തിരുവനന്തപുരം: മാധ്യമങ്ങളുടെ വായമൂടുകയും എതിർ അഭിപ്രായം പറയുന്നവരെ തുറങ്കിടലക്കുകയും ചെയ്യുകയെന്നത് ലോക മെമ്പാടമുള്ള ഏകാധിപത്യ ഭരണകൂടങ്ങൾ പതിവായി ചെയ്യുന്നതാണ്. സ്റ്റാലിൻ മുതൽ ചൈനയിലെ ഷീ ജിൻ പിങ്്വരെ നടപ്പാക്കിയ പദ്ധതി. എന്നാൽ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം അഭിപ്രായ സ്വാതന്ത്രമാണ്. എന്നാൽ ജനാധിപത്യ ഭരണകൂടങ്ങളിലെ ഭരണാധികാരികളും പലപ്പോഴും മാധ്യമങ്ങളെ നിയന്ത്രിക്കാനും വിമർശകരുടെ വായടപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിമുതൽ മോദിവരെയുള്ള ഭരണാധികാരികൾ പലഘട്ടങ്ങളിലായി ഒളിഞ്ഞും തെളിഞ്ഞും അതിന് ശ്രമിച്ചതാണ്. പക്ഷേ അവയെല്ലാം പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ ഇതാ അന്ന് ആ ഭരണാധികാരികളെയെല്ലാം എതിർത്ത ഇടതുപക്ഷം ഭരിക്കുമ്പോൾ മുഖ്യമന്ത്രി പണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ കൊണ്ടുവന്ന, ഇന്ന് നിയമായ, പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർത്താണ് ഭേദഗതി വരുത്തിയ പുതിയ നിയമം രാജ്യം കണ്ടതിൽവെച്ച് ഏറ്റവും വലിയ പത്രമാരണ നിയമം ആണെന്നാണ് വിമർശിക്കപ്പെടുന്നത്.

പുതിയ പൊലീസ് ആക്ട് പ്രകാരം ഇനി മുതൽ അധിക്ഷേപക്കേസിൽ വാറന്റ് ഇല്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ് കൈവന്നിരിക്കുന്നത്. സെബർ ഇടത്തിലോ മറ്റും ഏതെങ്കിലും വ്യക്തികളെ അപമാനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ പരാമർശങ്ങളോ, പ്രവൃത്തികളോ ഉണ്ടായാൽ കുറ്റക്കാരനായ വ്യക്തിക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

2000ലെ ഐടി ആക്ടിൽ ഉൾപ്പെടുന്ന 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ ഇതുവരെയും കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നും വ്യാഖ്യാനിച്ചാണ് പിണറായി സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. നിലവിൽ ഇത് സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളെയാണ് ബാധിക്കുക എന്ന് പറയുമ്പോഴും
എസ്എംഎസ് തൊട്ട് ചാനലുകൾ വരെ പരിധിയിൽ പുതിയ കരിനിയമത്തിന്റെ പരിധിയിൽ വരും.

നിയമത്തിൽ എതെങ്കിലും വിനിമയ ഉപാധികൾ എന്നാണ് പറയുന്നത്. അതായത് എസ്എംഎസ് തൊട്ട് പത്രങ്ങളും ചാനലുകളും വരെ ഇതിന്റെ പരിധിയിൽ വരും. 'ഒരു വാർത്ത അല്ലെങ്കിൽ വിവരം അത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കയോ ചെയ്യുന്നത് എതെങ്കിലും ഒരു മാധ്യമം വഴി' എന്നാണ് പറഞ്ഞിരിക്കുന്നത്. അത് സോഷ്യൽ മീഡിയ ആവാം, മെസേജ് ആവാം. എന്തുമാവാം. ഓൺലൈൻ പത്രം ആവാം, പ്രിന്റഡ് പത്രമാവാം, ചാനലും ആവാം, യൂ ട്യൂബ് വീഡിയോയയും ആവാം. അതായത് ഫലത്തിൽ സർക്കാറിന് തങ്ങൾക്ക് എതിരായ വാർത്തകൾ എഴുതുന്നവരെ നിഷ്പ്രയാസം കേസിൽ കുടുക്കാൻ കഴിയും. ഇടതുപക്ഷം എക്കാലവും എതിർത്തുപോന്ന തികഞ്ഞ പൊലീസ് രാജിനാണ് ഇത് വഴിവെക്കുക.

