- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിലേക്ക് 'സന്ദർശകപ്രളയം' ! ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് വെറും ഒരാഴ്ച്ചയ്ക്കിടെ ഇടുക്കി, ചെറുതോണി ഡാമുകളിൽ എത്തിയത് 17940 സഞ്ചാരികൾ; അഞ്ചര ലക്ഷത്തിലധികം രൂപ കലക്ഷനുമായി റെക്കോർഡ് വരുമാനം; മൂന്നാറിൽ നിന്നും രാത്രി യാചകരെ എത്തിച്ച് ഏജന്റുമാരുടെ കച്ചവടം
ചെറുതോണി : ഇടുക്കിയിൽ ക്രിസ്മസ് ആഘോഷിക്കാനായി സന്ദർശക പ്രളയം. പുതുവത്സരം അടക്കം തണുപ്പിന്റെ സീസൺ ആഘോഷിക്കാൻ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വെറും ഒരാഴ്ച്ചകൊണ്ട് 17940 പേർ ഇവിടം സന്ദർശിച്ചു. ഇതിൽ 2061 പേർ കുട്ടികളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അണക്കെട്ടിനു മുകളിൽ സഞ്ചാരികൾക്കായി ഒരുക്കിയ ബഗ്ഗി കാറുകളിൽ 3745 പേർ സഞ്ചരിച്ചു.
കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം വിഭാഗത്തിന് ഇടുക്കിയിൽ നിന്നുള്ള വരുമാനം ഈ സീസണിൽ 5,60,000 രൂപ കവിഞ്ഞുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇടുക്കി തടാകത്തിൽ ഹൈഡൽ ടൂറിസം വകുപ്പിന്റെ സ്പീഡ് ബോട്ടിങ് സർവീസ് ഇല്ലാത്തത് ഇവിടെയെത്തുന്ന സന്ദർശകരെ ഏറെ നിരാശപ്പെടുത്തുന്നുണ്ട്. വൈദ്യുതി വകുപ്പ് അനുമതി നൽകിയെങ്കിലും വനംവകുപ്പ് തടസ്സം ഉന്നയിച്ചതാണ് ബോട്ടിങ് ആരംഭിക്കാത്തതിനു കാരണം.
ഓണം, ക്രിസ്മസ് പുതുവത്സര സീസണുകളിൽ ഒരു മാസക്കാലം മാത്രമാണ് അണക്കെട്ടുകളിൽ തുടർച്ചയായി സന്ദർശന അനുമതി നൽകുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളുമടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് അണക്കെട്ട് കാണാൻ എത്തുന്നത്. മുൻപ് തടാകത്തിൽ സ്പീഡ് ബോട്ടിങ്ങിനും അനുമതി നൽകിയിരുന്നു. അണക്കെട്ട് അടുത്തമാസം 20 ന് അടക്കും. തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും പ്രവേശനം.
ഗതാഗതക്കുരുക്കിന് പുറമേ യാചകരും
ഒരാഴ്ചയായി തുടരുന്ന മൂന്നാറിലെ വിനോദസഞ്ചാരികളുടെ തിരക്ക് ഞായറാഴ്ചയും ഗതാഗതക്കുരുക്കിന് കാരണമായി. ഗതാഗത കുരുക്കിൽപ്പെട്ട് യഥാസമയം ചികിത്സ കിട്ടാതെ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം മരിക്കാനിടയായ രാജമല അഞ്ചാംമൈലിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു എങ്കിലും ഗതാഗതക്കുരുക്കിനു കുറവുണ്ടായില്ല.
വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, കെഎഫ്ഡിസി ഉദ്യാനം, ഫോട്ടോ പോയിന്റ് എന്നിവിടങ്ങളിലെല്ലാം വാഹനത്തിരക്കായിരുന്നു. ഒരിടത്തും മതിയായ പാർക്കിങ് സൗകര്യങ്ങളില്ല. ട്രാഫിക് പൊലീസിന്റെ എണ്ണക്കുറവും ഗതാഗത നിയന്ത്രണത്തെ ബാധിക്കുന്നു. ഇതിനിടെ മൂന്നാർ ടൗണിൽ യാചകരുടെ ശല്യവും ഏറി. തമിഴ്നാട്ടിൽ നിന്നു രാത്രി എജന്റുമാരാണു യാചകരെ എത്തിക്കുന്നത്. ചർച്ചിൽ പാലത്തിൽ നിരന്നിരുന്ന യാചക സംഘത്തെ പൊലീസ് മാറ്റി.