തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ കുറയാൻ നാലാഴ്ചയോളം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തിൽ രോഗബാധിതരായവർക്കിടയിൽ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നത്. മരണസംഖ്യയിൽ കാര്യമായ കുറവുണ്ടാകാൻ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ അവസാനിച്ചാലും കോവിഡ് വ്യാപനം ഉണ്ടാവാതെ നോക്കണം

ഇളവുകൾ

ക്രഷറുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാം

മൊബൈൽ, കമ്പ്യൂട്ടർ സർവ്വീസ് സെന്ററുകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാം

മൊബൈൽ, കമ്പ്യൂട്ടർ സർവ്വീസ് സെന്ററുകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാം

ഗ്യാസ് അടുപ്പുകൾ സർവ്വീസ് ചെയ്യുന്ന സ്ഥാപനങ്ങൾ രണ്ടുദിവസം തുറക്കാം

വ്യാജ മദ്യ നിർമ്മാണം വൻതോതിൽ വർധിച്ചു. വാക്സിനെതിരെ വ്യാജ പ്രചാരണം നടക്കുന്നു. അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമങ്ങൾക്കനുസൃതമായി ശക്തമായി സർക്കാർ നേരിടും

കൂടിയ വിലയ്ക്ക് കോവിഡ് പ്രതിരോധ സമാഗ്രികൾ വിറ്റ കടകൾക്കെതിരെ നടപടിയെടുത്തുകെൽട്രോൺ ഓക്സിമീറ്റർ നിർമ്മിക്കും. ഇ - സഞ്ജീവനി ഇത് വരെ ഉപയോഗിച്ചത് ഒന്നര ലക്ഷം ആളുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇന്ന് 24,166 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,35,232 പരിശോധനകൾ നടത്തി. 181 പേർ മരണമടഞ്ഞു. ഇപ്പോൾ ആകെ ചികിത്സയിലുള്ളത് 2,41,966 പേരാണ്. ഇന്ന് 30,539 പേർ രോഗമുക്തരായി.

മെയ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.40 ആണ്. മെയ് 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ അത് 22.55 ആയിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ 12.61 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തിൽ 9.03 ശതമാനവും കുറവുണ്ടായിരിക്കുന്നു.

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്നുലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഈ ജില്ലകളിൽ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.

പ്ലസ് വൺ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താൻ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കന്ററി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അദ്ധ്യാപകർ കോവിഡ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കോവിഡ് ഡ്യൂട്ടിയിൽനിന്നും ഒഴിവാക്കും.

ഓൺലൈൻ അഡൈ്വസിന്റെ വേഗത വർധിപ്പിക്കണമെന്ന് പിഎസ്‌സിയോട് ആവശ്യപ്പെട്ടു.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകൾ ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ നടത്തും. 52 പേർക്ക് മാത്രമാണ് നിലവിൽ ഇവിടെ രോഗം വന്നിട്ടുള്ളത്. എന്നിട്ടും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ട്.

കാലവർഷ ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാകുകമ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും.

നിർമ്മാണ മേഖലയിൽ മെറ്റൽ കിട്ടാത്ത പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ആ സാഹചര്യത്തിൽ ക്രഷറുകൾ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവർത്തിപ്പിക്കാൻ അനുമതി നൽകും.

ഓക്‌സിമീറ്റർ സ്വന്തമായി ഉണ്ടാക്കുമെന്ന് കെൽട്രോൺ അറിയിച്ചിട്ടുണ്ട്. അത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.

ആവശ്യമായ മരുന്നുകൾ വാങ്ങിനിൽകാൻ വിദേശത്തുള്ള പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, പല മരുന്നുകളും അവർക്ക് അവിടെ ലഭ്യമല്ല. അത് എവിടെനിന്നാണ് ലഭ്യമാവുക എന്ന് അറിയിച്ചാൽ വാങ്ങി നൽകാൻ തയ്യാറാണെന്നാണ് പല വിദേശ മലയാളികളും അറിയിച്ചിട്ടുള്ളത്. കെഎംഎസ്സിഎൽ നോർക്കയുമായി ചേർന്ന് ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തും.

സ്ത്രീകൾക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കൾ നിലവിൽ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും അവ മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാൻ അനുമതി നൽകും.

നേത്ര പരിശോധകർ, കണ്ണട ഷോപ്പുകൾ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുകയും സഹായിക്കുകകും ചെയ്യുന്ന ഉപകരണങ്ങൾ, കൃത്രിമ അവയവങ്ങൾ എന്നിവ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന സ്ഥാപനങ്ങൾ, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്ന ഷോപ്പുകൾ എന്നിവ രണ്ടുദിവസം തുറക്കുന്നതിനും അനുമതി നൽകും.