പക്ഷേ ഇന്ദിരാഗാന്ധി തൊട്ട് മോദിവരെയുള്ളവർ ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണിത്. ഇതിന്റെ ഭരണഘടനാ സാധുതയും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. ഈ സാഹചര്യത്തിൽ മാധ്യമ നിയന്ത്രണത്തിന് ശ്രമിച്ച മറ്റ് ഭരണാധികാരുടെ വിവരങ്ങളാണ് സോഷ്യൽ മീഡിയിലടക്കം ചർച്ചയാവുന്നത്.

ഇന്ദിരയും രാജീവും ഒരുപോലെ ശ്രമിച്ച് പരാജയപ്പെട്ട കാര്യം

ഇന്ത്യയിൽ മാധ്യമ നിയന്ത്രണം തുടങ്ങിയത് ഇന്ദിരാഗാന്ധിയാണ്. അടിയന്തരാവസ്ഥയിലെ കരാള ദിനങ്ങളിൽ എഡിറ്റോറിയൽ ഒഴിച്ചിട്ട് പത്രങ്ങൾ പ്രതിഷേധിച്ച കാലമായിരുന്നു. അടിമുടി സെൻസറിങ്ങിന്റെ കാലം. പക്ഷേ അത് പിന്നീട് ഇന്ദിരക്കും വലിയ തിരിച്ചടിയായി. നല്ല വാർത്തകളും വികസന വാർത്തകളും വെളിച്ചം കണ്ടില്ല. മാധ്യമലോകത്തിന്റെ ശത്രുവായതോടെ പത്രങ്ങൾ ഒന്നടങ്കം അവർക്കെതിരെ തിരിയുകയും ചെയ്തു. 1989 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവരാൻ ശ്രമിച്ച മാനഹാനി നിയമം രാജ്യത്തുണ്ടായ കോളിളക്കം ചെറുതായിരുന്നില്ല. നാനൂറിലേറെ അംഗങ്ങൾ ലോക്‌സഭയിൽ കോൺഗ്രസ്സിനുണ്ടായിരുന്നിട്ടും ബിൽ പാസ്സാക്കാൻ ആയില്ല. ജനരോഷം കാരണം അത് പിൻവലിക്കേണ്ടിവന്നു.

പത്രമാരണ ബില്ലും, സംശയം തോന്നിയാൽ ഏതൊരു പൗരന്റെയും കത്തുകൾ തുറന്നു വായിക്കുവാനും കത്തുകളിൽ തിരുത്തലുകൾ വരുത്തുവാനും ഭരണകൂടത്തിനു അനുമതി നല്കുന്ന പോസ്റ്റൽ ബില്ലും (ഇൻർനെറ്റിൽ സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന പുത്തൻ കരിനിയമങ്ങളുടെ ആദ്യ തലമുറ നിയമങ്ങളുടെ ഉറവിടം എന്നുവിശേഷിപ്പിക്കാം) അന്നുണ്ടായി. പോസ്റ്റ് ഓഫീസിനു സമാന്തരമായി കത്തുകൾ തുറന്നു പരിശോധിക്കുവാനും ഒരു കത്ത് അയച്ചതിന്റെ പേരിൽ പൗരന്മാരെ അറസ്റ്റുചെയ്യുവാനും പോലും അധികാരം നല്കുന്ന മറ്റൊരു സംവിധാനം ആയിരുന്നു കരിനിയമത്തിലൂടെ ലക്ഷ്യമിട്ടത്. അത് ഇന്ത്യയിൽ നടപ്പിലാകാതെ പോയത് രാഷ്ട്രപതി സെയിൽ സിങ് ആ നിയമത്തിൽ ഒപ്പുവയ്ക്കുവാൻ വിസമ്മതിച്ചതിനാൽആണ്.

