- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കലാശക്കൊട്ട് കഴിയുമ്പോൾ മത്സരം ഇഞ്ചോടിഞ്ച്; സിപിഎം പ്രതീക്ഷ 85 സീറ്റോടെ അധികാരത്തിലെത്തുമെന്ന്; യുഡിഎഫ് പ്രതീക്ഷ 80 സീറ്റുറപ്പിച്ചു ഭരണം തിരികെ പിടിക്കുമെന്നും; പ്രചരത്തിലെ വീറും വാശിയും വോട്ടർമാരെ പോളിങ്ബൂത്തിൽ എത്തിക്കുന്നതിലും വിജയിക്കുന്നവർ അധികാരം പിടിക്കും; നിർണായകമാകുക തെക്കൻ ജില്ലയിലെ 39 മണ്ഡലങ്ങൾ
തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ പരസ്യപ്രചരണം അവസാനിച്ചു കഴിഞ്ഞു. പ്രചരണത്തിന്റെ അന്ത്യഘട്ടത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. എൽഡിഎഫിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ താരപ്രചാരകനായി നിറഞ്ഞു നിന്നുപ്പോൾ മറുവശത്ത് യുഡിഎഫിന്റെ തേരാളിയായത് വയനാട് എംപി രാഹുൽ ഗാന്ധിയായിരുന്നു. ഇരു മുന്നണികളെ സംബന്ധിച്ചിടത്തോളവും ഡു ഓർ ഡൈ മത്സരമാണ് കേരളത്തിലേത്. അതുകൊണ്ട് തന്നെ വമ്പൻ പ്രചരണങ്ങളാണ് നടത്തിയത്.
പടക്കളത്തിൽ കഴിയാവുന്ന ആയുധങ്ങളെല്ലാം പ്രയോഗിച്ചിരിക്കയാണ് മുന്നണികൾ. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ നടക്കുന്ന ഇന്നത്തെ പകൽ അതി നിർണായകമാണ്. പോളിങ് ബൂത്തികളിലേക്ക് ആളുകളെ എത്തിച്ചു വോട്ടുറപ്പിക്കുന്നതിൽ മിടുക്കു കാട്ടുന്നവർക്കാകും അധികാരം. ഇതിനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. കലാശക്കൊട്ടിനു വിലക്കുണ്ടായിരുന്നുവെങ്കിലും അതു വകവെക്കാതെയായിരുന്നു ഇന്നലത്തെ കലാശക്കൊട്ട്.
തുടർഭരണം എന്ന ചരിത്രം കുറിക്കാൻ പിണറായി വിജയന് കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫ് നേതാക്കൾ പങ്കുവയ്ക്കുന്നത്. സർക്കാരിനെതിരെ എങ്ങും വികാരമില്ലെന്നും മറിച്ച് പിണറായി വിജയൻ സർക്കാർ തുടരണമെന്ന വികാരമാണ് കാണുന്നതെന്നും സിപിഎം വിലയിരുത്തുന്നു. ഏതു സാഹചര്യത്തിലും 80 - 85 സീറ്റ് സിപിഎം നേടുമെന്നാണ് ഇവർ തറപ്പിച്ചു പറയുന്നത്. അതേസമയം 75 - 80 സീറ്റോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് യുഡിഎഫും തറപ്പിച്ചു പറയുന്നു. ഇവരിൽ ആരുടെ അവകാശവാദം ശരിയാകുമെന്ന് അരിയാൻ മെയ് രണ്ട് വരെ കാത്തിരിക്കണം.
വോട്ടിങ് ശതമാനം അടക്കം ഇനിയുള്ള കാര്യങ്ങളിൽ നിർണായകമാകം. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ 77 ശതമാനത്തിൽ ഏറെയായിരുന്നു പോളിങ്; തദ്ദേശത്തിൽ 76 ശതമാനവും. എൽഡിഎഫ് യുഡിഎഫ് മത്സരം തുടങ്ങിയശേഷം 1987ൽ ആയിരുന്നു കനത്ത പോളിങ്; 80.53%. എൽഡിഎഫ് അന്നു ഭരണം പിടിച്ചു. കുറവ് 1996ൽ; 71.15%. അന്നും എൽഡിഎഫ് തന്നെ വിജയിച്ചു. പോളിങ്ങിലെ ഏറ്റക്കുറച്ചിൽ ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമോ പ്രതികൂലമോ ആകില്ലെന്നതിന് ഈ ചരിത്രം തന്നെയാണു തെളിവ്.
