കായംകുളം: പ്രളയക്കെടുതി ബാധിച്ച കേരളത്തെ കേന്ദ്രസർക്കാർ അവഗണിച്ചു എന്നു പറഞ്ഞ് സൈബർ ലോകത്ത് വലിയ ബഹളമായിരുന്നു നടന്നത്. സംസ്ഥാനത്തിന് അടിയന്തരമായി അനുവദിച്ച 500 കോടി രൂപയുടെ സഹായത്തെ കുറിച്ച് ചർച്ച ചെയ്യാതെയായിരുന്നു ഈ ബഹളമൊക്കെ. ഇതിനിടെയാണ് കേന്ദ്രം നൽകിയ അരി പോലും ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്ന വാർത്ത വന്നത്. കേരളത്തെ സഹായിക്കാനായി ഇങ്ങനെ വിവിധ കോണുകളിൽ നിന്നും സഹായഹസ്തം എത്തിയെങ്കിലും ഈ സഹായം വേണ്ടപ്പെട്ടവരിലേക്ക് എത്തിയോ എന്ന കാര്യം ഇപ്പോഴും സംശയമാണ്. കാരണം പ്രളയബാധിതർക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിച്ച വസ്തുക്കൾ റെയിൽവേ സ്റ്റേഷനുകളിലും മറ്റുമായി കെട്ടിക്കിടക്കുകയാണ് ഇപ്പോൾ.

പ്രളയ ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാനായി റെയിൽവേ എത്തിച്ച കുടിവെള്ളം ഉപയോഗ ശൂന്യമായി റെയിൽവേ സ്റ്റേഷനുകളില കിടക്കുന്ന അവസ്ഥയാണ്. ചെങ്ങന്നൂർ, കായംകുളം റെയിൽവേ സ്റ്റേഷനുകളിലാണ് കുടിവെള്ളം പാഴായി കിടക്കുന്നത്. സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിൽ ദക്ഷിണ റെയിൽവേ ഏഴ് ബിആർഎൻ വാഗണുകളുള്ള ഗുഡ്‌സ് ട്രെയിനുകളിലാണ് കുടിവെള്ളമെത്തിച്ചത്. ഈ വെള്ളം ആർക്കും ഉപയോഗമില്ലാതെ കുടക്കുന്ന അവസ്ഥയാണ്.

തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽനിന്ന് എത്തിച്ച കുടിവെള്ളം ഈറോഡിൽനിന്ന് ദിണ്ടിഗൽ, മധുര, തിരുനെൽവേലി വഴിയാണ് കേരളത്തിലേക്കെത്തിച്ചത്. എന്നാൽ എത്തിച്ച കുടിവെള്ളത്തിൽ ഭൂരിഭാഗവും ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. എഴ് വാഗണുകളിലായി പതിനായിരം, അയ്യായിരം ലിറ്ററുകളുള്ള ടാങ്കുകളിൽ നാലു ലക്ഷം ലിറ്ററോളം വെള്ളമാണ് എത്തിച്ചത്. ഇത് കായംകുളത്തും ചെങ്ങന്നൂരിലും എത്തിച്ചപ്പോൾ ആവശ്യക്കാർ ആരും എത്തിയില്ല. ദിവസങ്ങൾക്ക് ശേഷം സമീപത്തുള്ളവർ എത്തി ഇവയിൽ നിന്നും കുറച്ചു വെള്ളം എടുക്കുകയുണ്ടായി. പിന്നീട് ആരും എത്തിയില്ല.

കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ഫയർഫോഴ്സ് എത്തി വെള്ളം എടുത്തു. എന്നിട്ടും ലക്ഷകണക്കിന് വെള്ളം വെറുതെ കിടക്കുകയാണ്. ഇവയൊക്കെ ഇപ്പോൾ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. കേരള സർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് വെള്ളം കേരളത്തിലേക്ക് റെയിൽവേ എത്തിച്ചത്. ഒരു ലക്ഷം കുടിവെള്ളക്കുപ്പികൾ പാറശാല പ്ലാന്റിൽനിന്നും ദക്ഷിണ റെയിൽവേ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം എക്സ്പ്രസ് എന്നിവയിലായി ഒന്നരലക്ഷം കുടിവെള്ളക്കുപ്പികളും റെയിൽവേ അയച്ചിരുന്നു.

കുപ്പി വെള്ളമാത്രമാണ് പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ആവശ്യത്തിലധികം കുടിവെള്ളം ഇവിടെയൊക്കെ ലഭ്യമായതിനാലാണ് റെയിൽവേ പ്രത്യേകമായി കൊണ്ടുവന്ന വെള്ളം ഉപയോഗിക്കാതിരുന്നത്. ഒരുമാസമായി കെട്ടിക്കിടക്കുന്ന വെള്ളം ഇനിയെന്ത് ചെയ്യണം എന്ന് റെയിൽവേ തീരുമാനിച്ചിട്ടില്ല. ആവശ്യക്കാരെത്തിയാൽ പകർത്തി നൽകുമെന്ന് അധികാരികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

നേരത്തെ കേരളം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി കൂടിയാണ് സംസ്ഥാനത്തിന് അരി അനുവദിച്ചത്. ഈ അരിക്ക് കേന്ദ്രം കാശു ചോദിച്ചെന്ന വലിയ ആരോപണം തന്നെ ചർച്ചയായി. ഇതോടെ അരി ഫ്രീയാണെന്നും കേന്ദ്രത്തിന്റെ ദുരിതാശ്വാസ പാക്കേജിനൊപ്പം ഈ തുകയും വകകൊള്ളിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം വിശദീകരണം നൽകുകയും ചെയ്തു. ഇതിനായി കേന്ദ്ര മന്ത്രിമാർക്ക് മുന്നിൽ സമ്മർദ്ദം ചെലുത്താൻ മന്ത്രിമാരും എംപിമാരും ഉണ്ടായി. ഇതോടെ റേഷൻ അരി കേരളത്തിൽ എത്തി. എന്നാൽ ദുരന്തബാധിതർക്ക് അടിയന്തരമായി വേണമെന്നാവശ്യപ്പെട്ടെത്തിച്ച അകി മൂന്നാഴ്ചയായിട്ടും ഏറ്റെടുക്കാതെ കേരളം.

ആവർത്തിച്ച് അറിയിച്ചിട്ടും മിക്ക ജില്ലകളിലും സപ്ലൈ ഓഫിസർമാർ ഗോഡൗണുകളിൽനിന്ന് അരി ഏറ്റെടുക്കുന്നില്ലെന്നു ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) കേരള ജനറൽ മാനേജർ എസ്.കെ.യാദവ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. എഫ്‌സിഐയുടെ 22 ഡിപ്പോകളിൽ 14 സ്ഥലത്തുനിന്ന് ഒരു കിലോ അരി പോലും ഏറ്റെടുത്തിട്ടില്ല. 19 ന് അകം ഏറ്റെടുത്തില്ലെങ്കിൽ അധിക അരി സംസ്ഥാനത്തിനു നഷ്ടമാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. കേരളത്തിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയായിരുന്നു എല്ലാത്തിനും കാരണം. അരിക്ക് കാശ് ചോദിച്ചതിന്റെ പേരിൽ വിവാദത്തിന് ഇറങ്ങിയവർ ആരും മിണ്ടാത്ത അവസ്ഥയാണുള്ളത്.