- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ ഏഷ്യാനെറ്റ് ബഹിഷ്കരണം അവസാനിപ്പിക്കണം; കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങളിൽ എത്തിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു; മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള ടെലിവിഷൻ ഫെഡറേഷൻ
തിരുവനന്തപുരം: എഷ്യാനെറ്റന്യൂസിനെ ബഹിഷ്‌ക്കരിച്ച് കൊണ്ടുള്ള കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ നിലപാട് പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് കേരള ടെലിവിഷൻ ഫെഡറേഷൻ. കോവിഡ് വ്യാപനസാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങളിലെത്തിക്കുന്നതിനെ തടസ്സപ്പെടുത്തുകയാണ് പരോക്ഷമായി മന്ത്രിയുടെ നടപടിയെന്ന് കേരള ടെലിവിഷൻ ഫെഡറേഷൻ വ്യക്തമാക്കി.
കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസ്താവന: 'മലയാളത്തിലെ പ്രമുഖ വാർത്താചനലുകളിലൊന്നായ എഷ്യാനെറ്റ്‌ന്യൂസിനെ ബഹിഷ്‌ക്കരിച്ച് കൊണ്ടുള്ള കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമായ നിലപാടിൽ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞദിവസം ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയിരുന്നു. ഡൽഹിയിലെ മലയാളമാധ്യമങ്ങളുടെ പ്രതിനിധികളെ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ അറിയിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പോലും എഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ പുറത്താക്കി. ബിജെപി പ്രസ്തുത മാധ്യമസ്ഥാപനത്തിന്നേരെ പ്രഖ്യാപിച്ചിരിക്കുന്ന ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് കേന്ദ്രസഹമന്ത്രിയുടെ നടപടി.
കേന്ദ്രമന്ത്രിപദത്തിന് യോജിച്ചതാണോ ഈ സമീപനം എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി കേന്ദ്രമന്ത്രി രാഷ്ട്രീയക്കാരൻ കൂടിയാണ്, രാഷ്ട്രീയപാർട്ടിയുടെ തീരുമാനം അനുസരിക്കാൻ താനും ബാധ്യസ്ഥനാണ് എന്ന മറുപടിയാണ് മന്ത്രി നൽകിയത്. കോവിഡ് വ്യാപനസാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങളിലെത്തിക്കുന്നതിനെ തടസ്സപ്പെടുത്തുകയാണ് പരോക്ഷമായി മന്ത്രിയുടെ നടപടി. പൊതു പദവിയിലിരിക്കുന്ന കേന്ദ്രമന്ത്രി ഒരു മാധ്യമത്തിന് നേരെ സ്വീകരിക്കുന്ന ഈ നിലപാട് അത്യന്തം ജനാധിപത്യവിരുദ്ധവും അപലപനീയവുമാണ്. മാധ്യമങ്ങൾക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോധ്യപ്പെടാത്ത കേന്ദ്രമന്ത്രിയുടെ ഈ ഏകപക്ഷീയമായ നിലപാട് തിരുത്തണമെന്നും ബഹിഷ്‌ക്കരണം അവസാനിപ്പിക്കണമെന്നും കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് എം വിശ്രേയാംസ്‌കുമാർ എംപിയും സെക്രട്ടറി ബേബി മാത്യു സോമതീരവും ആവശ്യപ്പെട്ടു.''
മറുനാടന് മലയാളി ബ്യൂറോ