- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമത്താൽ വീർപ്പു മുട്ടുമ്പോൾ കേരളത്തിൽ ഓക്സിജന്റെ അധിക സ്റ്റോക്ക്; കൂടാതെ അയൽ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ സപ്ലെയും ചെയ്യുന്നു; പക്ഷേ, ദൗർഭാഗ്യവശാൽ ഞാൻ ഡൽഹിയിലായിപ്പോയി ചികിത്സയിൽ കഴിയുന്നത്; പ്രാണവായു മുടക്കാത്ത കേരളത്തെ പ്രശംസിച്ചു ശശി തരൂർ എംപി
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് അതിരൂക്ഷ വ്യാപനത്തിലേക്ക് നീങ്ങുമ്പോൾ ഓക്സിജൻ ക്ഷാമത്താൽ വീർപ്പമുട്ടുകയാണ് മിക്ക സംസ്ഥാനങ്ങളും. കോവിഡ് രൂക്ഷമായ ഡൽഹിയിൽ പ്രാണവായു കിട്ടാതെ പിടിഞ്ഞു മരിച്ചത് നിരവധി രോഗികളാണ്. ഹരിയാനയിലും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമെല്ലാം സമാന അവസ്ഥയാണുള്ളത്. അതേസമയം ഓക്സിജൻ സ്റ്റോക്കിന്റെയും മാനേജ്മെന്റിന്റെയും കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ആവശ്യത്തിലേറെ സ്റ്റോക്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ അയൽ സംസ്ഥാനങ്ങളെ സഹായിക്കാനും കേരളത്തിന് സാധിച്ചിട്ടുണ്ട്.
ഓക്സിജൻ സംഭരണത്തിന്റെ കാര്യത്തിൽ കേരളത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തുവന്നിരിക്കയാണ് ശശി തരൂർ. ട്വിറ്ററിലൂടെയാണ് ശശി തരൂരിന്റെ പ്രതികരണം. ഡൽഹിയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമത്താൽ വീർപ്പു മുട്ടുമ്പോൾ കേരളത്തിൽ ഓക്സിജന്റെ അധിക സ്റ്റോക്കുണ്ട്. കൂടാതെ അയൽ സംസ്ഥാനങ്ങൾക്ക് അവശ്യഘട്ടത്തിൽ ഓക്സിജൻ സപ്ലെയും ചെയ്യുന്നു. പക്ഷേ, ദൗർഭാഗ്യവശാൽ ഞാൻ ഡൽഹിയിലായിപ്പോയി കോവിഡ് ചികിത്സയിൽ കഴിയുന്നത്- തരൂർ ട്വീറ്റു ചെയ്തു.
കേരളത്തിലെ മെഡിക്കൽ ഓകസിജൻ സപ്ലൈയെ കുറിച്ചുള്ള വാർത്ത ഷെയർ ചെയത്ു കൊണ്ടാണ് തരൂരിന്റെ പ്രതികരണം. ഗോവ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേരളം ഓക്സിജൻ സപ്ലൈ ചെയ്തത്. സംസ്ഥാനത്തെ ആശുപത്രികളിൽ ആവശ്യത്തിൽ കൂടുതലും ഓക്സിജൻ സംഭരിച്ച ശേഷമാണ് സംസ്ഥാനം അധിക ഓക്സിജൻ മറ്റു സംസ്ഥാനങ്ങൾക്ക് സഹായമായി നൽകിയത്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സംഭരിച്ചിരിക്കുന്നത് 219.22 മെട്രിക് ടൺ ഓക്സിജൻ. രോഗം ഗുരുതരമാകുന്ന ആർക്കും കേരളത്തിൽ ചികിത്സയോ പ്രാണവായുവോ മുടങ്ങില്ല. സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത കുറയില്ലെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2021 ഏപ്രിൽ 15 വരെയുള്ള കണക്കനുസരിച്ച് 73.02 മെട്രിക് ടൺ ഓക്സിജനാണ് ഉപയോഗിച്ചത്. 2020 നവംബറിൽ സംസ്ഥാനത്ത് സ്റ്റോക്കുണ്ടായിരുന്നത് 184.09 മെട്രിക് ടൺ ഓക്സിജനാണ്. രോഗികൾ വർധിച്ച ഈ സാഹചര്യത്തിലും അന്നത്തേക്കാൾ 35.13 മെട്രിക് ടൺ ഓക്സിജൻ അധിക സ്റ്റോക്കുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ഡൽഹിയിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ഓക്സിജൻ ലഭ്യത താഴുകയുമാണ്. ഗുരുതരാവസ്ഥയിലുള്ളവർക്ക് പ്രാണവായുപോലും ലഭിക്കാത്ത സാഹചര്യമാണ് ഈ സംസ്ഥാനങ്ങളിൽ. പലയിടങ്ങളിലും ആശുപത്രി കിടക്കകൾ നിറഞ്ഞുകഴിഞ്ഞു. കോവിഡ് വ്യാപനത്തിനിടെ ഡൽഹിയിലെ മെഡിക്കൽ ഓക്സിജൻ ദൗർലഭ്യത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശിച്ചും കേരളത്തെ പ്രശംസിച്ചും ഡൽഹി ഹൈക്കോടതിയും രംഗത്തുവന്നിരുന്നു.
കോവിഡ് രണ്ടാംതരംഗത്തെ നേരിടാൻ സംസ്ഥാനം സുസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവിൽ സംസ്ഥാനത്തിന് 74.25 മെട്രിക് ടൺ ഓക്സിജനാണ് ആവശ്യം. 219.22 മെട്രിക് ടൺ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ 9735 ഐസിയു ബെഡുണ്ട്. അതിൽ 931ൽ മാത്രമാണ് കോവിഡ് രോഗികൾ. സർക്കാർ ആശുപത്രികളിലുള്ള 2650 ഐസിയു ബെഡിൽ കോവിഡ്--നോൺ കോവിഡ് രോഗികൾ ഉൾപ്പെടെ 50 ശതമാനത്തിനടുത്ത് മാത്രമാണുള്ളത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 3776 വെന്റിലേറ്ററുണ്ട്. അതിൽ 277ലാണ് നിലവിൽ രോഗികളുള്ളത്. സർക്കാർ ആശുപത്രികളിലെ 2253 വെന്റിലേറ്ററിൽ 18.2 ശതമാനം മാത്രമാണ് രോഗികൾ.
കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങൾ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ഡിസ്ട്രിക്റ്റ് കോവിഡ് സെന്ററുകൾ എന്നിവയെല്ലാം ചേർന്ന് 2249 കേന്ദ്രത്തിലായി 1,99,256 കിടക്ക സജ്ജമാണ്. 136 സ്വകാര്യ ആശുപത്രിയിൽ 5713 കിടക്കയും ലഭ്യമാണ്. ഇന്ത്യയിൽ വാക്സിൻ പാഴാക്കാതെ അതിവേഗം വിതരണം ചെയ്യുന്നത് കേരളത്തിലാണ്. ദിവസം മൂന്നര ലക്ഷത്തിലധികം വാക്സിനേഷൻ നൽകുന്നുണ്ട്. 62,25,976 ഡോസ് വാക്സിൻ ഇതുവരെ നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