ഇത്തരം നിരവധി ജനാധിപത്യ വിരുദ്ധമായ നടപടികൾ ആണ് രാജീവ് ഗാന്ധിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ നടന്നത്. ബോഫോഴ്‌സ് ആയുധ ഇടപാടിലെ കോഴയെപറ്റി ഇന്ത്യൻ എക്സ്പ്രസ് ഒരു പരമ്പര എഴുതിയപ്പോൾ ഇന്ത്യൻ എക്സ്പ്രസിന്റെ ഇന്ത്യയിലെ എല്ലാ ഓഫീസുകളിലും എൻഫോഴ്മെന്റ് ഉദ്യോഗസ്ഥർ ഒരേസമയത്തു റെയ്ഡ് നടത്തിയാണ് ഭരണകൂടം പ്രതികരിച്ചത്. അതിനെ തുടർന്ന്മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാനായി കൊണ്ടൂവന്ന ഡിമാഫേഷൻ ബിൽ ലോക്സഭയിൽ പാസാക്കിയിട്ടും ജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പിനുമുന്നിൽ രാജ്യസഭയിൽ അവതരിപ്പിക്കാതെ പിൻവലിക്കേണ്ടിവന്നു രാജീവ് ഗാന്ധിക്ക്.

66 എ ഒളിച്ച് കടത്തിയ കപിൽ സിബൽ

എന്നാൽ, 2012 ൽ ഡോ.മന്മോഹൻസിങ്ങ് പ്രധാനമന്ത്രിയായിരിക്കെ, രാജീവ് ഗാന്ധിയുടെ കാലത്തുകൊണ്ടുവന്നതിനേക്കാൾ അപകടകരമായ ഒരു വ്യവസ്ഥ ലോക്‌സഭയിലൂടെ ഒളിച്ചുകടത്തി. ഒച്ചയും ബഹളവും ഉണ്ടായില്ല. രാജ്യം അറിഞ്ഞുപോലുമില്ല. പുതിയ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ ഉപയോഗിക്കാവുന്ന വ്യവസ്ഥ അതിസമർത്ഥമായി ഐ.ടി. നിയമത്തിൽ തുന്നിച്ചേർത്ത് ഒളിച്ചുകടത്തുകയായിരുന്നു. നിയമം ലോക്‌സഭയിൽ ചർച്ച ചെയ്യപ്പെട്ടതുപോലുമില്ല.

രാജീവ് ഗാന്ധിയേക്കാൾ ബുദ്ധിമാനാണ് ഐ.ടി വകുപ്പ് കൈകാര്യം ചെയ്ത കേന്ദ്രമന്ത്രി കപിൽ സിബൽ എന്ന് ടെലഗ്രാഫ് പത്രം അന്ന് പരിഹസിക്കുകയുണ്ടായി. കപിൽ സിബൽ നിയമപണ്ഡിതനുമാണല്ലോ. പിന്നീട് പാർലമെന്റിൽ വിമർശനമുണ്ടായപ്പോഴെല്ലാം കപിൽ സിബൽ അതിനെ ന്യായീകരിച്ചു. നിയമമാക്കുമ്പോൾ അധികമാർക്കും അതിന്റെ അപകടം ബോധ്യമായിരുന്നില്ല. അതായിരുന്നു ഐ.ടി. നിയമത്തിലെ 66 എ വ്യവസ്ഥ അനുസരിച്ച് പരാതി കിട്ടിയാൽ ഉടൻ പൊലീസിന് എതിർകക്ഷിയെ അറസ്റ്റ് ചെയ്യാം. എഴുതിയത് വാർത്ത ആവണമെന്നുമില്ല. ഫേസ്‌ബുക്കിലെ ഒരു പോസ്റ്റിന് ലൈക് അടിച്ച് ജയിലിലായവർ ചൈനയിൽ പോലും കാണില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അങ്ങനെ സംഭവിക്കുകതന്നെ ചെയ്തു. അതാണ് കോടതി റദ്ദാക്കിയത്. പക്ഷേ ഇപ്പോൾ അതിനേക്കാൾ ഭീകര സാധനമാണ് പിണറായി കൊണ്ടുവരുന്നത്.

മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച് മോദിയും
.
കഴിഞ്ഞ മോദി സർക്കാറിന്റെ കീഴിൽ വീണ്ടും പത്രമാരണ നിയമം തിരിച്ചുകൊണ്ടുവരാന നീക്കം നടന്നു. വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതലക്കാരിയായ സ്മൃതി ഇറാനി കൊണ്ടുവന്ന നടപടികളാണ് വിമർശന വിധേയമായത്. വ്യാജമെന്നു സർക്കാരിനു തോന്നുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരായ നടപടി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവരുടെ പുറപ്പാട്. വ്യാജ വാർത്ത എന്തെന്ന് ഇനിയും എവിടെയും നിർവചിക്കപ്പെട്ടിട്ടില്ല. അത്തരം വാർത്ത പ്രസിദ്ധീകരിച്ചതായി സർക്കാരിനു തോന്നിയാൽ ആറു മാസത്തേക്ക് ഔദ്യോഗിക അംഗീകാരം റദ്ദാക്കുമെന്നായിരുന്നു കൽപന. പിന്നീടൊരിക്കൽകൂടി പരാതി വന്നാൽ സസ്‌പെൻഷൻ ഒരു കൊല്ലത്തേക്കു നീട്ടുമെന്നും മൂന്നാമതൊരിക്കൽ ഉണ്ടായാൽ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുത്തുമെന്നുമായിരുന്നു ഉത്തരവിലെ ഭീഷണി. എന്നാൽ, ഉത്തരവ് പുറത്തിറങ്ങി 24 മണിക്കൂറിനകം തന്നെ അത് പിൻവലിക്കേണ്ടിവന്നു.

പ്രധാനമന്ത്രി നിർദ്ദേശിച്ചതനുസരിച്ചായിരുന്നു പിൻവാങ്ങലെന്ന വിശദീകരണമുണ്ടായതെങ്കിലും ഉത്തരവിറക്കിയ സ്മൃതി ഇറാനി പ്രധാനമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണ് എന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ് അവരെ രാജ്യസഭയിലേക്കു ബിജെപി ജയിപ്പിച്ചെടുത്തതും. വാസ്തവത്തിൽ എല്ലാ ഭാഗങ്ങളിൽ നിന്നും രൂക്ഷമായ പ്രതിഷേധങ്ങൾ ഉയർന്നപ്പോഴാണ് സർക്കാരിനു പിടിച്ചുനിൽക്കാൻ കഴിയാതായത്. അടിയന്തരാവസ്ഥ നാളുകളിൽ ഇത്തരം നിയമങ്ങൾ വന്നപ്പോൾ പത്രമാരണം എന്നു പറഞ്ഞു ബഹളം കൂട്ടിയവരുടെ സർക്കാർ ഭരിക്കുമ്പോഴാണ് ഇത്തരമൊരു നിയമം ഇറക്കിയതെന്നതാണ് വിചിത്രം. എല്ലാ പ്രമുഖ പത്രങ്ങളും പ്രശസ്തരായ ഒട്ടേറെ പത്രാധിപന്മാരും പത്രപ്രവർത്തകരും മാധ്യമരംഗത്തെ സംഘടനകളും നിയമവിദഗ്ധരും ഒന്നിച്ച് പ്രതിഷേധ കൊടുങ്കാറ്റുയർത്തിയതിനെ തുടർന്നാണിത്. അന്ന് കേന്ദ്രമന്ത്രി വി.കെ സിങ് മാധ്യമ പ്രവർത്തനങ്ങളെ വേശ്യാവൃത്തിക്കു സാമ്യമായി ഉപമിച്ച് 'പ്രസ്റ്റിറ്റിയുഡ്‌സ്' എന്നു വിളിച്ചതും പ്രതിഷേധങ്ങളുയർന്നപ്പോൾ പിൻവലിച്ചതും വാർത്തായായിരുന്നു.

പിണറായിയുടെ പുതിയ പത്രമാരണ നിയമത്തിനും സമാനമായ അവസ്ഥയാണ് ഉണ്ടാവുകയെന്നാണ് മാധ്യമ- നിയമ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.