- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശം വികാരമായപ്പോൾ ചാടി ഇറങ്ങി പുറപ്പെട്ടു; അറസ്റ്റിലായ 600 പേർക്കെതിരേയും രജിസ്റ്റർ ചെയ്തിരിക്കുന്നത് പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിലുള്ള കേസുകൾ; ജാമ്യം ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ കെട്ടി വയ്ക്കണം; അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് നഷ്ടപരിഹാരം ഈടാക്കാൻ നീക്കവുമായി പൊലീസ്; ഹർത്താലിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചവരെല്ലാം കുടുങ്ങുമെന്ന് ഉറപ്പായി
തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ അറസ്റ്റിലായവർക്ക് ഉടനൊന്നും ജാമ്യം കിട്ടില്ല. അറസ്റ്റിലാകുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. പൊതുമുതൽ നശീകരണം തടയൽ നിയമപ്രകാരം രജിസ്റ്റർചെയ്ത കേസുകളിൽ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങുന്നത്.
ഇതിനുപുറമേ സ്വത്തുവകകളിൽനിന്ന് നഷ്ടം ഈടാക്കും. പൊതുമുതൽ നാശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും പൊലീസ് തീരുമാനിച്ചു. വ്യാഴാഴ്ച സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല പൊലീസ് യോഗത്തിലാണ് തീരുമാനം. ഇതോടെ ആവേശത്തിന്റെ പേരിൽ സമരത്തിനിറങ്ങിയവർ കുരുങ്ങുകയാണ്. സംസ്ഥാനത്ത് ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് 745 പേരെ അറസ്റ്റ് ചെയ്തു. അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് നിർദ്ദേശം നൽകി. 628 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അക്രമികളെ പിടികൂടുന്നതിനായുള്ള മാർഗനിർദേശങ്ങളും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാതലത്തിൽത്തന്നെ പട്ടിക തയ്യാറാക്കും. തുലാമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയിൽ അക്രമുണ്ടായപ്പോൾ ചെയ്തതുപോലെ അക്രമികളുടെ ആൽബം തയ്യാറാക്കും. അതത് ജില്ലാ പൊലീസ് മേധാവിമാർക്ക് ഇത് കൈമാറും. തുടർന്നാകും അറസ്റ്റ്.
നിലവിൽ അറുന്നൂറോളം കേസുകളാണ് പൊലീസ് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അക്രമത്തിന്റെ പേരിൽ 745 പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുമുണ്ട്. ഇത്രയുംപേർ ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോൺഫറൻസിങ് വഴിയായിയുന്നു യോഗം നടന്നത്. പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
തിരുവനന്തപുരത്ത് നാലും കൊല്ലത്ത് ഏഴും എറണാകുളത്ത് ഒന്നും തൃശൂരിൽ രണ്ടും പാലക്കാട്ട് മൂന്നും കോഴിക്കോട്ട് 16 ഉം കണ്ണൂരിൽ ഒന്നും ഉൾപ്പെടെ 34 പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായി. ഒരു ബസും എട്ടു ജീപ്പും ഉൾപ്പെടെ എട്ടു പൊലീസ് വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. 33 കെ.എസ്.ആർ.ടി.സി ബസുകളാണ് തകർത്തത്. മാവേലിക്കര താലൂക്ക് ഓഫീസ്, ഷൊർണൂർ ബിവറേജ് ഷോപ്പ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.
കോഴിക്കോട് മിഠായിത്തെരുവിൽ തുറന്ന കടകൾക്ക് നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണമുണ്ടായി. അക്രമികളെ ലാത്തിവീശിയും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് പൊലീസ് പിരിച്ചുവിട്ടത്. പാലക്കാട് ടൗണിലും സംഘർഷാവസ്ഥയുണ്ടായിരുന്നു. തിരുവനന്തപുരത്ത് മലയിൻകീഴ്, നെടുമങ്ങാട് എന്നിവിടങ്ങളിലും തൃശൂർ വാടാനപ്പള്ളിയിലും, കണ്ണൂരിലെ തലശ്ശേരിയിലും, കാസർകോട്ടും സംഘർഷാവസ്ഥയുണ്ടായി. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ അപലപനീയമാണ്. അക്രമികളെ അറസ്റ്റ് ചെയ്ത് ക്രമസമാധാനം സംരക്ഷിക്കുന്നതിനും പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമാണ് ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയത്.