- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർഗനൈസ്ഡ് ക്രൈംസ്വാഡിന്റെ ചുമതല മനോജ് എബ്രഹാമിന്; ക്രമസമാധാന ചുമതലയിലേക്ക് ഷൗക്കത്തലിയെ മാറ്റും; കൊടി സുനിയെ പൊക്കിയ ഉദ്യോഗസ്ഥന് ഗുണ്ടകളെ അമർച്ച ചെയ്യൽ ചുമതല നൽകും; വിജിലൻസ് ഡയറക്ടറേയും മാറ്റും; കേരളാ പൊലീസിൽ വമ്പൻ അഴിച്ചു പണിക്ക് സാധ്യത
തിരുവനന്തപുരം: സംഘടിത കുറ്റകൃത്യം തടയാൻ 'ഓർഗനൈസ്ഡ് ക്രൈം സ്‌ക്വാഡു'മായി കേരള പൊലീസ്. സ്വർണക്കടത്ത്, മയക്കുമരുന്ന്-ഭൂമാഫിയ, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയവ സ്‌ക്വാഡ് അന്വേഷിക്കും. എഡിജിപി മനോജ് എബ്രഹാമാണ് സംസ്ഥാന നോഡൽ ഓഫീസർ. ജില്ലകളിൽ മുതിർന്ന ഉദ്യോഗസ്ഥന് ചുമതല നൽകും. ഇത്തരം കുറ്റകൃത്യങ്ങൾ പലപ്പോഴും കൊലപാതകത്തിൽവരെ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം. ഇതിനൊപ്പം പൊലീസിൽ വമ്പൻ അഴിച്ചുപണിയും ഉടൻ ഉണ്ടാകും. ഐപിഎസുകാർ ഉൾപ്പെടെയുള്ളവർ വിരമിക്കുന്ന സാഹചര്യത്തിലും ചിലർക്ക് പ്രെമോഷൻ കിട്ടിയ സാഹചര്യത്തിലുമാകും ഇത്.
ഇതിനൊപ്പം 'ഓർഗനൈസ്ഡ് ക്രൈം സ്‌ക്വാഡും' സജീവമാക്കും. പണമുണ്ടാക്കാൻ ക്വട്ടേഷൻ സംഘമടക്കം ഈ മാർഗത്തിലേക്ക് തിരിയുന്നുണ്ട്. വർഗീയ- തീവ്രവാദ സംഘങ്ങളുടെ പ്രധാന സാമ്പത്തികസ്രോതസ്സ് സ്വർണക്കടത്താണ്. ഇവ കണ്ടെത്തി മൂക്കുകയറിടുന്നതിനാണ് പുതിയ തീരുമാനം. സൈബർ സഹായവും സ്‌ക്വാഡിനുണ്ടാകും. ഇത്തരം ക്രിമിനൽ സംഘാംഗങ്ങളുടെ പട്ടിക തയ്യാറാക്കും. അവരുടെ ഫോണടക്കം പൊലീസ് നിരീക്ഷിക്കും. 'ഓർഗനൈസ്ഡ് ക്രൈം സ്‌ക്വാഡ്' സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം ഇറങ്ങും.
സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്ത് തുടരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ എ.ഡി.ജി.പിമാർ മുതൽ ജില്ലാ പൊലീസ് മേധാവിമാർ വരെയുള്ളവരുടെ ചുമതലകളിൽ മാറ്റമുണ്ടാകും. പ്രധാന സബ് ഡിവിഷനുകളിൽ കർക്കശക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കും. മേഖലാ ഐ.ജി തസ്തിക തിരിച്ചുകൊണ്ടുവരാനും സാധ്യതയുണ്ട്. കൂടുതൽ പേർ ഐജിയായി സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യത കൂടി തിരിച്ചറിഞ്ഞാണ് ഇത്.
തീവ്രവാദ വിരുദ്ധ സേനാ എസ്‌പി: എ.പി. ഷൗക്കത്തലിക്കു ക്രമസമാധാനച്ചുമതല നൽകി മലബാർ മേഖലയിൽ നിയമിക്കുന്നതു സജീവ പരിഗണനയിലാണ്. ടി.പി. വധക്കേസുകളിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത ഷൗക്കത്തലി സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ ഷൗക്കത്തലിയെ പോലുള്ളവർക്ക് പരിഗണന നൽകാനാണ് തീരുമാനം. ഗുണ്ടകളെ അടിച്ചമർത്താൻ വേണ്ടി കൂടിയാണ് ഇത്. എൻ ഐ എയിൽ അടക്കം പ്രവർത്തിച്ച പരിചയം ഷൗക്കത്തലിക്കുണ്ട്.
തുടർച്ചയായ രാഷ്ട്രീയ കൊലപാതകങ്ങൾ, പൊലീസ് ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം, ഐ.പി.എസ്. ഉന്നതർക്കിടയിലെ ചേരിതിരിവ്, സംഘടനാ നേതാക്കളുടെ ഇടപെടൽ, ഗുണ്ടാ / സൈബർ ആക്രമണങ്ങൾ എന്നിവ പൊലീസിന്റെ കാര്യശേഷിക്കു നേരേ വിമർശമുയരാൻ കാരണമായിരുന്നു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കുന്ന തിരുവനന്തപുരം കമ്മിഷണർ ഐ.ജി: ബൽറാം കുമാർ ഉപാധ്യായയെ വിജിലൻസ് എ.ഡി.ജി.പി. തസ്തികയിലേക്ക് പരിഗണിക്കുന്നുണ്ട്.
ക്രൈംബ്രാഞ്ച് ഐ.ജി. സ്പർജൻ കുമാറിനെ തിരുവനന്തപുരം കമ്മിഷണർ സ്ഥാനത്തേക്കും പരിഗണിക്കുന്നു. രണ്ടു വർഷം പൂർത്തിയാക്കിയ തിരുവനന്തപുരം ഐ.ജി. ഹർഷിതാ അട്ടല്ലൂരി, കോഴിക്കോട് ഐ.ജി. അശോക് യാദവ് എന്നിവർക്കു പ്രധാന തസ്തികകൾ നൽകും.
മറുനാടന് മലയാളി ബ്യൂറോ