- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിസ്ക് എടുക്കാൻ വയ്യെന്ന് ജയിൽ വകുപ്പ്; പ്രതികളെ അസമയത്ത് ഇങ്ങോട്ട് കൊണ്ടുവരണ്ടെന്നും നിർദ്ദേശം; ചികിത്സ ആവശ്യമുള്ള പ്രതികൾക്ക് വൈദ്യസഹായം ലഭ്യമാക്കണം; ജയിൽ വകുപ്പിന്റെ ഉത്തരവിൽ വട്ടംകറങ്ങി കേരള പൊലീസ്
തിരുവനന്തപുരം: നിശ്ചിത സമയത്തിന് ശേഷം റിമാന്റിലാകുന്ന പ്രതികളെ ജയിലുകളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ജയിൽ വകുപ്പിന്റെ തീരുമാനം കേരള പൊലീസിന് തലവേദനയാകുന്നു. കോടതി റിമാന്റ് ചെയ്താലും രാത്രിയിൽ പ്രതികളെ ജയിലിൽ അടയ്ക്കാൻ കഴിയാത്തത് മൂലം പൊലീസ് സ്റ്റേഷനിൽ തന്നെ പ്രതികളെ സൂക്ഷിക്കേണ്ട അവസ്ഥയിലാണ് പൊലീസ്. ഇത് സംസ്ഥാനത്തെ പൊലീസിന് തലവേദനയാകുകയാണ്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ശേഷമാണ് ജയിൽ വകുപ്പ് രാത്രിയിലെത്തുന്ന പ്രതികളെ രാത്രിയിൽ സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് ജയിൽ വകുപ്പ് സ്വീകരിച്ചത്.
സംസ്ഥാന ജയിൽ വകുപ്പ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. രാത്രി ഒമ്പത് മണിക്ക് മുമ്പായി തടവുകാരെ റിമാന്റ് ചെയ്ത് മേൽനടപടികൾ സ്വീകരിച്ച് ജയിലുകളിൽ എത്തിക്കണം എന്നാണ് ജയിൽ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. എന്നാൽ പലപ്പോഴും നിശ്ചിത സമയത്തിനിള്ളിൽ പ്രതികളെ ജയിലെത്തിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം റിമാന്റ് പ്രതികളെ പോലും പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കേണ്ടി വരുന്നത് പൊലീസിന്റെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്യും.
ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്താൽ പൊലീസിന് പൂർത്തിയാക്കാൻ ധാരാളം നടപടിക്രമങ്ങളുണ്ട്. ഇവയെല്ലാം പൂർത്തിയാക്കി ജയിൽ വകുപ്പ് നിശ്ചയിച്ച സമയത്തിനുള്ളിൽ പ്രതിയെ ജയിലിൽ എത്തിക്കാൻ സാധിക്കില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കോടതി റിമാന്റ് ചെയ്താലും രാത്രി ഒമ്പത് മണി കഴിഞ്ഞാൽ പ്രതിക്കു വേണ്ടി ജയിലിന്റെ വാതിൽ കുറക്കില്ല.
ഉച്ചക്ക് രണ്ടുമണിക്ക് ഒരു പ്രതിയെ അറസ്റ്റ് ചെയ്താൽ പോലും ജയിൽ വകുപ്പിന്റെ സമയത്ത് പ്രതിയെ ജയിലെത്തിക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. രണ്ടു മണിക്കോ രണ്ടരക്കോ നാലുമണിക്കോ പിടിയിലാകുന്ന പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഒമ്പത് മണിക്കോ ഒമ്പരക്കോ റിമാന്റ് ചെയ്താലും ജയിലിൽ അടയ്ക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. മജിസ്ട്രേറ്റ് റിമാന്റ് ചെയ്യുന്ന പ്രതിയെ പോലും രാത്രിയിൽ സൂക്ഷിക്കേണ്ട ഗതികേടിലാണ് പൊലീസ്. ജയിൽ വകുപ്പിന്റെ കടുംപിടുത്തം കാരണമാണിതെന്ന് പൊലീസുകാർ ആരോപിക്കുന്നു.
രണ്ടു മണിക്ക് പിടിയിലാകുന്ന പ്രതിയുടെ മൊഴി രേഖപ്പെടുത്തണം. കൺഫെഷൻ സ്റ്റേറ്റ്മെന്റ് എടുത്തതിന് ശേഷം കൃത്യസ്ഥല മഹസർ തയ്യാറാക്കണം. അതിന് ശേഷം പ്രതിയുടെ റിമാന്റ് റിപ്പോർട്ട് അടിക്കണം. ഇതിന് ശേഷം പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കണം. ഇതിനായി മൂന്നു മുതൽ നാല് മണിക്കൂർ വരെ വേണ്ടി വരുമെന്ന് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു. അന്നു തന്നെ പ്രതിയുടെ ആർടിപിസിആർ ചെയ്യാനാകില്ല. ആർടിപിസിആർ പല സ്ഥലങ്ങളിലും രണ്ടു മണി വരെ മാത്രമാണുള്ളത്. പിറ്റേദിവസം മാത്രമേ ആർടിപിസിആർ നടത്താൻ കഴിയൂ. പിറ്റേ ദിവസം 12 മണിക്കേ ടെസ്റ്റ് നടക്കൂ. അതിനാൽ തന്നെ പിറ്റേ ദിവസം 12 മണിവരെ ഈ പ്രതിയെ പൊലീസ് സൂക്ഷിക്കണ്ടി വരുന്നു.
പിറ്റേ ദിവസം രണ്ട് മണിക്ക് ശേഷം മാത്രമേ പ്രതിയെ കോടതിയിൽ ഹാജരാക്കാനാകൂ. ഇതുവരെ പ്രതിയെ സൂക്ഷിക്കേണ്ട ചുമതല പൊലീസിനാണ്. നേരത്തേ, ആദ്യ ദിവസം ജയിലിൽ സൂക്ഷിച്ച ശേഷം രണ്ടാം ദിവസം കോവിഡ് ടെസ്റ്റിന് വിധേയമാക്കിയാൽ മതിയായിരുന്നു. എന്നാൽ നെടുങ്കണ്ടം കസ്റ്റഡി മരണത്തോടെ ജയിൽ വകുപ്പ് തങ്ങളുടെ നിലപാടുകൾ കടുപ്പിച്ചതാണ് പൊലീസിന് വിനയാകുന്നത്.
കോടതി റിമാന്റ് ചെയ്യുന്ന സമയത്ത് ഹെൽത്ത് സ്ക്രീനിംഗ് ആവശ്യമുള്ള പ്രതികൾക്ക് അത് ലഭ്യമാക്കാതെ നേരേ ജയിലിലേക്ക് എത്തിക്കുന്നു എന്നാണ് ജയിൽ വകുപ്പിന്റെ പ്രധാന പരാതി. അതുമൂലം ചികിത്സ് ആവശ്യമുള്ള പ്രതികൾക്ക് ചികിത്സ ലഭ്യമാകാതെ പോകുകയും ഗുരുതരമായ വീഴ്ച്ചകൾക്ക് കാരണമാകുകയും ചെയ്യാറുണ്ടെന്നും ജയിൽ അധികൃതർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ചികിത്സ ആവശ്യമുള്ള പ്രതികൾക്ക് വൈദ്യസഹായം ലഭ്യമാക്കിയ ശേഷം മാത്രം രാത്രി ഒമ്പത് മണിക്ക് മുമ്പായി ജയിലുകളിൽ എത്തിക്കണമെന്നാണ് ജയിൽ അധികൃതർ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം
മറുനാടന് മലയാളി ബ്യൂറോ