പത്തനംതിട്ട: സാമ്പത്തിക കടക്കെണിയിൽ അകപ്പെട്ട സംസ്ഥാന സർക്കാരിന് എന്തെങ്കിലും വരുമാനം നൽകുന്ന വകുപ്പുകളാണ് ഭാഗ്യക്കുറിയും വിദേശമദ്യവും. ഇതിൽ വിദേശമദ്യ വിൽപ്പനയും നഷ്ടത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. ഭാഗ്യക്കുറി മാത്രമാണ് ഏക ആശ്വാസം. എന്നാൽ, ലോട്ടറി വകുപ്പും ഇപ്പോൾ ദുരൂഹതയുടെ പുകമറയ്ക്കുള്ളിലാണ്. വിവരാവകാശ നിയമപ്രകാരം നേരത്തേ നൽകിയ വിവരങ്ങൾ വീണ്ടും ചോദിച്ചപ്പോൾ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ് ലോട്ടറി ഡയറക്ടറേറ്റ്.

വിവരാവകാശ പ്രവർത്തകനായ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ മനോജിനാണ് ഒരേ ചോദ്യങ്ങൾക്ക് രണ്ടു തവണയായി ലോട്ടറി ഡയറക്ടറേറ്റ് വ്യത്യസ്ഥ മറുപടി നൽകിയിരിക്കുന്നത്. മുന്നു വർഷം മുൻപ് മറുപടി നൽകിയ അതേ ചോദ്യം കഴിഞ്ഞ മാസം വീണ്ടും ചോദിച്ചപ്പോൾ വ്യക്തമായ വിശദീകരണം നൽകാതെ ഒഴിഞ്ഞു മാറുകയാണ് വകുപ്പ് ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് അറിയാൻ മനോജ് ലോട്ടറി ഡയറക്ടറേറ്റിലേക്ക് വിളിച്ചപ്പോൾ നിങ്ങൾ അടുത്ത നടപടി സ്വീകരിച്ചോളൂവെന്ന നിർദേശമാണ് നൽകിയത്.

2019 ജൂൺ ആറിനാണ് ആദ്യം മനോജ് വിവരാവകാശം നൽകിയത്. ചോദ്യങ്ങൾ ഇവയായിരുന്നു.

1. കേരള സർക്കാരിന്റെ ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം വാങ്ങിക്കാൻ ആളില്ലാത്തത് കാരണം സർക്കാരിന് കിട്ടിയ തുക 2015, 16,17,18,19 ജൂൺ ആറു വരെ എത്ര രൂപയാണ്?
2. 2015 മുതൽ 2019 വരെയുള്ള കേരള സർക്കാർ ലോട്ടറി നറുക്കെടുപ്പിന്റെ അൺക്ലെയിംഡ് ലിസ്റ്റ് ലഭ്യമാക്കുക.
3. മേൽപ്പറഞ്ഞ തുക എവിടേക്കാണ് മുതൽ കൂട്ടുന്നത്
3(?). ഇതിന് എന്തെങ്കിലും മാർഗ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടോ.

അതിന് ലഭിച്ച മറുപടി പ്രകാരം 2015-16 ൽ 94,17,45,300 രൂപയും 2016-17 ൽ 105,49, 85,300 രൂപയും 2017-18 ൽ 151,32,14,900 രൂപയും 2018-19 ൽ 148,45,38,700 രൂപയുമാണ്. ഇത് 2019 മാർച്ച് വരെയുള്ള കണക്കാണ്. സമ്മാനത്തുക സർക്കാർ ഫണ്ടിൽ നിന്നുമാണ് നൽകുന്നതെന്നും അതിനാൽ തന്നെ പ്രസ്തുത തുക സർക്കാർ ഫണ്ടിൽ തന്നെ മുതൽ കൂട്ടുമെന്നും മറുപടിയിൽ പറയുന്നു.

ഈ മറുപടി കൈയിലിരിക്കേ, മെയ്‌ ഒമ്പതിന് വീണ്ടും മനോജ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. 2019, 2020, 21, 22 മെയ്‌ 10 വരെ എത്ര രൂപയാണ് അൺക്ലെയിംഡ് എമൗണ്ട് എന്നായിരുന്നു ഒന്നാമത്തെ ചോദ്യം.
2019 മുതൽ 22 മെയ്‌ 10 വരെയുള്ള കേരള സർക്കാരിന്റെ ലോട്ടറി നറൂക്കെടുപ്പിൽ അൺക്ലെയിംഡ് ലിസ്റ്റ് ലഭ്യമാക്കാനായിരുന്നു രണ്ടാമത്തെ ചോദ്യം.

ഇതിന് നൽകിയ മറുപടി

1. പ്രസ്തുത വിവരങ്ങൾ പ്രത്യേകമായി സൂക്ഷിച്ചിട്ടില്ല.
2. അൺക്ലെയിംഡ് ലിസ്റ്റ് മാത്രമായി വകുപ്പ് സൂക്ഷിച്ചിട്ടില്ല.

നേരത്തേ അൺക്ലെയിംഡ് തുകയുടെ കണക്ക് തന്നെ അതേ വകുപ്പ് തന്നെയാണ് ഇപ്പോൾ സൂക്ഷിക്കുന്നില്ലെന്ന് പറയുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും മനോജ് ആരോപിച്ചു. വിൽക്കാത്ത ടിക്കറ്റുകൾ നറുക്കെടുപ്പിന് ഉപയോഗിക്കരുതെന്നാണ് ചട്ടം. എന്നാൽ, ഇത്തരം ടിക്കറ്റുകൾ കൂടി നറുക്കെടുപ്പിൽ ഉൾക്കൊള്ളിക്കുകയും അവയ്ക്ക് സമ്മാനം നൽകുകയുമാണ് ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോട്ടറി എടുത്ത് കാത്തിരിക്കുന്ന പതിനായിരങ്ങളെ പറ്റിക്കുന്ന നടപടിയാണിതെന്നും മനോജ് പറഞ്ഞു.