പത്തനംതിട്ട: ഓഗസ്റ്റ് 15 ന് മുൻപ് ലക്ഷാധിപതികളായിരുന്നു റാന്നി തോട്ടമൺ ഇടശേരിൽ എബി സ്റ്റീഫനും കുടുംബവും. അന്നുണ്ടായ മഹാപ്രളയം ഈ ലക്ഷാധിപതികളെ കുത്തുപാളയെടുപ്പിച്ചു. രണ്ടു കോടിയുടെ ബാധ്യതയാണ് പ്രത്യക്ഷത്തിൽ ഈ കുടുംബത്തിനുള്ളത്. നാശനഷ്ടം അല്ലാതെ വേറെയും. ജീവിക്കാൻ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ എബിയും കുടുംബവും സർക്കാരിന്റെ കരുണ തേടുകയാണ്. നാടുനീളെ നടന്ന് പിരിക്കുന്ന സർക്കാർ ഇത്തരം ദുരിതത്തിൽ അകപ്പെട്ട വ്യാപാരികളുടെ കണ്ണുനീർ കൂടി കാണണമെന്നാവശ്യപ്പെട്ട് റാന്നി മിനിസിവിൽ സ്റ്റേഷൻ പടിക്കൽ സമരം ആരംഭിച്ചിരിക്കുകയാണ് എബിയും കുടുംബവും.

വെള്ളം കയറിയതു മൂലം ഇനിയും തുറന്നു പ്രവർത്തിക്കാനാകാതെ ഏഴു സ്ഥാപനങ്ങളാണ് എബിക്ക് ഉള്ളത്. സ്വന്തം വീടും പ്രളയജലത്തിൽ മുങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായ യുവാവിനു മുമ്പിൽ പ്രതീക്ഷകൾ അസ്തമിക്കുകയാണ്. സർക്കാർ വരുത്തി വച്ച പ്രളയദുരന്തത്തിൽ സർവവും നഷ്ടമായ ഈ യുവ വ്യാപാരിയും ഭാര്യയും ജന്മനാ ബധിരനും മൂകനും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നതുമായ മൂത്ത മകനും അടക്കം മൂന്നു കുട്ടികളും എബിയുടെ വൃദ്ധമാതാവും സർക്കാരിന്റെ കനിവു കാത്ത് കഴിയുകയാണ്. റാന്നി എംഎസ് ഹയർ സെക്കൻഡറി സ്‌കൂളിനു മുൻവശത്ത് നിന്നു തുടങ്ങി വലിയപാലത്തിനു സമീപം എൽഐസി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം വരെയായിരുന്നു എബിയുടെ വ്യാപാര ശൃംഖല.

ഇടശേരിൽ ലീലാമ്മ സ്റ്റീഫൻ ദമ്പതികളുടെ മകനായ എബി സ്റ്റീഫൻ, ഭാര്യ ഷീജ എന്നിവരുടെ ഏഴു സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലായത്. എബനേസർ സിൽക്ക്സ്, എബനേസർ സ്വീറ്റ്സ്, ബോർമ, എബനേസർ ഫർണിച്ചർ മാർട്ട്, നിർമ്മാണ യൂണിറ്റ്, എബി ഫുട്വെയർ, എബി ഫോട്ടോസ്റ്റാറ്റ് എന്നിവയായിരുന്നു സ്ഥാപനങ്ങൾ. അണക്കെട്ട് തുറന്നെത്തിയ പ്രളയജലം ആദ്യം വിഴുങ്ങിയത് പമ്പയോട് ചേർന്നിരിക്കുന്ന ഈ സ്ഥാപനങ്ങളെയായിരുന്നു. മുഴുവനും പൂർണമായും വെള്ളത്തിൽ മുങ്ങി. തോട്ടമണിലെ വീട്ടിൽ ഉയർന്നത് ഏഴടിയിലേറെ വെള്ളമായിരുന്നു. ഓണക്കാലത്തെ ബിസിനസ് കൂടി കണ്ട് എടുത്ത സ്റ്റോക്ക് അടക്കം തുണിക്കടയിലെ സാധനങ്ങളെല്ലാം ചെളിയിൽ മുങ്ങി നശിച്ചു. സമീപത്തു തന്നെയുള്ള ബേക്കറിയുടെ സ്ഥിതിയും ഭിന്നമല്ല. ഫോട്ടോസ്റ്റാറ്റ് മെഷീനുകൾ അടക്കം തകരാറിലായി.

