- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണത്തിന് ശേഷം ഭയപ്പെട്ട രീതിയിൽ ഉള്ള കോവിഡ് വർദ്ധന ഉണ്ടായില്ല; കേസുകളുടെ എണ്ണം 33,000 കഴിഞ്ഞിട്ടില്ല; ആശുപത്രികളിൽ അഡ്മിറ്റ് ആയവരുടെ എണ്ണവും കൂടിയില്ല; വാക്സിൻ എടുത്തവർക്ക് വലിയ രീതിയിൽ മരണം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി; ആരോഗ്യവകുപ്പിന്റെ 'ബി ദ വാരിയർ' ക്യാമ്പെയിനും തുടക്കം
തിരുവനന്തപുരം: ഓണത്തിനുശേഷം ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വർധന ഉണ്ടായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേസുകളുടെ എണ്ണം 33,000 കഴിഞ്ഞിട്ടില്ല. ആശുപത്രികളിൽ അഡ്‌മിറ്റായവരുടെ എണ്ണവും വർധിച്ചില്ല. വാക്‌സിനേഷൻ എടുത്തവരിൽ ചിലർക്കു രോഗബാധ ഉണ്ടാകുന്നുണ്ടെങ്കിലും രോഗം ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്.
വാക്‌സീൻ എടുത്തവരിൽ വലിയ രീതിയിൽ മരണം ഉണ്ടാകുന്നില്ല. വാക്‌സിൻ എടുത്തവർക്കു രോഗം വരികയാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായാധിക്യമുള്ളവരാണു കൂടുതലും കോവിഡ് ബാധിച്ചു മരിച്ചത്. പ്രായം ചെന്നവരും അനുബന്ധ രോഗങ്ങൾ ഉള്ളരും എത്രയും വേഗം വാക്‌സീൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച 'ബി ദ വാരിയർ' (Be The Warrior) ക്യാമ്പയിൻ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നൽകി പ്രകാശനം ചെയ്തു.
സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡിൽ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരിൽ ആ സന്ദേശങ്ങൾ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ഈ കാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കാലവും നമുക്ക് ലോക് ഡൗണിലേക്ക് പോകാൻ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. ആരിൽ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്. അതിനാൽ എല്ലാവരും ജാഗ്രത പുലർത്തണം.
മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷൻ ഊർജ്ജിതമാക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ. കേരളം ഇതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി രോഗബാധ വരാതെ വളരെയേറെ പേരെ സംരക്ഷിക്കാനായിട്ടുണ്ട്. വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അതിവേഗം വാക്സിനേഷൻ നൽകി എല്ലാവരേയും സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്.
സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്ന എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങൾ മാത്രം കൈമാറുക, റിവേഴ്സ് ക്വാറന്റൈൻ പാലിക്കുക, വയോജനങ്ങൾ, കുട്ടികൾ, കിടപ്പു രോഗികൾ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങൾക്ക് ശരിയായ അവബോധം നൽകുക എന്നിവയ്ക്കും ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പത്ര, ദൃശ്യ, ശ്രാവ്യ, സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റ് മാർഗങ്ങളിലൂടെയും കോവിഡിനെതിരായ പോരാട്ടത്തിൽ ഓരോ പൗരന്റെയും പ്രാധാന്യത്തെയും ചുമതലയെയും കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഊർജ്ജിത ശ്രമം നടത്തും. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും നിസ്വാർത്ഥരായ പോരാളികളാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