അതേസമയം മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള മത്സരത്തിൽ മുന്നണികളും സ്ഥാനാർത്ഥികളും ഉറ്റുനോക്കുന്നതും പോളിങ് ശതമാനത്തെ തന്നെ. വിശുദ്ധവാരവുമായി ബന്ധപ്പെട്ട അവധിദിനങ്ങൾ കഴിഞ്ഞാണ് വോട്ടെടുപ്പ് എന്നതിനാൽ വോട്ടർമാരെ ബൂത്തുകളിലെത്തിക്കുന്ന കാര്യം ഉറപ്പാക്കണമെന്ന നിർദ്ദേശം താഴേക്ക് മുന്നണികൾ നൽകിക്കഴിഞ്ഞു. ഇരട്ട വോട്ട് വിവാദം നീറി നിൽക്കുന്ന പശ്ചാത്തലത്തിൽ 'ഒരു വോട്ടർക്ക് ഒരു വോട്ട്' എന്ന തത്വമാണോ നടപ്പാകുക എന്നതും ഉറ്റുനോക്കപ്പെടും. ബൂത്തുകളിൽ ജാഗ്രതയ്‌ക്കൊപ്പം സംഘർഷങ്ങൾ ഒഴിവാക്കാനും പാർട്ടികൾ ശ്രദ്ധിക്കേണ്ടി വരും.
രാഹുൽഗാന്ധിയും പിണറായി വിജയനും നിർമല സീതാരാമനും മുന്നണികൾക്കു വേണ്ടി അവസാന ദിനങ്ങളിൽ പടയോട്ടത്തിന് നേതൃത്വം നൽകി. ശക്തമായ രാഷ്ട്രീയ മത്സരത്തിനു തെളിവു തന്നെയായിരുന്നു ഇന്നലത്തെ റോഡ് ഷോകൾ. ആദ്യദിനങ്ങളിൽ പിന്നിലാണെന്ന തോന്നലുണ്ടായെങ്കിലും അതിശക്തമായി മുന്നിലേക്കു വരികയും ഒടുവിൽ എൽഡിഎഫിന്റെ മുന്നിൽ കയറുകയും ചെയ്തുവെന്നാണ് യുഡിഎഫിന്റെ വിശകലനം. ഭരണമാറ്റത്തിനായി കേരളം വോട്ടു ചെയ്യും എന്ന് അവർ പ്രതീക്ഷിക്കുന്നു.
യുഡിഎഫിന്റെ പുതുമുഖ സ്ഥാനാർത്ഥിനിര എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎമാരിൽ ഭൂരിപക്ഷത്തെയും വെള്ളം കുടിപ്പിക്കുന്നുവെന്ന വിവരമാണു നേതൃത്വത്തിനു ലഭിച്ചത്. തൃശൂരിലും കൊല്ലത്തും ആലപ്പുഴയിലും 2016നെ സംബന്ധിച്ച് വൻ മാറ്റം യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഇരു മുന്നണികളും എൺപതിന് ചുറ്റുവട്ടത്താണു പ്രതീക്ഷിക്കുന്നത് എന്നതുതന്നെ മത്സരത്തിന്റെ കടുപ്പം വ്യക്തമാക്കുന്നു.
