തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറിയെന്ന വാർത്ത പുറത്ത് വന്ന ശേഷം വിവാദപുകയും ഉയരുകയാണ്. കഴിഞ്ഞ കുറേ മണിക്കൂറുകളായി ഇതിന്റെ പേരിൽ പലയിടത്തും സംഘർഷം നടക്കുന്നുണ്ടെന്ന കാര്യവും നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുൻപും യുവതീപ്രവേശനം നടന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് മുൻ അംഗത്തിന്റെ മകൾ വെളിപ്പെടുത്തിരുന്നു എന്ന വാർത്തയും പുറത്ത് വരുന്നത്. തന്ത്രി കണ്ഠര് മഹേശ്വരരുടെ സമ്മതത്തോടെ 1996 ൽ സഹോദരന്റെ ചോറൂണിനായി മുപ്പത്തിനാലുകാരിയായ അമ്മ ശബരിമലയിൽ എത്തിയെന്നാണ് പി.കെ. ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദിന്റെ വെളിപ്പെടുത്തൽ.

അന്ന് തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരരാണ് ചോറുണ് കർമ്മത്തിനടക്കം എല്ലാ സഹായവും നൽകിയെന്നാണ് ഉഷ വിനോദ് വ്യക്തമാക്കിയത്. മാത്രമല്ല പരിഹാരക്രിയകൾ ഒന്നും ചെയ്തതായി അറിയില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. നേരത്തെ തന്ത്രി കണ്ഠര് രാജീവരുടെ സമ്മതത്തോടെ ശബരിമല ദർശിച്ചെന്ന അവകാശവാദവുമായി എഴുത്തുകാരി ലക്ഷ്മി രാജീവും രംഗത്തെത്തിയിരുന്നു.

ഇന്ന് പുലർച്ചെ അതീവ രഹസ്യമായാണ് കോഴിക്കോട്-മലപ്പുറം സ്വദേശികളായ രണ്ടുപേർ പൊലീസ് സുരക്ഷയിൽ ശബരിമലയിലെത്തിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി തന്നെ യുവതി പ്രവേശം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആചാരലംഘനം ഉണ്ടായതായി വ്യക്തമാക്കി തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തുകയായിരുന്നു. പ്രതിഷേധം ഉയർന്നതോടെ പ്രായം നോക്കി സ്ത്രീകളെ തടയേണ്ടത് പൊലീസിന്റെ ജോലിയല്ലെന്നും സുരക്ഷ ഒരുക്കലാണെന്നും ഡജജപി ലോ്കനാഥ് ബെഹ്റ വിശദീകരിച്ചിരുന്നു.