രണ്ടാമത്തെ കോവിഡ് തരംഗം ഉച്ചസ്ഥായിയിൽ എത്തി രോഗവ്യാപനം കുറയാൻ തുടങ്ങിയിട്ട് രണ്ടാഴ്ച് ആയിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുൻപ് വിശദമാക്കിയതാണ്. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തിൽ രോഗബാധിതരായവർക്കിടയിൽ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നത്. മരണസംഖ്യയിൽ കാര്യമായ കുറവുണ്ടാകാൻ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

രോഗവ്യാപനത്തിന്റെ വേഗം പിടിച്ചുനിർത്തി ആരോഗ്യസംവിധാനത്തിനുൾക്കൊള്ളാവുന്ന പരിധിക്ക് താഴെ നിർത്തുക എന്ന നയമാണ് നാം തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളേക്കാൾ നീണ്ടു നിൽക്കുന്ന രോഗവ്യാപനത്തിൽ അധികമായി ആശങ്ക ഉണ്ടാകേണ്ടതില്ല. ആളുകളുടെ ജീവൻ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം ഏറ്റവും നന്നായി നിർവഹിക്കുക എന്നതിന് പ്രാധാന്യം നൽകിയേ തീരൂ.

ലോക്ഡൗൺ ഇളവുകൾ ലഭിക്കുമ്പോൾ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മനുഷ്യസഹജമാണ്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. അതുകൊണ്ട് ലോക്ഡൗൺ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിനിടയാക്കുന്ന വിധത്തിലുള്ള പെരുമാറ്റവും പ്രവർത്തനങ്ങളും ഉണ്ടാകാതെ നമ്മൾ നോക്കണം.

മാസ്‌ക്, സാനിറ്റൈസർ മുതലായ കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ സർക്കാർ നിർദ്ദേശിച്ച വിലയ്ക്ക് തന്നെ വിൽക്കണമെന്ന് നേരത്തേ ഉത്തരവായിരുന്നു. എന്നാൽ പല സ്ഥലങ്ങളിലും ഇവ വിലകൂട്ടി വിൽക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്. സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടിയ വിലയ്ക്ക് ഇത്തരം സാധനങ്ങൾ വിറ്റ കാസർകോട്ടെ ചെർക്കളം, മഞ്ചേശ്വരം, ബദിയടുക്ക എന്നിവിടങ്ങളിലെ മൂന്ന് മരുന്നുകടകൾക്കെതിരേ കേസെടുക്കുകയും അവ അടപ്പിക്കുകയും ചെയ്തു. തൊടുപുഴയിൽ ഒരു സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടു മുണ്ട്.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ ബന്ധുക്കളെ യഥാസമയം അറിയിക്കലും ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ആരംഭിച്ച ഇൻഫർമേഷൻ സെന്ററിനോട് മികച്ച പ്രതികരണമാണ് ആദ്യ ദിവസങ്ങളിൽത്തന്നെ ഉണ്ടാകുന്നത്.

കോഴിക്കോട് ജില്ലയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. കഴിഞ്ഞ നാലുദിവസവും ജില്ലയിൽ 2000ന് താഴെയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 15.16 ശതമാനമാണ് ബുധനാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടിപിആർ ആണ് ഇത്.

പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി ജനങ്ങളെ ആശ്വസിപ്പിച്ചും ബോധവൽകരിച്ചുമുള്ള സന്ദേശം പുറപ്പെടുവിക്കാൻ കാസർകോട് ജില്ലയിലെ ആരാധനാലയങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോവിഡ് വാക്‌സിനേഷൻ സെന്ററിന്റെ വിപുലീകരണത്തിനായി തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി മദ്രസ കെട്ടിടം വിട്ടുനൽകി.

എടത്വയിൽ കോവിഡ് ബാധിച്ച് മരിച്ച ഇടവക അംഗമല്ലാത്തയാളുടെ മൃതദേഹം വെള്ളക്കെട്ടിനെ തുടർന്ന് സംസ്‌കരിക്കാൻ കഴിയാത്തതിനാൽ എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ ചിതയൊരുക്കാൻ അനുവാദം നൽകിയ പള്ളി അധികാരികളുടെ നടപടി അഭിനന്ദാർഹമാണ്.

ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയവരെല്ലാം ഉൾപ്പെട്ട ആരോഗ്യപ്രവർത്തകരിൽ നിന്നും കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ ഇതുവരെ ലഭിച്ചത് 74,032 അപേക്ഷകളാണ്. അതിൽ എല്ലാവരേയും തന്നെ അതാത് ജില്ലകളിൽ നിന്നും ബന്ധപ്പെടുകയും 8467 പേരെ നിയമിക്കുകയും ചെയ്തു. നാഷണൽ ഹെൽത്ത് മിഷൻ വഴി കോവിഡ് ബ്രിഗേഡിലെയ്ക്ക് 23,975 അപേക്ഷകൾക്ക് അനുമതി നൽകി. അതിൽ 17,524 പേരെ നിയമിച്ചു.

ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറത്തും ലോക്ക്ഡൗൺ നിലവിലുള്ള മറ്റു ജില്ലകളിലും നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസിന്റെ പ്രത്യേകസംഘം വാഹനപരിശോധന നടത്തിവരുന്നു. അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,188 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,776 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 36,24,550 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

പല ജില്ലകളിലും വ്യാജമദ്യത്തിന്റെ നിർമ്മാണവും ഉപയോഗവും വൻതോതിൽ വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയുടെ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ പൊലീസും എക്‌സൈസും ചേർന്ന് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.

വ്യാജ പ്രചരണം

വാക്‌സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന ഒരു വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തിൽ അതു കൂടുതൽ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമങ്ങൾക്കനുസൃതമായി ശക്തമായി സർക്കാർ നേരിടും.

വാക്‌സിനേഷൻ ആണ് ഈ മഹാമാരിയെ മറികടക്കാൻ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തിൽ തന്നെ ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിച്ച 60 വയസ്സിനു മുകളിലുള്ളവർക്കിടയിൽ രണ്ടാമത്തെ തരംഗത്തിൽ രോഗവ്യാപനം കുറവാണ് എന്നതും, രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്‌സിനേഷൻ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. അതുകൊണ്ട്, കുപ്രചരണങ്ങൾക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ആർക്കും ഉണ്ടാകരുത്.

ആളുകൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ഡോക്ടർമാരുടെ പരിശോധന സ്വീകരിക്കാൻ സഹായിക്കുന്ന ഇ സഞ്ജീവനി പദ്ധതി വഴി ഇതുവരെ കേരളത്തിൽ നടന്നത് 1,52,931 പരിശോധനകളാണ്. ഏകദേശം16,026 മണിക്കൂറുകൾ ഇത്രയും പരിശോധനകൾക്കായി ചെലവഴിക്കപ്പെട്ടു. ഇന്ന് മാത്രം ഇതുവരെ നടന്നത് 888 പരിശോധനകളാണ്. 1863 ഡോക്ടർമാരാണ് സംസ്ഥാനത്ത് ഇ സഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിക്കയച്ച കത്ത്

ഒമ്പത് തീരദേശ ജില്ലകളിലായി 590 കിലോമീറ്റർ നീളമുള്ള തീരമാണ് കേരളത്തിനുള്ളത്. കടലാക്രമണം കൊണ്ടും മറ്റും വലിയ തോതിൽ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടൽക്ഷോഭത്തിൽ വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങൾ ഉണ്ടാക്കി.
എസ്ഡിആർഎഫിനും എൻഡിആർഎഫിനും അനുവദിക്കുന്ന വാർഷിക തുകയിൽ നിന്ന് സംസ്ഥാനതല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം ഉണ്ട്. പത്തു ശതമാനം വരെയാണ് അങ്ങനെ ഉപയോഗിക്കാവുന്നത്. അതിനനുസൃതമായി തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി മുമ്പ് തന്നെ കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാർ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ല.
അതുകൊണ്ട് തീരശോഷണം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് എസ്ഡിആർഎഫ്-എൻഡിആർഎഫ് സഹായം അനുവദിക്കാൻ കഴിയാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത്. ഇത് ചൂണ്ടിക്കാട്ടി തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അത് ഉന്നയിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.

14-ാം ധന കമ്മീഷന്റെ ശുപാർശകൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രകൃതി ദുരന്തഘട്ടത്തിൽ സഹായം നൽകുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ പ്രകാരം എസ്ഡിആർഎംഎഫിലൂടെയും എൻഡിആർഎംഎഫിലൂടെയും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് നൽകുന്ന ദുരിതാശ്വാസ സഹായം വർധിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന് ഗുണകരമാകും എന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുമ്പോൾ ലഭ്യമാക്കുന്ന സഹായം ഇരട്ടിപ്പിക്കണം എന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.

കാലാവസ്ഥ

സംസ്ഥാനത്ത് വേനൽ മഴ സജീവമായി തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങൾ കൊണ്ട് ആകെ 729.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് ഇക്കാലയളവിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 131 ശതമാനം അധിക മഴയാണ്. 2018ൽ ലഭിച്ചതിലും അധികം വേനൽ മഴ ഇതിനോടകം തന്നെ സംസ്ഥാനത്ത് ലഭിച്ചു കഴിഞ്ഞു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'യാസ്' ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. വരും ദിവസങ്ങളിലും കേരളത്തിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുള്ളതിനാൽ മെയ് 29 വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

വിഴിഞ്ഞം, പൂവാർ മേഖലകളിൽ മത്സ്യബന്ധന വള്ളങ്ങൾ തകർന്നുണ്ടായ അപകടത്തിൽ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ കിട്ടി. ചൊവ്വാഴ്ച രാത്രിയാണ് ഇവർ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റിലും തിരയിലുംപെട്ടു തകർന്നത്.

പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണ്ണയം ഉടൻ നടത്തിയും, മുടങ്ങിയ പരീക്ഷകൾക്ക് ഇന്റേണൽ അസ്സെസ്സ്മന്റ് മാർക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂൺ മാസത്തിൽ നടത്തും.
അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈയിൽ നടത്തും. ഒന്നു മുതൽ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണ്.