ഫർണിച്ചർ നിർമ്മാണ ശാലയിലെ ഉരുപ്പടികളെല്ലാം ഒഴുകിപ്പോയി. വീട്ടിലുണ്ടായിരുന്ന ഫർണീച്ചറുകളും പാത്രങ്ങളുമെല്ലാം നഷ്ടപ്പെട്ടു. ഒപ്പം ബിസിനസ് രേഖകൾ, അപൂർവരോഗം ബാധിച്ച മൂത്ത കുട്ടിയും അടൂർ മണക്കാലാ ഡഫ് ആൻഡ് ഡമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ ജോബിന്റെ ചികിത്സാ രേഖകൾ തുടങ്ങിയവയെല്ലാം പ്രളയത്തിൽ നഷ്ടപ്പെട്ടു. വീടിന് നാലു ലക്ഷം, തുണിക്കടയിൽ ഒന്നരക്കോടിയോളം രൂപ, ബേക്കറിയിലും ബോർമ്മയിലുമായി 33 ലക്ഷം. ചെരിപ്പുകടയിൽ പത്തുലക്ഷം, ഫർണിച്ചർ കടയിൽ പത്തുലക്ഷം ഫോട്ടോസ്റ്റാറ്റ് കടയിൽ ആറു ലക്ഷം എന്നിങ്ങനെ രണ്ടു കോടിയോളം രൂപയുടെ നഷ്ടമാണ് എബിക്ക് ഉണ്ടായത്. ഇത്രയും നഷ്ടമായ യുവാവിന് സർക്കാരിൽ നിന്നും ലഭിച്ച സാമ്പത്തികം വീട്ടിൽ വെള്ളം കയറിയ വകയിൽ പതിനായിരം രൂപ മാത്രം. ചില്ലറ ദുരിതാശ്വാസ സഹായങ്ങൾ സാധനങ്ങളും വസ്ത്രങ്ങളുമായി ലഭിച്ചതൊഴിച്ചാൽ ഈ കുടുംബത്തിന്റെ കാര്യത്തിൽ സർക്കാർ ഭാഗത്തു നിന്നും കാര്യമായ ഒരു സഹായവും ഉണ്ടായില്ല.

ഒന്നര മാസത്തിലേറെയായി കടകൾ അടഞ്ഞു കിടന്നതിനാൽ ഉടമയുടെ കുടുംബവും പതിനാലോളം ജീവനക്കാരും പട്ടിണിയിലായി. ഇതിനിടയിൽ വായ്പയെടുത്ത ബാങ്കുകളിൽ നിന്നും പലിശ അടയ്ക്കാൻ നോട്ടീസുകളും എത്തി തുടങ്ങി. പിടിച്ചു നിൽക്കാൻ മറ്റു മാർഗം ഒന്നും ഇല്ലാതെ വന്നതിനെ തുടർന്നാണ് യുവാവ് രോഗിയായ മകനേയും ഒപ്പം കൂട്ടി നിരാഹാര സമരത്തിന് തയ്യാറായത്. തനിക്കു വേണ്ടി മാത്രമല്ല സമരമെന്നു പറയുന്ന എബി സ്റ്റീഫൻ പ്രളയത്തിൽ വൻ തോതിൽ നഷ്ടം സംഭവിച്ച മറ്റു വ്യാപാരികൾക്കു കൂടി നീതി ലഭിക്കാനാണ് അറ്റകൈയ്ക്ക് തയാറായത്.

കാനറാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, റാന്നി സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നായി എബിയുടെ കുടുംബത്തിന് ഒരു കോടിയിലേറെ രൂപയുടെ വായ്പയുണ്ട്. ഇതിന്റെ പലിശ അടയ്ക്കാൻ ബാങ്കുകാർ നിർബന്ധവും തുടങ്ങി. മുമ്പിൽ ആത്മഹത്യ അല്ലാതെ മറ്റു മാർഗമില്ലാതെ വന്നപ്പോഴാണ് അവസാന കച്ചിത്തുരുമ്പായി സർക്കാരിന്റെ കനിവു തേടി എബിയുടെ കുടുംബം നിരാഹാര സമരത്തിന് ഇറങ്ങിയത്. വ്യാപാരി സംഘടനയുടെ പിന്തുണയോടെയാണ് യുവാവിന്റെ സമരം.