- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിണറായിയുടെ ബ്രൂവറി പ്രേമം ഇനിയും അവസാനിച്ചില്ല; ബ്രൂവറി വിവാദത്തിൽ പെട്ടവരോട് മുഖ്യമന്ത്രിയുടെ മഹാമനസ്ക്കത; ബ്രൂവറി വിവാദക്കാരുടെ ഭൂമി വൻവിലയ്ക്ക് സർക്കാർ ഏറ്റെടുക്കുന്നു; പിണറായിയിലെ 16 ഏക്കറിന് വില നിശ്ചയിച്ചത് 40.5 കോടി രൂപ; ആദ്യം നിശ്ചയിച്ചത് 100 കോടി ഭൂമിവില നൽകാൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ബ്രൂവറി പ്രേമത്തിന് ഇനിയും കുറവു വന്നിട്ടില്ല. ഇത് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടു പുറത്തുവന്നു. ബ്രൂവറി അഴിമതി ഇടപാടിലൂടെ വിവാദത്തിലായ കണ്ണൂർ സ്വദേശികളുടെ പിണറായിയിലെ 16 ഏക്കറോളം ഭൂമി സർക്കാർ പൊന്നും വില നൽകി ഏറ്റെടുക്കുന്നതാണ് വിവാദത്തിലായിരിക്കുന്നത്. പിണറായി ബയോ ഡൈവേഴ്സിറ്റി പാർക്ക്, സിവിൽ സർവീസ് റസിഡൻഷ്യൽ കോംപ്ലക്സ്, ഫയർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന ഹബ് നിർമ്മിക്കാനെന്ന പേരിലാണു 40,51,09,366 രൂപ നൽകി ഭൂമി ഏറ്റെടുക്കുന്നത്. ഭൂവില ഉൾപ്പെടെ കിഫ്ബി ഫണ്ടിൽ നിന്ന് 50 കോടി മുടക്കും. ഇതിലും ഉയർന്ന തുകയാണ് ആദ്യം നിർദ്ദേശിച്ചിരുന്നത് എങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മലയാള മനോരമയിലെ ജയൻ മേനോനാണ് വൻ അഴിമതി ഉണ്ടായിരിക്കാൻ ഇടയുള്ള ഈ വാർത്ത പുറത്തുവിട്ടത്.
വ്യവസായ വകുപ്പിനു കീഴിലുള്ള കിൻഫ്രയാണു നോഡൽ ഏജൻസി. കണ്ണൂരിൽ കുറഞ്ഞ വിലയ്ക്കു ധാരാളം ഭൂമിയും സർക്കാർ പുറമ്പോക്കും ലഭ്യമാണെന്നിരിക്കെയാണ് വിവാദത്തിൽ പെട്ടവരുടെ ഭൂമി വൻവില നൽകി ഏറ്റെടുക്കാൻ ശ്രമം നടത്തുന്നത്. ആദ്യം ഈ ഭൂമിക്ക് വിലയായി നിശ്ചയിച്ചത് 100 കോടിയോളം രൂപയായിരുന്നു. കിഫ്ബി ഫണ്ടിൽ ഇത്രയും വലിയ തുക നൽക ഭൂമി വാങ്ങാൻ പദ്ധതി ഇട്ടപ്പോഴും പിന്നീട് വില പകുതിയിലേറെ കുറയ്ക്കുകയായിരുന്നു.
