- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ 90 ശതമാനം രോഗികളും ഇപ്പോൾ വീട്ടുനിരീക്ഷണത്തിൽ; കോവിഡ് പടരാൻ ഇത് കാരണമാവുന്നു; രോഗം കണ്ടെത്തുന്നതിൽ മെല്ലപ്പോക്ക്; സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലും വീഴ്ച; പരിശോധനകളും കാര്യക്ഷമമല്ല; രണ്ടാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനം ഗുരുതര വീഴ്ച വരുത്തി എന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ വ്യാപന നിയന്ത്രണത്തിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കോവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ന്റ്‌മെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് കൈമാറി.
മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങൾ ഇല്ലെന്നും രോഗം കണ്ടെത്തുന്നതിൽ മെല്ലെപ്പോക്കെന്നും കേന്ദ്രസംഘം കുറ്റപ്പെടുത്തുന്നു. സമ്പർക്കപ്പട്ടിക തയാറാക്കുന്നതിലും വീഴ്ച വരുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികളിൽ നിന്നാണ് കൂടുതൽ പേരിലേക്ക് വൈറസ് പടരുന്നത്. കേരളത്തിലെ 90 ശതമാനം രോഗികളും ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണ്. ഇത് രോഗം പടരാൻ കാരണമാവുന്നുവെന്നാണ് കേന്ദ്രസംഘത്തിൻന്റെ വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാണ് പുതിയ നിയന്ത്രണങ്ങൾ. കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം തിങ്കൾ മുതൽ ശനി വരെ തുറക്കാം. എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്‌സിൻ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തണം. എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും.
ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുൻസിപ്പൽ വാർഡുകളിലെയും കോവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഈ ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.
മറുനാടന് മലയാളി ബ്യൂറോ