മുന്നണികളെ അനിശ്ചിതത്വത്തിലാക്കാനായെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ. നാൽപതോളം സീറ്റുകളിൽ മുപ്പതിനായിരത്തിലേറെ വോട്ട് അവർ ലക്ഷ്യമിടുന്നു. ഇതിൽ ചിലത് ജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിചാരിക്കാത്ത മാറ്റം ബിജെപി പ്രവചിക്കുന്നെങ്കിലും അവരുടെ അവകാശവാദത്തെ തള്ളാനാണ് ഇരു മുന്നണികൾക്കും താൽപര്യം. അതേസമയം, മണ്ഡലങ്ങളിൽ എൻഡിഎ പിടിക്കുന്ന വോട്ടുവിഹിതത്തെ അങ്ങേയറ്റം ഉദ്വേഗത്തോടെയാണു മുന്നണിസ്ഥാനാർത്ഥികൾ വീക്ഷിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന് കേരളത്തിന്റെ കാര്യത്തിൽ എന്തെങ്കിലും 'ഗെയിം പ്ലാൻ' ഉണ്ടോയെന്ന സസ്‌പെൻസ് വോട്ടെണ്ണും വരെ തുടരും.
നിർണായകം തെക്കൻ ജില്ലകളിലെ 39 മണ്ഡലങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ അതിനിർണായകമാകുക തെക്കൻ ജില്ലകളിലെ 39 മണ്ഡലങ്ങളാണ്. മറ്റ് മണ്ഡലങ്ങളിൽ രാഷ്ട്രീയചിത്രം ഏതാണ്ട് വ്യക്തമാകുന്നതാണ്. എതിരാളികളുടെ അവകാശവാദങ്ങൾ ദുർബലമാകുമെന്നു തെക്കൻ ജില്ലകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച എൽഡിഎഫ് വിശ്വസിക്കുന്നു. വിവാദങ്ങൾ വീശിയടിക്കുമെന്നും പുതുമുഖ സ്ഥാനാർത്ഥികൾ കളം പിടിച്ചതോടെ എൽഡിഎഫ് കോട്ടകൾ തകരുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 39 മണ്ഡലങ്ങൾ. തിരുവനന്തപുരം 14, കൊല്ലം 11, പത്തനംതിട്ട 5, ആലപ്പുഴ 9. നിലവിൽ തിരുവനന്തപുരത്തെ മൂന്നു സീറ്റും ആലപ്പുഴയിലെ രണ്ടു സീറ്റുമാണ് യുഡിഎഫ് അക്കൗണ്ടിൽ. തെക്കൻ കേരളത്തിൽ ഇത്തവണ സീറ്റുകൾ ഉയരുമെന്നും മറ്റിടങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്തിയാൽ അധികാരത്തിലേറാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളിലൂടെയുണ്ടാകുന്ന തരംഗമാണു എൽഡിഎഫ് പ്രതീക്ഷ.
തിരുവനന്തപുരം ജില്ലയിൽ 14 മണ്ഡലങ്ങളിൽ അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളാണ് യുഡിഎഫിനുള്ളത്. നേമത്തു ബിജെപിയും മറ്റിടങ്ങളിൽ എൽഡിഎഫും. മൂന്നു മണ്ഡലങ്ങൾ നിലനിർത്താനും പാറശാലയും നെയ്യാറ്റിൻകരയും പിടിച്ചെടുക്കാനും കഴിയുമെന്നു യുഡിഎഫ് വിശ്വസിക്കുന്നു. നേമത്ത് കനത്ത മത്സരമെന്നും വിലയിരുത്തൽ. 10 മണ്ഡലങ്ങൾ നിലനിർത്തുന്നതിനൊപ്പം തിരുവനന്തപുരവും നേമവും പിടിച്ചെടുക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ.
കൊല്ലത്താകട്ടെ യുഡിഎഫിന് സീറ്റുകൾ ഒന്നുമില്ല താനും. ജില്ലയിൽ ആഴക്കടൽ മത്സ്യബന്ധന വിവാദവും സ്ഥാനാർത്ഥി നിർണയത്തിലെ മികവും തുണയാകുമെന്നു യുഡിഎഫ് കരുതുന്നു. ചവറ ഉറപ്പിക്കുകയും കരുനാഗപ്പള്ളി, കുന്നത്തൂർ, ഇരവിപുരം സീറ്റുകളിൽ ജയിക്കാനാകുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. കൊല്ലത്തും കുണ്ടറയിലും കടുത്ത മത്സരം ഉറപ്പാണ് താനും.