സമീപകാലത്തെ 10 ആധാരങ്ങൾ പരിശോധിച്ച് ഏറ്റവും മികച്ച വില നൽകുന്നു എന്നാണു റവന്യു അധികൃതരുടെ നിലപാട്. മൂന്നു വർഷത്തിലേറെയായി ചർച്ചയിലുള്ള പദ്ധതിക്കു വേണ്ടിയാണ് ഏറ്റെടുപ്പ്. പദ്ധതിക്കായി ഭൂമി വേണമെന്ന കിൻഫ്രയുടെ ആവശ്യം പരിഗണിച്ചാണു തലശ്ശേരി ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ നടപടികൾ. അഞ്ചരക്കണ്ടി തലശ്ശേരി റോഡിലാണു ഭൂമി. 4/2020 ആയി നഷ്ടപരിഹാര തുക അനുവദിച്ചു. ഈ തുക സർക്കാരിൽനിന്നു വിട്ടുകിട്ടുന്ന മുറയ്ക്കു കോടതിയിൽ കെട്ടിവച്ചു ഭൂമി ഏറ്റെടുപ്പു പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
2018ൽ ഇടതു സർക്കാരിനെ പിടിച്ചുകുലുക്കിയ ബ്രൂവറി അഴിമതി വിവാദത്തിലെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന കുടുംബത്തിന്റേതാണ് ഈ ഭൂമി. ചട്ടവിരുദ്ധമായി 3 ബീയർ ഉൽപാദന കേന്ദ്രങ്ങൾക്കാണ് അന്ന് സർക്കാർ അനുമതി നൽകിയത്. ഇടപാടുകൾ പുറത്തായതിനു പിന്നാലെ ഈ അനുമതി പാടേ റദ്ദാക്കി. ഭൂമിവില നിശ്ചയിച്ച കലക്ടർ കിൻഫ്രയിൽ നിന്നു നൂറു കോടി രൂപയാണു ഭൂമിക്കു വേണ്ടി 2020 ഫെബ്രുവരി 29ന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്. വില അധികമാണെന്ന വിമർശനം ഉണ്ടായതോടെ ജില്ലാതലത്തിൽ തന്നെ പുനർനിർണയിക്കാൻ സർക്കാർ നിർദ്ദേശം നൽകിയെന്നം മനോരമ റിപ്പോർട്ടിൽ പറയുന്നു.
2020 ജൂൺ 11നു വിലനിർണയ റിപ്പോർട്ട് പുതുക്കുകയും ഭൂവിലയായി 40.51 കോടിയും മറ്റു ചെലവുകളും ഉൾപ്പെടെ 50 കോടി രൂപ ലഭ്യമാക്കണമെന്നു കിൻഫ്രയ്ക്കു കലക്ടർ കത്തു നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു ഫണ്ട് അനുവദിക്കുന്നത്. പദ്ധതിയെക്കുറിച്ചു കൃത്യമായ മാർഗരേഖ പോലും തയാറാക്കാതെയാണു ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും ആരോപണമുണ്ട്.
കണ്ണൂർ ജില്ലയിൽ കിൻഫ്രയ്ക്കു വേണ്ടി 5000 ഏക്കറോളം ഭൂമി ഏറ്റെടുക്കുമെന്നാണു സർക്കാർ പ്രഖ്യാപനം. ഇതിൽ പലതിലും ഇടനിലക്കാരായി ഉന്നതരുടെ കൈകൾ ഉണ്ടെന്നും സൂചനയുണ്ട്. സിപിഎം ബന്ധുക്കളുടെയും ഭൂമികൾ ഏറ്റെടുക്കുന്നവയിൽ പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെ ബ്രൂവറി വിവാദത്തിൽ സിപിഎമ്മിന് ശരിക്കും കൈപൊള്ളിയിരുന്നു. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നത തല സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതോടെയാണ് വിവാദമായത്.
സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമായിരുന്നു പുതുതായി അനുവദിച്ചത്. 1999 ന് ശേഷം പുതിയവയ്ക്ക് അനുമതി കൊടുക്കുമ്പോൾ ചട്ടങ്ങൾ പൂർണമായും ലംഘിച്ചുവെന്നും സ്വന്തക്കാർക്കാണ് അനുവദിച്ച് കൊടുത്തു എന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. തുടർന്ന് ശക്തമായ സമരങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം കൊടുത്തതോടെ അത് സർക്കാരിന് വലിയ തലവേദനയുമായി. തുടർന്നായിരുന്നു ഈ ഇടപാടിൽ നിന്നും സർക്കാർ പിന്മാറിയതും.
മറുനാടന് മലയാളി ബ്യൂറോ