- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാന കയർ കോർപ്പറേഷനിൽ ഇഷ്ടക്കാരെ തിരുകി കയറ്റാൻ പ്രവർത്തന ഘടന പൊളിച്ചെഴുതി സർക്കാർ; നിലവിൽ ഉണ്ടായിരുന്ന 12 പോസ്റ്റുകളുടെ സ്ഥാനത്ത് ഇനി വരാൻ പോകുന്നത് 79 തസ്തികകൾ; എംഡിക്ക് നിയമനാധികാരം നൽകുന്ന നിരവധി തസ്തികകൾ; അധികാരമൊഴിയും മുമ്പ് നിയമന നീക്കം തകൃതിയാക്കി കോർപ്പറേഷൻ; ഖജനാവ് മുടിക്കുന്ന ഒരു വെള്ളാനയുടെ കഥ
ആലപ്പുഴ: പിണറായി സർക്കാർ അധികാരം ഒഴിയും മുമ്പ് പിൻവാതിൽ വഴി പാർട്ടി സഖാക്കളെയും നേതാക്കളുടെ ബന്ധുക്കളെയും തിരുകി കയറ്റുന്ന വിവരങ്ങൾ പുറത്തുവരികയാണ്. ഇത്തരത്തിൽ ഇഷ്ക്കാരെ തിരുകി കയറ്റാൻ ഇടമെന്ന വിധത്തിൽ കഷ്ടിച്ചു നടന്നു പോകുന്ന കോർപ്പറേഷനുകളുടെ ഘടന പോലും പൊളിച്ചെഴുതുകയാണ് സർക്കാർ. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് സംസ്ഥാന കയർ കോർപ്പറേഷനിലെ നിയമന നീക്കങ്ങളെ കുറിച്ചാണ്.
നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ കോർപ്പറേഷന്റെ പ്രവൃത്തന ഘടനയെപ്പോലും അടിമുടി പൊളിച്ചെഴുതി പുതിയ പോസ്റ്റുകൾ നിർമ്മിച്ച് സ്വന്തം താൽപ്പര്യക്കാരെ അടക്കം പരമാവധി ആൾക്കാരെ കോർപ്പറേഷനിലേക്ക് തിരുകി കയറ്റാനാണ് സർക്കാർ ശ്രമം. ഇതിനായി യാതൊരു ആവശ്യവും ഇല്ലാത്ത തസ്തികകൾ പോലും സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന് നിയമന അധികാരമുള്ള തസ്തികകളും പ്രമോഷൻ തസ്തികകൾക്കും പുറമേ മാനേജിങ് ഡയറക്ടർക്കും ഭരണസമിതിക്കും നിയമിക്കാവുന്ന നിരവധി തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
ഇങ്ങനെ വിവിധ തസ്തികകളിലേക്ക് നിയമന നീക്കം നടക്കുമ്പോൾ അത് കോർപ്പറേഷന്റെ നിലനിൽപ്പിനെ തന്നെ അവതാളത്തിലാക്കുമെന്ന ആശങ്കയിലാണ് കോർപ്പറേഷനിലെ സാധാരണ ജീവനക്കാർ. ഭരണം അവസാനിക്കുന്നതിന് മുമ്പ് കോർപ്പറേഷന്റെ പ്രവർത്തന ഘടന പുതുക്കുന്നതും നിരവധി തസ്തിക സൃഷ്ടിക്കുന്നതിനും പിന്നിൽ ഭരണസമിതിയുട സ്വാർത്ഥ താൽപ്പര്യമാണെന്ന ആക്ഷേപം ശക്തമാണ്. നിയമനത്തിലേക്കായി വൻതുക ബോർഡ് ഈടാക്കാൻ ശ്രമിക്കുന്നതായി ആരോപണവും ഉയർന്നു കഴിഞ്ഞു. ബോർഡിന്റെ നീക്കത്തിനെതിരെ ജീവനക്കാർ തന്നെ പ്രതിഷേധത്തിലാണ്.
നിലവിൽ ഉണ്ടായിരുന്ന 12 തസ്തികകൾ, വരാൻ പോകുന്നത് 79 തസ്തികകളും
കോർപ്പറേഷന്റെ ഘടന പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി നിലവിലുള്ളതിന്റെ എത്രയോ മടങ്ങ് ജീവനക്കാരെ പുതിയ പോസ്റ്റുകൾ നിർമ്മിച്ച് തിരുകി കയറ്റാനാണ് ശ്രമം നടക്കുന്നത്. നിലവിൽ 12 പോസ്റ്റുകളാണ് ബോർഡിൽ ഉള്ളത്. പ്യൂൺ/ഗാർഡനർ കം ഓഫീസ് ബോയ്്/ സെക്യുരിറ്റി ഗാർഡ്, സ്റ്റോർ അറ്റൻഡർ/ ലോറി ക്ലീനർ, എൽഡിസി, യുഡിസി, സൂപ്പർവൈസർ, അക്കൗണ്ടന്റ് ഗ്രേഡ്1, അക്കൗണ്ടന്റ് ഗ്രേഡ് 2, ചീഫ് അക്കൗണ്ടന്റ്,ഫാക്ടറി മാനേജർ, മാനേജർ, ഫിനാൻസ് മാനേജർ, കമ്പനി സെക്രട്ടറി എന്നി പോസ്റ്റുകളാണ് നിലവിലുള്ളത്.
