- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിപ്പ് എടുത്തത് ജോലി ഇല്ലാതെ വെറുതെ ഇരുന്നപ്പോൾ; മെച്ചം കിട്ടിയില്ലെന്ന് മാത്രമല്ല ഇപ്പോഴത്തെ അവസ്ഥ കയ്യിൽ ഉള്ളത് കൂടി പോകുമെന്നത്; ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങി നൂറോളം ടൂറിസ്റ്റു ബസുകൾ; തിരിച്ചടിയായത് ലോക്ഡൗണിനെത്തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിവരാത്തത്; മടങ്ങണമെങ്കിൽ ഇന്ധനത്തിനു മാത്രം 70,000 രൂപ, ടോളിൽ 15,000 രൂപയും വേണമെന്ന് ബസ് തൊഴിലാളികൾ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു പോയ ടൂറിസ്റ്റ് ബസുകൾ മടങ്ങിവരാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നു. നൂറോളം ബസുകളാണു വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ടൂറിസ്റ്റുബസുകൾക്ക് പഴയപോലെ ജോലി ഇല്ലാതിരുന്നതിനാലാണ് ഇവർ ഇത്തരമൊരു ശ്രമം ആരംഭിച്ചത്.എന്നാലിപ്പോൾ കൈയിൽ ഉണ്ടായിരുന്നത് കൂടി നഷ്ടപ്പെടുന്ന സ്ഥിതിയാണ് ബസിലെ തൊഴിലാളികൾക്ക്.
തിരഞ്ഞെടുപ്പ്, മിനി ലോക്ഡൗൺ എന്നിവ മൂലമാണ് തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയത്. അവിടെ നിന്നു കേരളത്തിലേക്കുള്ള തൊഴിലാളികളുമായി മടങ്ങി വരാം എന്നായിരുന്നു പ്രതീക്ഷ. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ മടങ്ങിവരാൻ തൊഴിലാളികളെ ലഭിക്കുന്നില്ല. ഇതാണു ടൂറിസ്റ്റ് ബസുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുടുങ്ങാൻ കാരണം. ഒരു മാസം മുൻപു പോയ ബസ് പോലും മടങ്ങാനാകാതെ കിടക്കുകയാണ്. അസമിൽ നിന്നു മടങ്ങി വരണമെങ്കിൽ ഇന്ധനത്തിനു മാത്രം 65,000-70,000 രൂപ വേണ്ടിവരും.
ടോൾ ഇനത്തിൽ 15,000 രൂപയും ചെലവാകും. തൊഴിലാളികൾ ഇല്ലാതെ കേരളത്തിലേക്കു വന്നാൽ ഭാരിച്ച നഷ്ടം ഉണ്ടാകും. മാത്രമല്ല, ഇന്ധനം നിറയ്ക്കുന്നതിനുള്ള പണവും കൈവശമില്ല. മിക്കവരുടെയും കയ്യിലുള്ള പണം ചെലവിനു തികയാത്ത സ്ഥിതിയാണ്. ശുചിമുറി സൗകര്യവുമില്ലാത്തതും ബുദ്ധിമുട്ടിക്കുന്നു. അസമിലെ നഗോണിൽ കേരളത്തിൽ നിന്നുള്ള അൻപതോളം ബസുകൾ കിടക്കുന്നുണ്ട്. 4 കിലോമീറ്റർ അകലെയുള്ള ചൽചൽ എന്ന സ്ഥലത്ത് 25 ബസ് ടൂറിസ്റ്റ് ബസുകളാണുള്ളത്.
'' ഒരു മാസമായി ഇവിടെ എത്തിയിട്ട്. കേരളത്തിലേക്കു വരാൻ തൊഴിലാളികൾ ഉണ്ടെന്നു പറഞ്ഞാണു ബസ് വിളിച്ചത്. ഇപ്പോൾ ഒരാൾ പോലും കേരളത്തിലേക്കു വരുന്നില്ല. കൊണ്ടുവന്നവരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടു ഫോൺ എടുക്കുന്നില്ല'' അസമിലെ ചൽചല്ലിൽ കുടങ്ങിക്കിടക്കുന്ന കണ്ണനല്ലൂർ സ്വദേശി എസ്.സജിൻ പറഞ്ഞു. അസമിൽ എത്തിയിട്ട് ഒരു മാസത്തോളമായി. കൈവശമുള്ള പണം തീരാറായി. പാടത്തോടു ചേർന്നാണു ബസുകൾ പാർക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഒരെണ്ണം മണ്ണിൽ പുതഞ്ഞു.
എല്ലാവരും ചേർന്നു വളരെ പാടുപെട്ടാണു കരകയറ്റിയത്. കുടിവെള്ളം വില കൊടുത്തു വാങ്ങുകയാണ്. 20 ലീറ്ററിന് 50- 60 രൂപ നൽകണം. പ്രാഥമിക ആവശ്യത്തിനും തുണി കഴുകുന്നതിനും ഉള്ള വെള്ളത്തിനു കരാറുകാരൻ ഒരു ടാപ്പ് സ്ഥാപിച്ചു നൽകിയിട്ടുണ്ട്. ബസിലാണ് എല്ലാവരും കിടക്കുന്നത്. മലയാളിയായ ക്രിസ്ത്യൻ പുരോഹിതൻ അരിയും സാധനങ്ങളും പച്ചക്കറിയുമെല്ലാം എത്തിച്ചു തന്നു. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി വന്നു വിവരങ്ങൾ ചോദിച്ചു. സർക്കാർ നിർദേശപ്രകാരമാണ് വന്നതെന്നും സഹായം എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