- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴ, ആലുവ സബ് ഡിവിഷന് കീഴിൽ ദിവസവും വേണ്ടത് 2000 പെറ്റിക്കേസുകൾ; പെരുമ്പാവൂരിൽ വേണ്ടത് 1250 കേസുകളും; ഓരോ ദിവസവും ടാർജറ്റ് നൽകി റൂറൽ എസ്‌പി; കേരള പൊലീസിനെ സർക്കാർ ഉപയോഗിക്കുന്നത് ധൂർത്തിനുള്ള ഫണ്ട് കണ്ടെത്താൻ; സമൂഹത്തെ ഞെട്ടിക്കുന്ന വയർലെസ് സന്ദേശം കേൾക്കാം..
കേരളത്തിലെ പൊലീസ് സേന നിയമലംഘനങ്ങളുടെ പേരിൽ ഫൈൻ ഈടാക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ ടാർജറ്റിന്റെ അടിസ്ഥാനത്തിൽ. ആലുവ റൂറൽ എസ്‌പി കെ കാർത്തിക് നടത്തിയ വയർലെസ് സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. മറുനാടൻ മലയാളിയുടെ പ്രതിനിധി ഒരു പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ കേട്ട വയർലെസ് സംഭാഷണത്തിലാണ് ഓരോ മേഖലക്കും മുൻകൂട്ടി നിശ്ചയിച്ച പെറ്റിക്കേസിന്റെയും പണത്തിന്റെയും ടാർജറ്റ് പറയുന്നത്. ഇത് മറുനാടൻ പ്രതിനിധി ഫോണിൽ റെക്കോഡ് ചെയ്യുകയായിരുന്നു.
ആലുവ റൂറൽ എസ്‌പി പറയുന്നതനുസരിച്ച് ഓരോ മേഖലയും തിരിച്ച് പെറ്റി കേസുകൾ രജിസ്റ്റർ ചെയ്യേണ്ട സംഖ്യ വ്യക്തമാണ്. ആലുവ റൂറൽ എസ്‌പിയുടെ കീഴിൽ മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂർഎന്നീ മൂന്ന് സബ് ഡിവിഷനുകളാണ് ഉള്ളത്. മൂവാറ്റുപുഴ ആലുവ സബ് ഡിവിഷന് കീഴിലുള്ള ആളുകളിൽ നിന്ന് ദിവസവും 2000 പെറ്റിക്കേസുകൾ പിടിക്കണം. പെരുമ്പാവൂരിൽ ഇളവുണ്ട്. 1250 പെറ്റിക്കേസുകളാണ് ഇവിടെ വേണ്ടത്.
ഈ മൂന്ന് സബ് ഡിവിഷനുകൾക്കും ദിവസം എത്ര പെറ്റിക്കേസ് ചാർജ്ജ് ചെയ്യണം എന്ന നിർദ്ദേശം കൊടുക്കുന്നതാണ് നമ്മൾ കേൾക്കുന്നത്. ഈ റൂറൽ എസ്‌പിയുടെ തൊട്ട് താഴെ മൂന്ന് ഡിവൈഎസ്‌പിമാരാണ്. ഈ മൂന്ന് ഡിവൈഎസ്‌പിമാർക്കും കൊടുക്കുന്ന നിർദ്ദേശമാണ്. ഈ നിർദ്ദേശം കേട്ട് താഴേക്ക് നിർദ്ദേശം കൈമാറുകയും ലോക്കൽ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ ഇത് അനുസരിക്കുകയുമാണ് വേണ്ടത്.
സാധാരണക്കാരായ ജനങ്ങളെ പിഴിഞ്ഞ് സർക്കാർ ധൂർത്തിന് പണം കണ്ടെത്താനാണ് സംസ്ഥാനത്ത് പൊലീസിനെ വിനിയോഗിക്കുന്നത് എന്ന് വ്യക്തമാകുന്നതാണ് ഈ വയർലെസ് സന്ദേശം. ജനങ്ങൾ നിയമം പാലിക്കാത്തതിനുള്ള പിഴയായല്ല, മറിച്ച് കൃത്യമായി ടാർജറ്റ് സെറ്റ് ചെയ്തുള്ള ഫണ്ട് കണ്ടെത്തലാണ് ഇവിടെ നടക്കുന്നത്. പെറ്റികേസുകളിലൂടെ ഓരോ ജില്ലയിൽ നിന്ന് വൻവരുമാനമാണ് സർക്കാർ ഖജനാവിലേയ്ക്ക് ഒഴുകുന്നത്. പെറ്റിപിടിക്കാനായി ദീർഘനേരം നിരത്തുകളിൽ ചെലവഴിക്കേണ്ടി വരുന്നതിനാൽ പല സ്റ്റേഷനുകളിലും പരാതികളിൽ അന്വേഷണം താളംതെറ്റുന്നതായും പരാതികൾ ഉയർന്നിരുന്നു.
പൊലീസിനെ പെറ്റി കേസ് ടാർജറ്റ് ഇല്ല എന്ന് പൊലീസ്മേധാവി തന്നെ പറയുമ്പോഴാണ് ഇത്തരത്തിൽ പൊലീസ് ജില്ലാ മേധാവികൾ ലോക്കൽ പൊലീസിന് ടാർജറ്റ് നൽകുന്നത്. വഴിയെ പോകുന്ന എല്ലാവരെയും തടഞ്ഞു നിർത്തി പരിശോധന നടത്തി ടാർജറ്റ് ഒപ്പിക്കണം എന്ന പരിപാടി ഇല്ല എന്ന് കൃത്യമായി നിർദ്ദേശിക്കുന്ന സർക്കുലർ തന്നെ പൊലീസ് മേധാവി പുറപ്പെടുവിച്ചിരുന്നു
.
2019 സെപ്റ്റംബർ 8 ന് സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവ് പ്രകാരം കേരളത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയിരിക്കുന്ന നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടതാണ് അനാവശ്യമായി പെറ്റിക്കേസുകൾ എടുക്കകയല്ല അത്യാവശ്യം, മറിച്ച് സമാധാപരവും സുരക്ഷിതവുമായ ഡ്രൈവിങ് ഉറപ്പുവരുത്തുകയാണ് എന്ന നിർദ്ദേശം. അമിതവേഗം, സിഗ്നൽ തെറ്റിക്കൽ, അപകടകരമായ ഡ്രൈവിങ് എന്നിവ പരിശോധിക്കുകയാണ് വേണ്ടത്. അനാവശ്യമായി എല്ലാ വാഹനങ്ങളെയും പരിശോധിച്ച് പെറ്റിക്കേസുകൾ ഉണ്ടാക്കുക എന്നത് വേണ്ട എന്ന് കൃത്യമായി ഉത്തരവിൽ പറയുന്നു. ആ ഉത്തരവ് നിലനിൽക്കേയാണ് ആലുവ റൂറൽ എസ്‌പിയുടെ ഞെട്ടിക്കുന്ന ഒരു വയർലെസ് സന്ദേശം പുറത്ത് വരുന്നത്.
മറുനാടന് ഡെസ്ക്