എൻ.വിജയൻപിള്ളയുടെ നിര്യാണത്തെത്തുടർന്ന് മകൻ സുജിത്താണ് ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥി പുതുമുഖമായത് ഷിബു ബേബി ജോണിന് അനുകൂലമാണെന്നു യുഡിഎഫും, വികസന പ്രവർത്തനങ്ങളും സ്ഥാനാർത്ഥിയുടെ വ്യക്തിബന്ധങ്ങളും തുണയാകുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. കരുനാഗപ്പള്ളിയിൽ 1759 വോട്ടിനാണ് സി.ആർ.മഹേഷ് സിപിഐയിലെ ആർ.രാമചന്ദ്രനോട് തോറ്റത്.
വീണ്ടും ഇരുവരും മത്സരിക്കുമ്പോൾ മണ്ഡലത്തിലെ വ്യക്തിബന്ധം തുണയാകുമെന്നു സി.ആർ.മഹേഷ് കരുതുന്നു. വികസനമാണ് എതിരാളിയുടെ പ്രചാരണ ആയുധം. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോന്റെ പാർട്ടിയിലെയും എൽഡിഎഫിലെയും പ്രശ്‌നങ്ങൾ ഉല്ലാസ് കോവൂരിന്റെ ജയം ഉറപ്പിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
ഇരവിപുരത്ത് എൽഡിഎഫിലെ പ്രശ്‌നങ്ങളും സമുദായ സമവാക്യങ്ങളും ബാബു ദിവാകരന് അനുകൂല ഘടകമായേക്കാം. സിറ്റിങ് എംഎൽഎ നൗഷാദാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കുണ്ടറയിലും കൊല്ലത്തും മേഴ്‌സിക്കുട്ടിയമ്മയെയും മുകേഷിനെയും അട്ടിമറിക്കാൻ വിഷ്ണുനാഥിനും ബിന്ദു കൃഷ്ണയ്ക്കും കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്. ജില്ല കഴിഞ്ഞ തവണത്തെപോലെ ഉറച്ചു നിൽക്കുമെന്ന് എൽഡിഎഫ് പറയുന്നു.
ഹരിപ്പാടും അരൂരും യുഡിഎഫ് സിറ്റിങ് സീറ്റുകൾ. ചേർത്തല, കുട്ടനാട്, കായംകുളം സീറ്റുകൾ പിടിച്ചെടുക്കാമെന്നാണ് ആത്മവിശ്വാസം. തോമസ് ഐസക്കും ജി.സുധാകരനും ഒഴിഞ്ഞതോടെ ആലപ്പുഴയിലും അമ്പലപ്പുഴയിലും കടുത്ത മത്സരമെന്ന പ്രതീതി. ചേർത്തലയിൽ എസ്.ശരത്തിലാണ് യുഡിഎഫ് പ്രതീക്ഷ. പി.പ്രസാദാണ് സിപിഐ സ്ഥാനാർത്ഥി.
കുട്ടനാട്ടിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജേക്കബ് എബ്രാഹാമിനു മേൽക്കൈ ഉണ്ടെന്നു മുന്നണി അവകാശപ്പെടുന്നു. തോമസ് കെ.തോമസാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കായംകുളത്ത് യു.പ്രതിഭയ്‌ക്കെതിരെ അരിത ബാബു വന്നതോടെ മത്സരം കടുത്തു. അരൂർ പിടിച്ചെടുത്ത് എൽഡിഎഫ് നില മെച്ചപ്പെടുത്തുമെന്നാണ് നേതൃത്വം പറയുന്നത്. മുതിർന്ന നേതാക്കൾ മത്സരിക്കാത്തത് ജയത്തെ ബാധിക്കുമെന്ന വാദം തള്ളിക്കളയുന്നു. പത്തനംതിട്ടിയൽ 5 സീറ്റുകളിലും എൽഡിഎഫ് പ്രതീക്ഷ വെക്കുന്നുണ്ട്. എന്നാൽ കോന്നി റോബിൻ പീറ്ററിലൂടെ തിരിച്ചു പിടിക്കാമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. ആറന്മുളയിൽ ശിവദാസൻ നായരിലൂടെ അട്ടിമറി പ്രതീക്ഷിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