- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷത്തിൽ പ്രകൃതിയുടെ കൂളിങ് ഓഫർ; കേരളത്തിൽ കിടിലൻ തണുപ്പുമായി ജനുവരി മാജിക്ക്; കൂളായി നിന്ന് കോട്ടയം റെക്കോർഡിടുമ്പോൾ മിക്ക ജില്ലകളിലും താപനില കുറഞ്ഞത് രണ്ടു ഡിഗ്രിയിലേറെ; മൂന്നാറിൽ തണുപ്പ് അഞ്ചു ഡിഗ്രി വരെ ! തണുപ്പിന്റെ പുലരിയിങ്ങനെ
തിരുവനന്തപുരം: പുതുവർഷത്തിൽ പ്രകൃതിയുടെ കൂളിങ് ഓഫർ ലഭിച്ചിരിക്കുകയാണ് കേരളത്തിന്. സാധാരണയിലധികമുള്ള തണുപ്പുമായി ജനുവരിയിലെ പുലരികൾ സംസ്ഥാനത്തെ തഴുകി ഉണർത്തുകയാണ്. മിക്ക ജില്ലകളിലും രണ്ടു ഡിഗ്രിയിലേറെ കുറവ് താപനില രേഖപ്പെടുത്തുന്ന അവസരത്തിലും ഹൈക്കൂളിങ് റെക്കോർഡുമായി കോട്ടയം മുന്നിൽ നിൽക്കുകയാണ്. മൂന്നാറിലും തണുപ്പ് ശക്തമാണ്. രാത്രി കാലങ്ങളിൽ അഞ്ചു ഡിഗ്രിവരെയായിരുന്നു ഇവിടത്തെ താപനില. ക്രിസ്മസ് സീസൺ മുതൽ ആരംഭിച്ച സഞ്ചാരികളുടെ കുത്തൊഴുക്ക് ഇതുവരെ കുറഞ്ഞിട്ടില്ല.
വ്യാഴാഴ്ച പുലർച്ചെ കോട്ടയത്ത് രേഖപ്പെടുത്തിയ താപനില 16 ഡിഗ്രി സെൽഷ്യസാണ്. പതിവിലും ആറ് ഡിഗ്രി താഴെ. ഇത് ഏറ്റവും കുറഞ്ഞ താപനിലയിൽ കോട്ടയത്തെ റെക്കോഡിനൊപ്പമാണ്. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ രേഖകൾ പ്രകാരം മുമ്പ് മൂന്നുദിവസം കോട്ടയത്തെ താപനില ഇത്രയും കുറഞ്ഞുനിന്നിരുന്നു. 2000 ഡിസംബർ 13, 14, 2005 ഫെബ്രുവരി 14 തീയതികളിൽ.
കൊച്ചി വിമാനത്താവളത്തിലും (17.3 ഡിഗ്രി), ആലപ്പുഴയിലുമാണ് (19.1 ഡിഗ്രി) കോട്ടയം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച എല്ലാ ജില്ലകളിലും തണുപ്പ് അല്പം കുറഞ്ഞു. എന്നാൽ, അഞ്ചുദിവസത്തേക്ക് രാവിലെ നല്ല തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.ഉത്തരേന്ത്യയിൽ ഇപ്പോൾ അതിശൈത്യമാണ്. അവിടെനിന്ന് തണുത്തകാറ്റ് കേരളത്തിലെത്തുന്നതാണ് ഇവിടെയും തണുപ്പുകൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.
മറുനാടന് ഡെസ്ക്