കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരികയാണ്. ഓരോ ജില്ലയിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തിൽ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും അധികമായി കിടക്കകൾ സജ്ജമാക്കി വരുന്നു. കോവിഡ് രോഗികളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള ഡിസിസി, സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തുന്നത്. കൂടുതൽ എംബിബിഎസ് ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും സേവനം ഇതിന് ആവശ്യമാണ്. കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വില നിശ്ചയിച്ചു

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചില വസ്തുക്കൾക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വിൽക്കാവുന്നതിന്റെ പരമാവധി വില സർക്കാർ നിശ്ചയിച്ച് ഉത്തരവായിരിക്കുകയാണ്.
ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എൻ 95 മാസ്‌കിന് 22 രൂപ, ട്രിപ്പിൾ ലെയർ മാസ്‌കിന് 3.90 പൈസ, ഫേസ് ഷീൽഡിന് 21 രൂപ, ഡിസ്‌പോസിബിൾ ഏപ്രണിന് 12 രൂപ, സർജിക്കൽ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകൾക്ക് 5.75 പൈസ, ഹാൻഡ് സാനിറ്റൈസർ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയിൽ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എൻആർബി മാസ്‌കിന് 80 രൂപ, ഓക്‌സിജൻ മാസ്‌കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്‌ളോമീറ്ററിന് 1520 രൂപ, ഫിംഗർടിപ്പ് പൾസ് ഓക്‌സിമീറ്ററിന് 1500 രൂപ.

ഓക്‌സിജൻ കാര്യത്തിൽ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് കാണുന്നത്. പുറത്തു നിന്നുള്ള ഓക്‌സിജന്റെ വരവ് അടുത്ത ദിവസങ്ങളിൽ കുടും.കേന്ദ്രം അനുവദിച്ച ഓക്‌സിജൻ എക്സ്‌പ്രസ് വഴി 150 മെട്‌റിക് ടണ്ണും മറ്റ് മൂന്ന് സ്ഥലങ്ങളിൽ നിന്ന് വേറെയും ലഭ്യമാവുന്നതോടെ പ്രശ്‌നം വരില്ല. കപ്പൽ മാർഗം ഇറക്കുന്നുമുണ്ട്. എങ്കിലും ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോക്ഡൗൺ കാലം വീട്ടിൽ തനിച്ചിരിക്കുന്നതിനാൽ പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകാം. അതിനായി പുസ്തകങ്ങൾ കൊറിയർ വഴി നൽകാവുന്നതാണ്. വൃദ്ധ സദനം, ആദിവാസി കോളനികൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. അംബുലൻസ് ഡ്രൈവർമാരിൽ വാക്‌സിൻ എടുക്കാത്തവർക്കും അടിയന്തരമായി വാക്‌സിനേഷൻ ലഭ്യമാക്കും.

സ്വകാര്യ ആശുപത്രികളിൽ കിടക്കകൾ കോവിഡ് രോഗികൾക്ക് മാറ്റി വെക്കുന്നുണ്ടെന്ന് ഉറപ്പിക്കാൻ ജില്ലാ ഭരണസംവിധാനം പരിശോധിക്കണം.
റബ്ബർ സംഭരണത്തിനുള്ള കടകൾ ആഴ്ചയിൽ രണ്ടുദിവസം (തിങ്കൾ, വെള്ളി) തുറക്കാൻ അനുവദിക്കും.