- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് ഓപ്പറേഷന് അടക്കം ഉപയോഗിച്ചോ എന്നതിൽ മറുപടിയില്ല; വാടകയിനത്തിലടക്കം ചെലവിട്ടത് 22.21 കോടി രൂപ; വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ കേരള പൊലീസ്; ഇരട്ട എഞ്ചിൻ ഹെലികോപ്ടറിനായി ടെൻഡർ; കരാർ മൂന്ന് വർഷത്തേക്ക്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. പൊലീസിന് ഹെലികോപ്റ്റർ ആവശ്യമില്ലെന്ന തരത്തിൽ പ്രതിപക്ഷത്ത് നിന്നടക്കം പ്രതികരണം ഉയരുമ്പോഴും വീണ്ടും ഹെലിക്കോപ്ടർ വാടകയ്ക്ക് എടുക്കാനായി ടെൻഡർ സർക്കാർ വിളിച്ചു.
കഴിഞ്ഞ തവണ ഹെലിക്കോപ്ടർ വാടകയിനത്തിൽ 22 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ ചെലവാക്കിയത്. അടിയന്തിര സാഹചര്യങ്ങളിൽ പോലും ഉപയോഗിക്കാതെ ഇത്രയും തുക വാടകയിനത്തിൽ ചെലവാക്കിയതിനെതിരെ രൂക്ഷ വിമർശങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് വീണ്ടും ഹെലിക്കോപ്ടർ വാടകയ്ക്ക് എടുക്കാൻ ഒരുങ്ങുന്നത്.
നിലവിലെ ഹെലികോപ്റ്ററിന്റെ കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ കേരള പൊലീസ് നടപടികൾ ആരംഭിച്ചത്. ആറ് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ. ഹെലികോപ്റ്ററിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാൻ പാടില്ലെന്നും മാസം 20 മണിക്കൂറിൽ കൂടുതൽ പറക്കേണ്ടി വരുമെന്നും പൊലീസ് പുറത്തിറക്കിയ ടെൻഡർ നോട്ടീസിൽ പറയുന്നു.
നേരത്തെ പവൻ ഹൻസിന്റെ ഹെലികോപ്റ്ററാണ് കേരള പൊലീസ് ഉപയോഗിച്ചിരുന്നത്. മൂന്ന് മാസം മുമ്പാണ് ഈ കരാർ അവസാനിച്ചത്. അന്ന് ഭീമമായ തുക ഹെലികോപ്റ്ററിന് വാടക കൊടുക്കുന്നത് വലിയ വിവാദമാവുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
ആരോപണം ഉയർന്നിരുന്നു. ഇതിനുശേഷം പൊലീസിന് ഹെലികോപ്റ്റർ വേണമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിനിടെ ഡിജിപി അനിൽ കാന്തിന്റെ നിർദ്ദേശ പ്രകാരമാണ് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള ഒരുക്കങ്ങൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മണിക്കൂർ നിരക്കിൽ അധിക ചെലവായി ഹെലിക്കോപ്ടർ വീണ്ടും വാടകയ്ക്ക് എടുക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം ഉയരുന്നത്.
കോവിഡിന്റെ ആരംഭത്തിൽ 2020 ഏപ്രിലിലാണ് പൊലീസിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. പൈലറ്റ് ഉൾപ്പടെ മൂന്ന് ജീവനക്കാരുമായി ഡൽഹിയിലെ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. 20 മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.
ഹെലികോപ്റ്റർ വാടക ഇനത്തിൽ ഇതുവരെ ജിഎസ്ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നൽകിയത്.
ഇതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്റ്റർ വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയാറായിരുന്നുവെങ്കിലും സർക്കാർ പവൻ ഹാൻസിന് കരാർ നൽകുവാനുള്ള തീരുമാനവുമായി മുൻപോട്ടു പോകുകയായിരുന്നു.എന്നാൽ ഇത്രയും കൂടിയ തുകയ്ക്ക് ഹെലിക്കോപ്ടർ വാടകയ്ക്ക് എടുത്തെങ്കിലും അടിയന്തിര സാഹചര്യങ്ങളിലൊന്നും ഇതിന്റെ ഉപയോഗം നടന്നതായി വ്യക്തതയില്ല.
വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസിന് വ്യക്തമായ മറുപടിയില്ല. കൂടാതെ പവൻ ഹാൻസിൽ നിന്നും ഹെലിക്കോപ്ടർ വാടകയ്ക്ക് എടുത്തതിനെതിരേയും ആരോപണമുണ്ട്. ഇതിലും കുറഞ്ഞ തുകയ്ക്ക് വാഗ്ദാനം ചെയ്തെങ്കിലും ഇത് നോക്കാതെ പവൻ ഹാൻസിന്റേത് സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുക്കുകയായിരുന്നു. ഈ ആരോപണങ്ങൾക്കെല്ലാം പിന്നാലെയാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ സർക്കാർ വീണ്ടും നീക്കം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