- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനത്ത് ആയിരത്തോളം സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ല; 6800 അദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു; ഒന്നരക്കൊല്ലം മുമ്പ് നിയമനഃശുപാർശ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ; സർക്കാർ സ്കൂളുകൾ നാഥനില്ലാ കളരിയാകുന്നു
തിരുവനന്തപുരം: കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ സജീവമാകുമ്പോഴും അദ്ധ്യാപകക്ഷാമം രൂക്ഷമാകുന്നു. ആയിരത്തോളം സ്കൂളുകളിൽ പ്രധാന അദ്ധ്യാപകരില്ല. ഈ മാസം വിരമിക്കുന്നവരുടെ കൂടി കണക്കെടുത്താൽ ഹെഡ്മാസ്റ്റർമാരില്ലാത്ത സ്കൂളുകളുടെ എണ്ണം രണ്ടായിരം കവിയും. അദ്ധ്യാപക തസ്തികകളിലെ ഒഴിവുകൾ 6800 ലധികമാണ്. ഓൺലൈൻ ക്ലാസുകളുടെ ഫോളോ അപ്പിനും മറ്റ് പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും മതിയായ അദ്ധ്യാപകർ ഇല്ലാത്തതും ഇവ ഏകോപിപ്പിക്കാൻ പ്രധാന അദ്ധ്യാപകർ ഇല്ലാത്തതും ക്ലാസുകളുടെ നിലവാരതകർയ്ക്ക് കാരണമായിട്ടും ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നു.
ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസാകാത്ത അദ്ധ്യാപകരെ ഹെഡ്മാസ്റ്റർമാരാക്കരുതെന്ന ഹൈക്കോടതി വിധിയെ തുടർന്ന് ആയിരത്തോളം സ്കൂളുകളിൽ ഹെഡ്മാസ്റ്റർ തസ്തികകളിൽ പ്രമോഷൻ നിയമനം നടത്താനും സർക്കാർ തയ്യാറാകുന്നില്ല. ഈ മാസം വിരമിക്കുന്ന ഹെഡ്മാസ്റ്റർമാരുടെ കൂടി കണക്കെടുത്താൽ ഒഴിവുകൾ രണ്ടായിരമായി ഉയരും. പ്രമോഷൻ നടക്കാത്തതിനാൽ അദ്ധ്യാപക ഒഴിവുകളിലേയ്ക്ക് അവ റിപ്പോർട്ട് ചെയ്യപ്പെടാത്ത അവസ്ഥയാണുള്ളത്. ഹൈക്കോടതി ഇത്തരവ് നടപ്പിലാക്കിയാൽ അർഹതയില്ലാത്തെ ഹെഡ്മാസ്റ്റർമാരെ ഡിപ്രമോട്ട് ചെയ്യേണ്ടതായി വരും. അക്കൂട്ടത്തിൽ ഭരണകക്ഷി യൂണിയനിലെ നേതാക്കളും ഉള്ളതാണ് സർക്കാരിന്റെ നിസംഗതയ്ക്ക് കാരണമെന്നാണ് പരാതി.
നിലവിൽ ആയിരത്തിലേറെ സ്കൂളുകൾ നാഥനില്ലാകളരിയായി മാറിയിരിക്കുകയാണ്. അവിടെ സീനിയർ അദ്ധ്യാപകർക്ക് പകരം ചാർജ് നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ അവർക്കുള്ള അധികാരങ്ങൾ പരിമിതമാണ്. ഈ കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ പോലും കൃത്യമായി നടത്താൻ പോലും പല സ്കൂളുകൾക്കും കഴിയാത്തത് പ്രധാനഅദ്ധ്യാപകർ ഇല്ലാത്തത് മൂലമാണ്. ഈ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പ്രമോഷൻ, അഡ്മിഷൻ, ട്രാൻസ്ഫർ തുടങ്ങിയ കാര്യങ്ങളും പ്രധാനഅദ്ധ്യാപകർ ഇല്ലാത്തതുകൊണ്ട് പ്രതിസന്ധിയിലാണ്.
