- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു വാര്യർ മൊഴി നൽകി; സത്യം പറയാൻ താൻ ബാദ്ധ്യസ്ഥായണെന്ന് മഞ്ജു മകളോട് പറഞ്ഞു; ഇത് രേഖപ്പെടുത്തണമെന്ന് പറഞ്ഞിട്ടും കോടതി അതിന് തയ്യാറായില്ല; തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞെന്ന ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും അലംഭാവം; വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ സത്യവാങ്മൂലം
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സർക്കാറും. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിചാരണാ കോടതിക്കെതിരായ ആരോപണങ്ങൾ സർക്കാർ അക്കമിട്ടു നിരത്തിയത്. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ച പറ്റിയെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവർ ബോധിപ്പിക്കുന്നു.
മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു മൊഴി നൽകിയിരുന്നു. എന്നാൽ, ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയില്ല. എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകൾ ഫോണിലൂടെ തന്നോട് പറഞ്ഞു. സത്യം പറയാൻ താൻ ബാദ്ധ്യസ്ഥായണെന്നായിരുന്നു മഞ്ജു മകളോട് പറഞ്ഞത്. ഇത് രേഖപ്പെടുത്തണമെന്ന് കോടതിയോട് പറഞ്ഞിട്ടും അത് രേഖപ്പെടുത്താൻ വിചാരണ കോടതി തയ്യാറായില്ല.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച പറ്റി. തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞെന്നായിരുന്നു മൊഴി. എന്നാൽ കേട്ടറിവ് മാത്രമെന്നായിരുന്നു കോടതിയുടെ ന്യായമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. അമ്പതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് സർക്കാർ വിചാരണ കോടതിക്കെതിരെ വിമർശനം നടത്തുന്നത്.
പല ഘട്ടങ്ങളിലായി വാഹനത്തിൽ വച്ചുണ്ടായ പീഡനത്തെപ്പറ്രി നടിയെ മാനസികമായി തളർത്തുന്ന ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ ഇതിലൊന്നും കോടതി ഇടപെട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സത്യവാങ്മൂലം ഇന്ന് തന്നെ ഹൈക്കോടതി പരിഗണിക്കും. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണു സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും കോടതി പ്രതിഭാഗത്തിനു നൽകുമ്പോൾ പ്രോസിക്യൂഷനു നൽകുന്നില്ല, രഹസ്യ വിചാരണ എന്നതിന്റെ അന്തസത്ത തകർക്കുംവിധമാണ് പലപ്പോഴും കോടതി പെരുമാറിയത്. ഇരയാക്കപ്പെട്ട നടിയെ വിസ്തരിക്കുമ്പോൾ 20 അഭിഭാഷകരാണ് കോടതിയിൽ ഉണ്ടായിരുന്നത്. വിസ്താരത്തിനിടെ അഭിഭാഷകരുടെ ചോദ്യങ്ങൾ പലതും അതിരുവിട്ടുള്ളതായിരുന്നു.
കേസ് വിചാരണ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ ഇതേ വിചാരണക്കോടതി തന്നെ തീരുമാനമെടുത്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. വിചാരണക്കോടതിയിൽ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ നൽകാൻ തയാറാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ തന്നെ കോടതി നടപടികളിൽ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിൽ മറ്റൊരു കോടതി കേസ് പരിഗണിക്കണമെന്നാണ് ഇര കോടതിയിൽ ആവശ്യപ്പെട്ടത്. വിസ്താര സമയത്ത് പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നോടു മോശമായി പെരുമാറിയപ്പോൾ കോടതി നിശബ്ദത പാലിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് ചൂണ്ടിക്കാണിച്ചു കേസിലെ എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടും കോടതി തീരുമാനം എടുത്തില്ല. പലപ്രാവശ്യം ഇത് ഉന്നയിച്ചിട്ടും അവഗണിക്കുകയായിരുന്നു എന്നും ഇര ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ തന്നെ വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അംഗീകരിക്കാൻ തയാറായില്ല. തുടർന്നാണ് ഇരയാക്കപ്പെട്ട നടി തന്നെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