ഈ പന്ത്രണ്ട് പോസ്റ്റുകൾ ഉള്ളിടത്തേക്കാണ് പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി മാനേജിങ്ങ് ഡയറക്ടർ, സീനിയർ കമ്പനി സെക്രട്ടറി, ജനറൽ മാനേജർ, തുടങ്ങി 79 പോസ്റ്റുകൾ സൃഷ്ടിക്കുന്നത്. ബോർഡിന്റെ ഏകപക്ഷീയമായ ഈ നീക്കത്തിനെതിരെയാണ് ജീവനക്കാർ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ടി കെ ദേവകുമാർ ചെയർമാനായുള്ള ഭരണസമിതിക്കെതിരെ ഗുരുതരമായാണ് ആരോപണങ്ങൾ ഉയരുന്നത്.
ഇഷ്ടക്കാരെ തിരുകികയറ്റുന്നതിനൊപ്പം ഭീമമായ തുക മാസവരുമാനനുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി നല്ലൊരുതുക ഈടാക്കുമെന്നും ജീവനക്കർ പറയുന്നു. കോർപ്പറേഷന്റെ ഒരോ ഭരണസമിതി അധികാരമേൽക്കുമ്പോഴും തങ്ങളുടെ ഇഷ്ടക്കാരെ ഒരോരോ തസ്തികകൾ സൃഷ്ടിച്ച് കോർപ്പറേഷനിലേക്ക് കയറ്റുന്നതാണ് രീതി. താൽക്കാലികമായി കയറുന്ന ഇവർ ഇവിടെ പലവിധ പോസ്റ്റുകളിലായി സ്ഥിരപ്പെടുന്നതും പതിവ് കാഴ്ച്ചയാണ്.
നിലവിലുള്ള ജീവനക്കാർക്ക് തന്നെ കൃത്യമായ ശമ്പളം കൊടുക്കാൻ ഇല്ലാതെ പ്രതിസന്ധിയിലായ ഘട്ടത്തിൽ 79 ഓളം പോസ്റ്റുകൾ സൃഷ്ടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും ജീവനക്കാർ പറയുന്നു. നടപ്പിലാക്കാൻ പോകുന്ന പുതിയ പരിഷ്കാരങ്ങൾ കേരള കയർ കൊയർ കോപ്പറേഷനെയും കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് തള്ളിവിടുമെന്നും ഇവർ പറയുന്നു.
സ്വതവേ ദുർബല ഇപ്പോൾ ഗർഭിണി എന്ന നിലയിലേക്കാണ് കോർപ്പറേഷന്റെ പോക്ക്. കാരണം ശമ്പള വിതരണവും കൃത്യമായി നടപ്പാക്കാൻ പറ്റാത്തിടത്താണ് ഒരു കൈയും കണക്കുമില്ലാതെ തസ്തികകൾ സൃഷ്ടിക്കുന്നത്. കോർപ്പറേഷനിൽ സെക്യൂരിറ്റിയായി ജോലി നോക്കിയിരുന്ന വ്യക്തി ശമ്പളമില്ലാത്തതിനാൽ ജോലി രാജിവെച്ചത് സമീപകാലത്താണ്. അതുകൊണ്ട് തന്നെ സ്വന്തം കീശ വീർപ്പിക്കാമെന്ന ഭരണസമിതി അംഗങ്ങളുടെ സ്വാർത്ഥതാൽപ്പര്യം മാത്രമാണ് പരിഷ്കാരത്തിന് പിന്നിലെന്നാണ് ആക്ഷേപം.
നിലവിൽ തന്നെ സർക്കാർ പ്രവർത്തനങ്ങൾക്കായി നൽകുന്ന തുക മിച്ചം പിടിച്ചാണ് കോർപ്പറേഷൻ ലാഭം കാണിക്കുന്നതെന്ന ആരോപണം ശക്തമാണ്.അതിനൊപ്പം പുതിയ തസ്തിക കൂടി സൃഷ്ടിച്ച് നിയമനം നടത്തിയാൽ കാര്യം തഥൈവ. പിൻവാതിൽ നിയമനത്തെച്ചൊല്ലി കേരളമൊട്ടുക്ക് പ്രതിഷേധം ആളുമ്പോഴാണ് ഇവിടെ എല്ലാത്തിനെയും വെല്ലുവിളിച്ച് നിയമന നീക്കം മുന്നോട്ടു പോകുകയാണ്. ഏപ്രിൽ മാസം ഒന്നിന് മുന്നോടിയായി നിയമനങ്ങൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.
തൊഴിലാളികളുടെ സംഘടനകളെപ്പോലും കൃത്യമായ ഇടപെടലുകളിലൂടെ തങ്ങളുടെ വശത്താക്കിയാണ് ഭരണസമിതിയുടെ ഇത്തരം കൊള്ളരുതായ്മകൾ. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ സംഘടനാ നേതാക്കളെ തൃപ്തിപ്പെടുത്തുന്നതാണ് ഇവരുടെ രീതിയെന്നും തൊഴിലാളികൽ ആരോപിക്കുന്നു. നേതാക്കളുടെ മക്കൾക്ക് ഉന്നതമായ ജോലി അടക്കം ഇവർ ഇടപെട്ട് ശരിക്കുന്നതായി തൊഴിലാളികൾ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ സംഘടനാ നേതാക്കളും തൊഴിലാളികളുടെ പ്രശ്നത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് തൊഴിലാളികൾ പരിതപിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