ഹൈക്കോടതി വിധിയ്ക്കെതിരെ ഒരുകൂട്ടം അദ്ധ്യാപകർ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി എച്ച്.എം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിന്റെ പ്രശ്നം കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ടെസ്റ്റ് പാസാകാത്ത അദ്ധ്യാപകർക്കൊപ്പമാണെന്നും എച്ച്.എം പ്രമോഷൻ സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കോടതിയിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നും ഒരു കൂട്ടം അദ്ധ്യാപകർ ആരോപിക്കുന്നു. അതുകൊണ്ടാണ് സുപ്രീംകോടതിയിൽ ഈ കേസ് പരിഹാരമാകാതെ നീണ്ടുപോകുന്നതെന്നാണ് അവർ പറയുന്നത്.
എച്ച്.എം പ്രമോഷനുകൾ നടക്കാത്തതിനാൽ അദ്ധ്യാപകതസ്തികകളിലേയ്ക്കും നിയമനങ്ങൾ നടക്കുന്നില്ല. പൊതുവിദ്യാഭ്യാസമേഖലയിലെ നിലവാരം ഉയർത്തിയതുമൂലം കൂട്ടികളുടെ എണ്ണം വർദ്ധിച്ചെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാർ അദ്ധ്യാപകമേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ പോലും വേണ്ടത്ര താൽപര്യമെടുക്കുന്നില്ല എന്ന പരാതിയുമായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ സ്ഥിരനിയമനം ലഭിച്ച ഒരു അദ്ധ്യാപകൻ പോലുമില്ലാത്ത സ്കൂളുകളും സംസ്ഥാനത്ത് ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. വേങ്ങരയിലെ ചേറൂർ ഗവ. എൽപി സ്കൂളിൽ അദ്ധ്യാപകരില്ലാത്തതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപക തസ്തികകളിലേയ്ക്ക് നിയമന ഉത്തരവ് നേടിയ 1632 പേരാണ് ഒന്നരവർഷമായി നിയമനം കാത്തുകഴിയുന്നത്. നിയമനഃശുപാർശ നൽകി മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്തണമെന്ന് പി.എസ്.സി നിയമമുള്ളപ്പോഴാണ് ഒന്നരവർഷം മുമ്പ് നിയമനഃശുപാർശ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾ പോലും എന്ന് നിയമനം ലഭിക്കുമെന്ന് അറിയാതെ അലയുന്നത്. നിയമനഃശുപാർശ ലഭിച്ചിട്ടും നിയമനം വൈകുന്നതിനെതിരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉദ്യോഗാർത്ഥികൾ കേസ് ഫയൽ ചെയ്തിരുന്നു.
സ്വകാര്യ സ്കൂളുകളിൽ കൃത്യമായ ഓൺലൈൻ ക്ലാസുകളും അവ ഏകോപിപ്പിക്കാൻ മതിയായ അദ്ധ്യാപകരും ഉള്ളപ്പോൾ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളുടെ കാര്യത്തിൽ സർക്കാർ അലംഭാവം കാണിക്കുകയാണ്. പലപ്പോഴും വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ മാത്രമാണ് പല സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകരിൽ നിന്നും ഇക്കാര്യത്തിൽ ഫോളോഅപ്പ് പോലും ഉണ്ടാകുന്നില്ല. ഇക്കാര്യം പരാതിപ്പെടുമ്പോൾ അദ്ധ്യാപകരുടെ അപര്യാപ്തതയാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന മറുപടിയെന്ന് രക്ഷകർത്താക്കളും പറയുന്നു.സർക്കാരിന്റെ ഈ അലംഭാവം കുട്ടികളുടെ കൊഴിഞ്ഞുപോക്കിനുവരെ കാരണമായേക്കാം.