തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായതായി റിപ്പോർട്ട്. ലോക്ഡൗൺ തുടർന്നിട്ടും വ്യാപനം കുറയാത്തതിലാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ തുടരണോയെന്നും യോഗത്തിൽ മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മറ്റു ശാസ്ത്രീയ മാർഗങ്ങൾ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെ ബാധിക്കുന്നതിനാൽ ഏറെക്കാലം ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ലെന്നും ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോർട്ട് തയാറാക്കുക. ജില്ലാ കലക്ടർമാർക്ക് കൂടുതൽ അധികാരം നൽകി പ്രാദേശിക തലത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ ആലോചന.

അതേസമയം, പ്രതിമാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 4 ലക്ഷം ഡോസ് വാക്സിൻ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്സിൻ എന്ന നിലയ്ക്ക് മാസത്തിൽ ഒരു കോടി ഡോസ് നൽകാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതൽ വാക്സിനുവേണ്ടി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ക്ലസ്റ്ററുകൾ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയ്ന്മെന്റ് മേഖലകൾ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകൾക്ക് പ്രയാസം സൃഷ്ടിക്കാൻ പാടില്ല. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ അനാവശ്യ ഇടപെടൽ പാടില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള വാക്സിനേഷൻ സൗകര്യം വർദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.