- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിറ്റുപോവാതിരുന്ന ടിക്കറ്റിലൂടെ ഷറഫുദ്ദീൻ കോടീശ്വരനായി; ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനമായ 12 കോടി രൂപ ലഭിക്കുക തെങ്കാശി സ്വദേശിയായ ഷറഫുദ്ദീന്; ഇക്കുറി ഭാഗ്യദേവത മാടിവിളിച്ചത് ലോട്ടറി വിൽപ്പനക്കാരനെ
തിരുവനന്തപുരം: വിറ്റു പോകാതിരുന്ന ടിക്കറ്റ് ഷറഫുദ്ദീന് നൽകിയത് സ്വപ്നം കാണാനാകാത്ത ഭാഗ്യം. ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനമായ 12 കോടി രൂപ ലഭിക്കുക തമിഴ്നാട് തെങ്കാശി സ്വദേശിയായ ഷറഫുദ്ദീന്. ക്രിസ്മസ്-പുതുവത്സര ബമ്പർ ഫലപ്രഖ്യാപനത്തിന് ശേഷം കേരളം അന്വേഷിച്ചുകൊണ്ടിരുന്ന ആ ഭാഗ്യവാൻ ഒടുവിൽ ആരെന്ന് വ്യക്തമാകുകയാണ്. കഴിഞ്ഞ വർഷം കണ്ണൂർ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോൻ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത്.
ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി രൂപ തമിഴ്നാട് തെങ്കാശി സ്വദേശി ഷറഫുദ്ദീന്. വിറ്റുപോവാതിരുന്ന ടിക്കറ്റാണ് ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീന് ഭാഗ്യം കൊണ്ടുവന്നത്. മലയാളിയാണെങ്കിലും വർഷങ്ങളായി തെങ്കാശിയിലാണ് ഷറഫുദ്ദീനും കുടുംബവും താമസിക്കുന്നത്. ആര്യങ്കാവിലെ ഏജൻസിയിൽനിന്നാണ് ഇദ്ദേഹം വിൽപ്പനയ്ക്കായി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. ഇതിൽ ബാക്കിവന്ന ഒരേ ഒരു ടിക്കറ്റായിരുന്നു XG 358753. ഈ നമ്പറാണ് 12 കോടി നേടിയത്.
പ്രതീക്ഷയോടെ തന്നെയാണ് ഓരോതവണയും ടിക്കറ്റെടുക്കാറുള്ളതെന്നും ഇതുവരെ ചെറിയ തുകയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഷറഫുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. സമ്മാനത്തുക എന്തുചെയ്യണമെന്ന് സംബന്ധിച്ച് ഇപ്പോൾ മനസിൽ ഒന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വർഷങ്ങളായി തെങ്കാശിയിൽ താമസിക്കുന്ന ഷറഫുദ്ദീന്റെ കുടുംബവേരുകളെല്ലാം കേരളത്തിലാണ്. പിതാവും മാതാവും മലയാളികളാണ്. ആര്യങ്കാവിൽനിന്നാണ് ഇദ്ദേഹം വിവാഹംകഴിച്ചിരിക്കുന്നത്.
ഞയറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് തിരുവനന്തപുരം മേയർ ആര്യയാണ് നറുക്കെടുത്ത്. ജനുവരി 17ന് നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയായിരുന്നു. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. 6 പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം.
മറുനാടന് ഡെസ്ക്